നടനും തിരക്കഥാകൃത്തും സംവിധായകനുമായ മധുപാല്‍ എഴുതിയ കഥകളുടെ സമാഹാരമാണ് അവന്‍ മാര്‍ജാരപുത്രന്‍. അയല്‍പ്പക്കങ്ങള്‍ വേവുന്ന മണം, ബാലഗംഗാധരതിലകന്‍ ഒരു നല്ല പേരല്ല, താഴ് വരയില്‍നിന്നും മലയിലേക്ക് കയറുന്നവര്‍, അവന്‍ (മാര്‍)ജാരപുത്രന്‍, അവള്‍ക്ക് കഥപറയാനറിയാം, ചുവപ്പ് ഒരു നീല നിറമാണ്. മരണക്കളി, ആകാശച്ചുവരിലെ അരൂപികള്‍, ടുവകള്‍ അലറുമ്പോള്‍ കാട് വളരുന്നു, പ്രണയകഥ, രണ്ടറ്റം എന്നീ പതിനൊന്നുകഥകളാണ് ഈ സമാഹാരത്തിലുള്ളത്.
മറ്റുള്ളവര്‍ നടന്നുതീര്‍ത്ത , പരിചിതമായ വെട്ടുവഴികളിലൂടെയല്ല മധുപാലിലെ കഥാകൃത്ത് സഞ്ചരിക്കുന്നത് എന്ന് ഈ കഥകളില്‍ വ്യക്തമാണ്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ വ്യത്യസ്തവായനാനുഭവമാണ് ലഭിക്കുന്നതെങ്കിലും എല്ലാ കഥകളിലും മനുഷ്യസഹജമായ മരണഭയം ഒളിഞ്ഞിരിക്കുന്നതായതോന്നാം. ജീവിതത്തെക്കാള്‍ വലിയൊരു സത്യമായി മരണം വേട്ടയാടുന്നു. മരണക്കളി എന്ന കഥ ഒരേസമയം ജീവിതാഭിമുഖ്യവും ജീവിതത്തിന്റെ നിസ്സഹായതകളും മരണമെന്ന സത്യവും വായനക്കാരനെ അനുഭവിപ്പിക്കുന്നു. മാത്രമല്ല ഭാവസാന്ദ്രവും സ്വപ്‌നസന്നിഭവുമായ കഥകളാണ് അവന്‍ (മാര്‍)ജാരപുത്രന്‍.
മനുഷ്യന്റെ വൈചിത്രിയങ്ങളിലേക്കും അനേകം അടരുകളായി ചിതറിക്കിടക്കുന്ന ജീവിതാവസ്ഥകളിലേക്കും ശ്രദ്ധക്ഷണിക്കുന്ന മധുപാലിന്റെ അവന്‍ (മാര്‍)ജാരപുത്രന്‍ അവതാരിക എഴിതിയിരിക്കുന്നത് സാഹിത്യകാരി അഷിതയാണ്.