1991 ഡിസംബര്‍ 15-ന് സിറാജുന്നിസ എന്ന 11 വയസ്സുകാരി, പാലക്കാട് പുതുപ്പള്ളി തെരുവില്‍വച്ച് വെടിയേറ്റ് കൊല്ലപ്പെടുമ്പോള്‍ ഞാന്‍ താമസിച്ചിരുന്നത് പാലക്കാടിനടുത്തുള്ള റയില്‍വെ കോളനിയിലായിരുന്നു. വലിയ വേദനയുണ്ടാക്കിയൊരു സംഭവമായിരുന്നു അത്. ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച യാത്രകളുടെ തുടക്കത്തിലായിരുന്നു ഈ സംഭവം. പാലക്കാട് പട്ടണത്തിലൂടെയുള്ളൊരു യാത്രയും അതിനെത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലുണ്ടായ വെടിവയ്പാണ് സിറാജുന്നിസയുടെ മരണത്തില്‍ കലാശിച്ചത്. അതിലെന്നെ ഏറെ വേദനിപ്പിച്ച കാര്യം വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരിയാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത് എന്നതാണ്. അതിനെക്കുറിച്ച് നടന്ന അന്വേഷണങ്ങളിലൊന്നും ആ സംഭവത്തെപ്പറ്റിയുള്ള കൃത്യമായ ഉത്തരങ്ങള്‍ പുറത്തുവന്നില്ല. അന്നുമുതല്‍ വേദനിക്കുന്ന ഓര്‍മ്മയായി ആ 11 വയസ്സുകാരിയുടെ മുഖം എന്റെ മനസ്സിലുണ്ട് – പറയുന്നത് മലയാളത്തിലെ പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി ഡി രാമകൃഷ്ണനാണ്. തന്റെ ഓര്‍മ്മകളെ നൊമ്പരപ്പെടുത്തുന്ന സിറജുന്നിസയെ കേന്ദ്രകഥാപതാത്രമായി അവതരിപ്പിച്ചുകൊണ്ട് അവളുടെ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന കഥ എഴുതാനുള്ള സാഹചര്യമാണ് അദ്ദേഹം അനുവാചകരോട് പറയുന്നത്.
അതെ.., ഇടക്കിടെ കഥാകൃത്തിന്റെ ഓര്‍മ്മകളിലേക്ക് കടന്നുവന്ന സിറജുന്നിസ പറഞ്ഞ കഥയും, സമകാലിക ഇന്ത്യന്‍ അനസ്ഥയുടെ ഏറെ ഭയപ്പെടുത്തുന്നതും വേദനിപ്പിക്കുകയും ചെയ്യുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വിശുന്ന 6 കഥകളുടെയും സമാഹാരമാണ് സിറജുന്നിസ എന്ന പേരില്‍ അദ്ദേഹം പുസ്തകമാക്കിയത്. സിറാജുന്നിസ, വെറുപ്പിന്റെ വ്യാപാരികള്‍, ബലികുടീരങ്ങളെ, വിശ്വാസം അതല്ലേ എല്ലാം, സൂര്യനഗര്‍, കെണി, സ്വപ്‌നമഹല്‍ എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
സിറജുന്നിസ എന്ന കഥ എഴുതപ്പെടുന്നത് പുതിയ കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുടെ അങ്കലാപ്പില്‍നിന്നാണ്. 1991-ല്‍ കൊല്ലപ്പെട്ടില്ലായിരുന്നു എങ്കില്‍ ആ മുസ്ലിം പെണ്‍കുട്ടിയുടെ ജീവിതം ഇന്ത്യാമഹാരാജ്യത്തില്‍ എങ്ങിനെയായിരിക്കും എന്ന ചിന്തയുടെ മൂന്നു സാധ്യതകളാണ്. മാത്രമല്ല സിറാജുന്നിസ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ 36 വയസ്സുണ്ടാകുമായിരുന്നു. സാംസ്‌കാരികമായും രാഷ്ട്രീയമായും ഇടപെടാന്‍ ശ്രമിക്കുന്ന ആ മുസ്ലിം യുവതിക്ക് തന്റെ ജീവിതത്തില്‍ നേരിടേണ്ടിവരുന്നത് വലിയവെല്ലുവിളികളായിരിക്കും. സിറജുന്നിസയുടെ ജീവിതത്തിലെ ആ മൂന്നു സാധ്യതകളും ഒരുപോലെ നമ്മെ ഭയപ്പെടുത്തുന്നതാണ്. സമകാലിക ഇന്ത്യന്‍ അവസ്ഥയുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില യാഥാര്‍ത്ഥ്യങ്ങളോട് പ്രതികരിക്കാനുള്ള ശ്രമമാണ് ഈ കഥ.
എന്നാല്‍ തീവൃഹിന്ദുത്വ കാഴ്ച്ചപ്പടിന്റെ നേരെ ഓങ്ങുന്ന പടവാളാണ്, രണ്ടാമത്തെ കഥയായ വെറുപ്പിന്റെ വ്യാപാരികള്‍.വിശ്വാസം അതല്ലേ എല്ലാം എന്ന കഥയില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസ പ്രമാണങ്ങളെ തച്ചുടക്കുകയാണോ തലോടുകയാണോ എന്ന സംശയംനിലനിര്‍ത്തുന്നു. സൂര്യനഗര്‍ എന്ന കഥയാകട്ടെ എത്തിസ്റ്റ് ആദര്‍ശങ്ങളില്‍ തുടങ്ങി, തീവൃമതവിശ്വാസികളുമായുള്ള എത്തീസ്റ്റുകളുടെ കലഹത്തില്‍ കഥ അവസാനിപ്പിക്കുന്നു. ഇങ്ങനെ വ്യത്യസ്തവും കാലികപ്രസക്തിയുള്ളതുമായ വിഷയങ്ങളെ രസകരവും തീക്ഷണവുമായി അവതരിപ്പിച്ചിരിക്കുകയാണ് ടി ഡി രാമകൃഷ്ണന്‍.
2016 നവംബറില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ സിറജുന്നിസ പുസ്തകവിണിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത കഥാപുസ്തകമാണ്. ഇറങ്ങി രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പും പുസ്തകവിപണിയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍.