കേന്ദ്ര സാഹിത്യ അക്കാദമിയുടെയും തുഞ്ചന്‍സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന നാലുദിവസത്തെ തുഞ്ചന്‍ ഉത്സവത്തിന് ശനിയാഴ്ച തിരൂര്‍ തുഞ്ചന്‍പറമ്പമ്പില്‍ തുടക്കമായി. തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവും എം.ടി.വാസുദേവന്‍ നായരും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു ജനതയുടെ നിലനില്‍പ്പ് അവരുടെ ഭാഷയിലൂടെയാണെന്ന് തമിഴ് കവി വൈരമുത്തു പറഞ്ഞു. തുഞ്ചന്‍ കൃതികളുടെ പാരായണത്തോടെയാണ് അരങ്ങുണര്‍ന്നത്.
ഉദ്ഘാടനസമ്മേളനത്തില്‍ തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ നഗരസഭ അധ്യക്ഷന്‍ എസ്. ഗിരീഷ് സംസാരിച്ചു. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സ്വാഗതവും വി. അപ്പു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പുസ്തകോത്സവം കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈരമുത്തുവിന്റെ ചെറുകഥകളടങ്ങിയ മലയാള പതിപ്പ് എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു. കെ.പി. മോഹനന്‍ ഏറ്റുവാങ്ങി.
ആകാശവാണി ഒരുക്കിയ കവി സമ്മേളനത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ ആമുഖ പ്രഭാഷണം നടത്തി. വി. മധുസൂദനന്‍ നായര്‍, പി.പി. ശ്രീധരനുണ്ണി, പി.കെ. ഗോപി, മണമ്പൂര്‍ രാജന്‍ബാബു, ആലങ്കോട് ലീലാകൃഷ്ണന്‍, വി.എം. ഗിരിജ, റഫീഖ് അഹമ്മദ്, പി.പി. രാമചന്ദ്രന്‍, ജെ. പ്രമീളാദേവി എന്നിവര്‍ കവിതകളവതരിപ്പിച്ചു.
സരസ്വതി മണ്ഡപത്തില്‍ നടന്ന കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ദ്രുത കവിതാരചന മത്സരത്തില്‍ 27 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സാഹിത്യ ക്വിസ് മത്സരത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജിലെ ഫാത്തിമത്ത് റസ്ല, ഷമീന ഷറിന്‍ ടീം ഒന്നാം സ്ഥാനവും മലയാള സര്‍വകലാശാലയിലെ ആന്‍സി സി. ദാസ്, ആന്‍േറാ സാബിന്‍ ജോസഫ് ടീം രണ്ടാം സ്ഥാനവും നേടി. കെ. ശ്രീകുമാര്‍ മത്സരം നിയന്ത്രിച്ചു. കവി സമ്മേളനം, തുഞ്ചന്‍ കലോത്സവം, കര്‍ണ്ണാടക സംഗീതക്കച്ചേരി, സെമിനാറുകള്‍ തുടങ്ങിയ പരിപാടികള്‍ നാല് ദിനംനീളുന്ന തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായി നടക്കും.