ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജീവിതാവസാനം വരെ പോരാടന്‍ സാഹിത്യകാരന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സി. രാധാകൃഷ്ണന്‍. സംസാരവും പ്രവൃത്തിയും ഒരേ തരത്തിലും രീതിയിലും താളത്തിലുമാകണമെന്ന് നിഷ്‌കര്‍ഷിച്ചാല്‍ മരിക്കുന്നതിന് തുല്യമാണ്. രണ്ട് സംസ്‌കൃതികള്‍ ഒന്നിച്ച് ചേരുമ്പോഴാണ് പുതിയ സംസ്‌കൃതി രൂപപ്പെടുക. ആന്തരിക ഭിന്നതകള്‍ മറന്ന് ഒരു ഏകകായം രൂപപ്പെടുമ്പോഴാണ് നവോത്ഥാനം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുഞ്ചന്‍ ഉത്സവത്തില്‍ ‘ഭാരതീയ സാഹിത്യത്തിലെ ബഹുസ്വര സംസ്‌കൃതി’ ദേശീയ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാംകുമാര്‍ മുഖോപാധ്യായ (ബംഗാളി) സൂര്യപ്രസാദ് ദീക്ഷിത് (ഹിന്ദി) ഗൗരഹരി ദാസ് (ഒറിയ) എന്നിവര്‍ ആദ്യ സെഷനില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രണ്ടാം സെഷനില്‍ കൃഷ്ണസ്വാമി നാച്ചിമുത്തു (തമിഴ്) രാമചന്ദ്രമൗലി (തെലുങ്ക്) നരഹള്ളി ബാലസുബ്രഹ്മണ്യ (കന്നട) സുനില്‍ പി. ഇളയിടം (മലയാളം) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ.പി. രാമനുണ്ണി സ്വാഗതം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കലോത്സവത്തില്‍ കണ്ണന്‍ കഴല്‍ നൃത്തം അരങ്ങേറി.