ലോകത്തിലിന്നോളം എഴുതപ്പെട്ട വാക്കുകളുടെ പകുതിയോളവും സ്‌നേഹത്തക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ ആണ്. ഇതിഹാസങ്ങളിലടക്കം കവികളും കലാകാരന്‍മാരും ഈ വികാരത്തെ പല രീതികളില്‍ വര്‍ണ്ണിച്ചു. ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ വേടന്‍ അമ്പെയ്തു വീഴ്ത്തിയപ്പോള്‍ ഇണപ്പക്ഷിയ്ക്കുണ്ടായ വേദനയാണല്ലോ ആദികാവ്യത്തിന്റെ പിറവിക്കു കാരണം. ബൈബിളിലെ പഴയ നിയമത്തില്‍ പറയുന്ന ദാവീദ് രാജാവിന്റെ കഥയില്‍ പ്രണയസാക്ഷാത്ക്കാരത്തിനായി എത്രയോ നിഗൂഢമായ വഴികളിലൂടെ അദ്ദേഹത്തിന്റെ മനസ്സ് സഞ്ചരിക്കുന്നു.
നാം ഓരോരുത്തരുടെയും ജീവിതം പ്രണയത്തിനു പുഷ്പിക്കാനുള്ള അവസരം മാത്രമാണ്. ജീവിച്ചിരിക്കുവോളം നമുക്ക് ആ അവസരമുണ്ട്. അന്ത്യശ്വാസം വരെ. പ്രണയത്തിന്റെ ഏകമാത്ര, പ്രണയത്തിന്റെ സമ്പൂര്‍ണ്ണത നിത്യതയ്ക്കു തുല്യമാണ് എന്നോര്‍മ്മിപ്പിക്കുന്ന മലയാളത്തിനു പ്രിയപ്പെട്ടവരുടെ പ്രണയാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് എന്റെ പ്രണയം: അനുരാഗത്തിന്റെ ദിനങ്ങള്‍.
പെരുമ്പടവം ശ്രീധരന്‍, ബാലചന്ദ്രമേനോന്‍, ഡി.ബാബുപോള്‍, സത്യന്‍ അന്തിക്കാട്, മുകേഷ്, മണിയന്‍ പിള്ള രാജു, വി ആര്‍ സുധീഷ്, അക്ബര്‍ കക്കട്ടില്‍, വി. ആര്‍ സുധീഷ്, ഇന്ദു മേനോന്‍, ശരത്ത്, ജീത്തു ജോസഫ്, ഭാഗ്യലക്ഷ്മി, സെബാസ്റ്റ്യന്‍, വി. ടി മുരളി, ബി. മുരളി തുടങ്ങി 23 പ്രമുഖര്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത തങ്ങളുടെ പ്രണയാനുഭവങ്ങള്‍ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു. അവരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത ഈ പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.
ഡി സി ബുക്‌സ് ലിറ്റ്മസ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന എന്റെ പ്രണയം: അനുരാഗത്തിന്റെ ദിനങ്ങള്‍ എഡിറ്റ് ചെയ്തിരിക്കുന്നത് സഞ്ജീവ് എസ് പിള്ളയാണ്. 2014ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ പുറ്ത്തുള്ളത്.