കുട്ടികൾക്ക് കഥകളോടുള്ള ഇഷ്ടം പറഞ്ഞാൽ തീരില്ല. എത്ര കഥകൾ കേട്ടാലും കുട്ടികൾക്ക് മതിയാവുകയുമില്ല. ‘എന്നിട്ടോ ‘ എന്ന ചോദ്യം ഇപ്പോഴും കുഞ്ഞുങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. നിഷ്‌കളങ്ക ഹൃദയത്തിനുടമകളായ കുട്ടികള്‍ കേള്‍ക്കുന്ന കാര്യങ്ങളെല്ലാം യാഥാര്‍ഥ്യങ്ങളെന്ന നിലയില്‍ വിശ്വസിക്കും. കുഞ്ഞുങ്ങൾക്ക് കഥകൾ പറഞ്ഞു കൊടുക്കുക വഴി അവരുടെ വ്യക്തിത്വവും ധര്‍മ്മബോധവും രൂപപ്പെടുന്നതിന് കഴിയും. അത്തരത്തിൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ പാകത്തിലുള്ള ഒരു കുട്ടിക്കഥയാണ് ഗഫൂർ അറയ്ക്കൽ രചിച്ച നക്ഷത്രജന്മം എന്ന കുട്ടിക്കഥ.
ആറാം ക്ലാസിലെത്തിയിട്ടും മാളുവിന് കഥ കേൾക്കണം. ‘ഒരു കഥ പറഞ്ഞു താ’…. എന്നു പറഞ്ഞു മാളു ചിണുങ്ങാൻ തുടങ്ങിയതോടെ പിണങ്ങാതിരിക്കാൻ അവളുടെ മുടി തലോടിക്കൊണ്ട് കഥകളെ കുറിച്ച് ഞാൻ ആലോചിച്ചു. മുയലിന്റെ കഥ വേണ്ട , കുറുക്കന്റെ കഥയോ ? അവൾ ഒന്ന് മൂളി , കഥ കേൾക്കാൻ തയ്യാറായി കണ്ണടച്ചു. എനിക്ക് ഒരു കുറുക്കന്റെയും കഥ വരുന്നില്ല. നീലത്തിൽ മുങ്ങിയ കുറുക്കന്റെ കഥ പറയാമെന്നു വച്ചാൽ അവളെന്റെ നെഞ്ചത്ത് ഇടിക്കും. ഒരു ദീർഘനിശ്വാസം വിട്ട് ജനൽപാളിയിലൂടെ ഞാൻ ആകാശത്തേക്ക് നോക്കിയപ്പോൾ ഏതോ ഒരു നക്ഷത്രം ഒന്ന് മുഖം തുടുപ്പിച്ചു. നക്ഷത്രകുമാരിയുടെ കഥ പറയാം. അവൾക്കു സന്തോഷമായി.
ഒരിക്കൽ ഒരു പുലർച്ചെ നേരത്ത് അമ്പിളിമാമന്റെ മടിയിൽ കളിച്ചുകൊണ്ടിരിക്കെ ഒരു നക്ഷത്രക്കുഞ്ഞ് ഭൂമിയിലേക്ക് പതിച്ചു. ഭൂമിയിലേക്ക് വീഴുകയാണെന്ന് മനസിലാക്കാതെ അവൾ വായുവിൽ കൈകാലുകൾ വീശി നന്നായി നൃത്തം ചെയ്തു ഗ്രാമത്തിലെ പുഴയിൽ മീൻ പിടിക്കുന്ന ഗ്രാമീണർ ഏതോ വാൽനക്ഷത്രം മിന്നി മായുകയാണെന്നു കരുതി കൗതുകത്തോടെ നോക്കി നിന്നു. അവൾ ഒരു വലിയ പർവ്വതത്തിന്റെ മറുവശത്തെ കാട്ടിലേക്ക് തീപ്പൊരി ചിതറി കുത്തനെ പതിച്ചു.അവിടെയായിരുന്നു കഠോരനും ജീവിച്ചിരുന്നത്”. കഥകളുടെ ഭാവനാത്മകമായ ലോകത്തേക്ക് കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യുകയാണ് ഡി സി ബുക്സ് മാമ്പഴം.
സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ഗഫൂർ അറയ്ക്കൽ കോഴിക്കോട് സ്വദേശിയാണ്. നിദ്ര നഷ്ടപ്പെട്ട സൂര്യൻ , അമീബ ഇര പിടിക്കുന്നതെങ്ങിനെ എന്നീ കവിത സമാഹാരങ്ങളും ഷഹറസാദ പറഞ്ഞ നർമ്മ കഥകൾ ( പുനരാഖ്യാനം ) ഒരു ഭൂതത്തിന്റെ ഭാവിജീവിതം , അരപ്പിരി ലൂസായ കാറ്റാടിയന്ത്രം , എന്നീ നോവലുകളും ഗഫൂർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നക്ഷത്രജന്മത്തിൽ കഥയോടൊപ്പം കുട്ടികൾക്കിഷ്ടപ്പെടുന്ന നക്ഷത്ര കുമാരിയുടെ ചിത്രങ്ങളുമുണ്ട്. വളരെ രസകരമായ കഥയിലെ കുസൃതി നിറഞ്ഞ ചിത്രങ്ങൾ വരച്ചത് എസ്. രമാദേവിയാണ്. പുസ്തകം ഇപ്പോൾ ഡി സി ബുക്സിൽ ലഭ്യമാണ്.