തളിപ്പറമ്പ് ശിവക്ഷേത്രത്തില്‍ ഭദ്രകാളീചൈതന്യം അതിശക്തമായിരുന്നു ഒരു കാലത്ത്. ഉഗ്രമൂര്‍ത്തിയായ ഭഗവതിയുടെ തീക്ഷ്ണത അനുദിനം വര്‍ദ്ധിക്കാന്‍ തുടങ്ങി. ശാന്തിക്കാരുള്‍പ്പെടെ പലരെയും ഭഗവതി പിടിച്ചു ഭക്ഷിക്കുകയും ചെയ്തു. ഭഗവതിയുടെ ശക്തികുറയ്ക്കാന്‍ ആര്‍ക്കും സാധിച്ചില്ല. വിവരമറിഞ്ഞ് പരശു
രാമന്‍ അവിടെയെത്തി. അദ്ദേഹം ശക്തമായ മന്ത്രങ്ങളുച്ചരിച്ച് ഭഗവതിയെ ഒരു ശംഖിലാവാഹിച്ചു. എന്നിട്ട് പടിഞ്ഞാറേ വാതിലിലൂടെ ആ ശംഖ് ദൂരേക്കു വലിച്ചെറിഞ്ഞു. ആ വാതില്‍ പിടിച്ചടയ്ക്കുകയും ചെയ്തു. അന്നടച്ച വാതില്‍ പിന്നീടിതുവരെ തുറന്നിട്ടില്ല.
പരശുരാമന്‍ വലിച്ചെറിഞ്ഞ ശംഖ് വന്നുവീണത് മാടായിക്കാവിനു മുമ്പിലെ ആല്‍ച്ചുവട്ടിലാണത്രേ. അവിടമാണ് മൂലസ്ഥാനമായി കരുതുന്നത്. ദേവീസാന്നിധ്യമറിഞ്ഞ് അവിടെ ഭഗവതിയെ പൂജിക്കാന്‍ തുടങ്ങി. പിന്നീട് പുതിയൊരു ശ്രീകോവില്‍ നിര്‍മ്മിച്ചശേഷം ഭഗവതിയെ മൂലസ്ഥാനത്തുനിന്ന് ആവാഹിച്ചുകൊണ്ടുപോയി അവിടെ പ്രതിഷ്ഠിച്ചു. മാടായിക്കാവിലെ ശിവക്ഷേത്രത്തില്‍ ഭഗവതിസാന്നിധ്യമുണ്ടായത് ഇങ്ങനെയെന്നാണ് ഐതീഹ്യം
വി എസ് നായർ രചിച്ച ‘കേരളത്തിലെ മഹാക്ഷേത്രങ്ങളും ഐതീഹ്യങ്ങളും’എന്ന പുസ്തകത്തിൽ കേരളത്തിലെ പ്രശസ്തമായ നൂറ്റിയൊന്ന് അമ്പലങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളെ കുറിച്ചും അവയുടെ ഐതീഹ്യങ്ങളെ കുറിച്ചും വിശ്വാസികൾ അറിയാനാഗ്രഹിക്കുന്ന ഒട്ടേറെ വിവരങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ പ്രത്യേകതകളാണുള്ളത്. വിശേഷ ദിവസങ്ങളും , ആരാധനാ രീതികളും , വഴിപാടുകളും , പൂജകളും , നിവേദ്യങ്ങളും എല്ലാം ഓരോ ക്ഷേത്രങ്ങൾക്കും വ്യത്യസ്തമായിരിക്കും. ഐതീഹ്യം കൊണ്ടും ആചാരം കൊണ്ടും തിളങ്ങി നിൽക്കുന്ന കണ്ണൂരിലെ പ്രശസ്തമായ മാടായിക്കാവിൽ ഇപ്പോൾ പൂരം ഉത്സവമാണ്.
മീനമാസത്തിലാണ് മാടായിക്കാവിലെ പ്രശസ്തമായ പൂരം ഉത്സവവും പൂരം കുളിയും. ഭക്തജനലക്ഷങ്ങളുടെ സാന്നിധ്യത്തിൽ വടുകുന്ദ് ശിവക്ഷേത്രത്തിലെ കൊടും വേനലിലും നിറഞ്ഞു നിൽക്കുന്ന പ്രകൃതിയുടെ അത്ഭുത പ്രതിഭാസമായ തെളിനീർ തടാകത്തിലെ പൂരക്കുളിയോടെ മാടായിക്കാവ് ഉത്സവത്തിനു സമാപനമാകും.
മാടായി ശ്രീതിരുവര്‍ക്കാട് കാവ് ഭഗവതിക്ഷേത്ര ചരിത്രം
മൂവായിരത്തിലധികം പഴക്കമുള്ള ക്ഷേത്രമാണ് കണ്ണൂരിലെ മാടായി ശ്രീതിരുവര്‍ക്കാട് കാവ് ഭഗവതിക്ഷേത്രം. കല്ലും പാറയും കാടും കുന്നും മലയുമൊക്കെയുള്ള തനി നാട്ടിന്‍പുറം. റോഡില്‍നിന്ന് അകത്തേക്കു മാറി നീളത്തിലുള്ള നടപ്പന്തൽ അവസാനിക്കുന്നത് ക്ഷേത്ര നടയിലാണ്. ഉത്തരകേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തവും അതി പുരാതനവുമായ മാടായിക്കാവ് കേരളത്തിൽ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ ഭഗവതി ക്ഷേത്രമാണ്.
കണ്ണൂരില്‍നിന്ന് ഇരുപത് കിലോമീറ്ററിലേറെ വടക്കു പടിഞ്ഞാറായി പഴയങ്ങാടിപ്പുഴയുടെ വടക്കുഭാഗത്തായാണ് മാടായി ശ്രീതിരുവര്‍ക്കാട് കാവ് ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത്. പയ്യന്നൂര്‍ ബ്ലോക്കിലുള്ള ഒരു പഞ്ചായത്തിലാണ് ഈ ക്ഷേത്രം. ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വേണ്ടത്ര വിവരങ്ങൾ ശേഖരിച്ചശേഷം എന്റെ അടുത്ത യാത്ര മാടായിക്കാവിലേക്കായിരുന്നു. സന്ധ്യടോടടുത്ത സമയത്താണ് ഒരു ഓട്ടോറിക്ഷയില്‍ക്കയറി മാടായിക്കാവിനു തെക്കുവശത്തെത്തിയത്. ഓട്ടോക്കാരന്‍ കാട്ടിത്തന്ന ഇടുങ്ങിയ വഴിയിലൂടെ വളവും തിരിവും കയറ്റവും ഇറക്കവുമെല്ലാം പിന്നിട്ട് ഒടുവില്‍ ഏതാണ്ട് നിരപ്പായ ഭൂപ്രദേശത്തെത്തി. അവിടെയുമുണ്ട് മണ്ണില്‍നിന്നു വളര്‍ന്നു തള്ളിനില്‍ക്കുന്ന കല്ലുകള്‍.
ക്ഷേത്രമുറ്റത്തുനിന്ന് ഞാന്‍ ആ മഹാക്ഷേത്രമാകെയൊന്നു വീക്ഷിച്ചു. രണ്ടു നിലകളായി പുരാതനശൈലിയില്‍ നിര്‍മ്മിച്ച വലിയമ്പലത്തിനോടു ചേര്‍ന്ന് പുറത്തേക്കു തള്ളിനില്‍ക്കുന്ന ബലിക്കല്‍പ്പുര. ബലിക്കല്‍പ്പുരയുടെ മൂന്നുവശവും തുറന്നുകിടക്കുംവിധം നിര്‍മ്മിച്ചതാണ്. മൂന്നു വശത്തുമുള്ള തൂണുകള്‍ മേല്‍പ്പുരയ്ക്ക് താങ്ങായി നില്‍ക്കുന്നു. വലിപ്പമേറിയ ബലിക്കല്ലാണിവിടെയുള്ളത്. ആറടിയോളം ഉയരം ഇതിനുണ്ടാവും. വെട്ടുകല്ലിലാണ് ഈ ബലിക്കല്ല് നിര്‍മ്മിച്ചത്.
കിഴക്കു ദര്‍ശനമായാണ് ക്ഷേത്രം. മണ്ഡപം നാല് വലിയ ഉരുണ്ട തൂണുകളില്‍ നിര്‍മ്മിച്ചതാണ്. മണ്ഡപത്തിനു മുമ്പിലുള്ള ശ്രീകോവിലില്‍ ശിവലിംഗ പ്രതിഷ്ഠയാണുള്ളത്. മാടായിക്കാവില്‍ ആദ്യം പ്രതിഷ്ഠിക്കപ്പെട്ട മൂര്‍ത്തി ശിവനാണ്. ത്രിനേത്രചന്ദ്രക്കലാധാരിയായ ഭഗവാന്‍ വിളങ്ങിനിന്നിടത്തേക്ക് പിന്നീടു വന്നെത്തിയതാണ് ഭദ്രകാളി. രണ്ടു നിലകളായുള്ള ശ്രീകോവില്‍ ഓടുമേഞ്ഞതാണ്. സോപാനപ്പടികളും വെട്ടുകല്ലിനാല്‍ നിര്‍മ്മിതമാണ് ഇതില്‍ കുമ്മായം പൂശിയിട്ടില്ല.
ഇവിടെ ദര്‍ശനത്തിനും പ്രദക്ഷിണത്തിനും ചില ക്രമീകരണങ്ങളുണ്ട്. ആദ്യം ക്ഷേത്രനാഥനായ ശിവനെ ദര്‍ശിച്ചു വണങ്ങണം. പിന്നീട് ഇടതുവശത്തുകൂടി നാലമ്പലത്തില്‍ വടക്കുപടിഞ്ഞാറുള്ള ശാസ്താവിനെ തൊഴണം. ശിവന് പൂര്‍ണപ്രദക്ഷിണം പാടില്ലാത്തതിനാല്‍ പ്രാണാളയ്ക്കടുത്തുവരെ വന്ന് ശിവനെ തൊഴുതിട്ട് തിരികെ പ്രദക്ഷിണമായി വന്ന് ക്ഷേത്ര പാലകനെ വണങ്ങണം. എന്നിട്ട് പ്രാണാളയ്ക്കടുത്തെത്തുമ്പോള്‍ ഒരു പ്രദക്ഷിണം പൂര്‍ത്തിയാവും. വീണ്ടും തിരുമുമ്പിലെത്തി ഭഗവാനെ തൊഴുതുവണങ്ങണം. അതിനുശേഷമാണ് തെക്കുവശത്തേക്കു ചെന്ന്മാടായിക്കാവ് ഭഗവതിയെ ദര്‍ശിച്ചുവണങ്ങല്‍. മണ്ഡപത്തിനു തെക്കുവശത്ത് പടിഞ്ഞാറഭിമുഖമായാണ് ഭദ്രകാളിപ്രതിഷ്ഠ. രണ്ടറയുള്ള ശ്രീകോവിലില്‍ ഭഗവതിയുടെ വലിയ വിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വിഗ്രഹത്തിന് ആറടിയോളം ഉയരമുണ്ടാവും. രൗദ്രഭാവമാണ് ദേവിക്ക്. അഷ്ടഭുജങ്ങളില്‍ ഖഡ്ഗം, ത്രിശൂലം, കപാലം, വജ്രം, ദണ്ഡ്,പാശം, അങ്കുശം, ശക്തിവേല്‍ എന്നീ ആയുധങ്ങള്‍ ധരിച്ചിരിക്കുന്നു. പീഠത്തില്‍ ഇരിക്കും വിധത്തിലുള്ള വിഗ്രഹമാണ് ദേവിയുടേത്. ചുവന്നപട്ടും രക്തവര്‍ണ്ണഹാരങ്ങളും കിരീടവും ധരിച്ച് ജാജ്വല്യമാനമായ വിഗ്രഹം.
കടുശര്‍ക്കരയോഗത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വിഗ്രഹമാണ് ഭഗവതിയുടേത്. അതിനാല്‍ വിഗ്രഹത്തില്‍ അഭിഷേകം നടത്താറില്ല. അര്‍ച്ചനാബിംത്തിലാണ് അഭിഷേകവും പൂജയും നടത്തുന്നത്. ശാക്തേയസമ്പ്രദായത്തിലുള്ള പൂജകളാണ്ഇവിടെ നടന്നിരുന്നത്. ശത്രുസംഹാരമൂര്‍ത്തിയായാണ് ഭഗവതി വാഴുന്നത്. ആദ്യകാലങ്ങളില്‍ ഇവിടെ പൂജിച്ചിരുന്നത് നമ്പൂതിരിമാരായിരുന്നില്ല. ദേവിയുടെ ശക്തി ക്രമത്തിലേറെ വര്‍ദ്ധിച്ചപ്പോഴാണ് അത് നിയന്ത്രിച്ചുനിര്‍ത്തുന്നതിനായി ബ്രാഹ്മണരായ നമ്പൂതിരിമാരെ നിയോഗിച്ചത്. മൂസ്സത്മാരാണ് ശാക്തേയപൂജകള്‍ നടത്തുന്നത്.കുരുമുളകു ചേര്‍ത്ത് വേവിക്കുന്ന മത്സ്യമാംസാദികള്‍ ഭഗവതിക്കു നിവേദിക്കുന്നത് ഇവരാണ്. ചാലിയര്‍ കടലില്‍നിന്നു പിടിക്കുന്ന സ്രാവിനെ തീയര്‍ ക്ഷേത്രത്തിലെത്തിക്കും. പിടാരന്മാർ കുരുമുളകു ചേര്‍ത്ത് ഇതും വേവിച്ചു നേദിക്കും.
താഴത്തില്ലം, നടുവിലെ ഇല്ലം, ആയിരംവള്ളി, ഇട്ടമ്മല്‍ ഇല്ലം എന്നീ കുടുംക്കാരാണ് പൂജകള്‍ നടത്തുന്നത്. മക്കത്തായ സമ്പ്രദായമാണിപ്പോള്‍ മാടായിക്കാവിൽ നിലവിലുള്ളത്. കാട്ടുമാടം ഇളയിടത്തും മൂത്തേടത്തുമാണ് ഇവിടെ താന്ത്രികകര്‍മ്മങ്ങള്‍ നടത്തുന്നത്. ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്ന പതിവ് ഇവിടെയില്ല. വെടിയോ വെടിക്കെട്ടോ പാടില്ല. വെടിവഴിപാടില്ലാത്ത ക്ഷേത്രമാണിത്.ശീവേലി ബിംബം തലയില്‍ വഹിച്ചുകൊണ്ടാണ് ആറാട്ടിനു പുറപ്പെടുന്നത്. വടുകുന്ദ് ശിവക്ഷേത്രത്തോടു ചേര്‍ന്നുള്ള തെളിനീർ തടാകത്തിലാണ് ആറാട്ട്. അന്നുരാത്രി പ്ലാവിലയിലുണ്ടാക്കുന്ന അപ്പം നിവേദ്യമുണ്ടായിരിക്കും. അതോടെ പൂരം ഉത്സവം സമാപിക്കും.
മാടായിക്ഷേത്രം ചിറയ്ക്കല്‍ കോവിലകം വകയാണിപ്പോഴും. രാജകുടുംബാങ്ങൾക്ക് വളരെ വിശ്വാസമുള്ള ഭഗവതിയാണ് മാടായിക്കാവിലമ്മ. ശത്രുക്കളില്‍നിന്നും രോഗങ്ങളില്‍നിന്നും ആപത്തുകളില്‍നിന്നും പണ്ടുമുതല്‍ ഭഗവതി ഇവരെ രക്ഷിച്ചിട്ടുണ്ട്. അതിനാല്‍ രാജകുടുംബാങ്ങൾ മിക്ക ദിവസങ്ങളിലും മാടായിക്കാവില്‍ ദര്‍ശനത്തിനെത്താറുണ്ട് . ദര്‍ശനത്തിനു വരുമ്പോള്‍ രാജകുടുംത്തിനു താമസിക്കാന്‍
ക്ഷേത്രത്തിനു കുറച്ചു തെക്ക് ഒരു രണ്ടുനില മാളികയും പണിഞ്ഞിരുന്നു. ക്ഷേത്രത്തിന് ധാരാളം വസ്തുവകകളും രാജാവ് വിട്ടുകൊടുത്തിരുന്നതായി രേഖകളുണ്ട്. ചിറയ്ക്കല്‍ കോവിലകത്തിന്റെ നേരിട്ടുള്ള ഭരണത്തിന്‍കീഴില്‍ മുപ്പത്തെട്ടു ക്ഷേത്രങ്ങളുള്ളതില്‍ ഒന്നാണ് മാടായികാവ്.