കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹിക -സാംസ്‌കാരികചരിത്രത്തെ അടയാളപ്പെടുത്തുന്ന പരമ്പരയാണ് കേരളം 60. നമ്മുടെ സര്‍വ്വതോമുഖമായ വളര്‍ച്ചാഘട്ടങ്ങളുടെ പല തലങ്ങളെ അഭിമുഖീകരിക്കുന്നതാണ് ഈ പരമ്പരയില്‍ വരുന്ന ഓരോ പുസ്തകവും. അതിലൊന്നാണ് എഴുമറ്റൂർ രാജരാജ വർമ്മയുടെ നല്ലകാര്യം സുഭാഷിതങ്ങൾ.
കുട്ടികൾക്കും മുതിർന്നവർക്കും പ്രയോജനപ്പെടുന്ന നൂറ്റിയൊന്ന് നല്ലകാര്യങ്ങളുണ്ട് ഈ പുസ്തകത്തിൽ. പലവഴികളിൽ നിന്നും സ്വന്തം വഴി തെരഞ്ഞെടുക്കാൻ സാധിക്കാത്തവരാണ് ഏറെ പേരും. സ്വന്തം വഴി എത്രയും വേഗം മനസിലാക്കുന്നുവോ അത്രയും നല്ലത്. സുഖഭോഗങ്ങള്‍ക്കായി ആര്‍ത്തിപൂണ്ട് പരക്കം പായുന്നവരുടെ ലോകം , വെട്ടിവീഴ്ത്താൻ വാളോങ്ങി നിൽക്കുന്നവർ … പെരുകുന്ന കലി കാലത്തെ നേരിട്ട് മാതൃകാജീവിതം നയിക്കാന്‍ സ്‌നേഹം, ദയ, സഹനം, ത്യാഗം, ദാനം, സത്യം, ധര്‍മ്മം, കാരുണ്യം, വാത്സല്യം, സഹകരണം, സഹിഷ്ണുത എന്നിവ കൂടിയേ കഴിയൂ.
നഭോമാര്‍ഗ്ഗത്തിലെമ്മട്ടില്‍
നക്ഷത്രങ്ങള്‍ വിളങ്ങുമോ,
സുഭാഷിതങ്ങളമ്മട്ടില്‍
ശോഭിപ്പൂ കാവ്യവീഥിയില്‍
മനോഹരങ്ങളായോരീ-
മഹദ്വാക്യങ്ങളെന്നിയേ
മറ്റെന്തുള്ളു മനുഷ്യര്‍ക്കു-
മാര്‍ഗ്ഗദീപങ്ങളൂഴിയില്‍?
മഹാകവി ഉള്ളൂര്‍ ദീപാവലി എന്ന തന്റെ സുഭാഷിതഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നു. ഇരുളില്‍ വെളിച്ചമായും അജ്ഞാനത്തില്‍ ജ്ഞാനമായും സന്താപത്തില്‍ സാന്ത്വനമായും ആശങ്കയില്‍ നിശ്ചയമായും നിലകൊള്ളുന്ന അദ്ധ്യാത്മപ്രകാശകിരണങ്ങള്‍. കവിവാക്യങ്ങളെ ആധാരമാക്കിയാണ് ഈ സുഭാഷിതപരമ്പരതയ്യാറാക്കിയിട്ടുള്ളത്. പ്രാചീനകാലംമുതല്‍ ഇന്നോളമുള്ള മലയാളകവികള്‍ എഴുതിയ കൃതികളില്‍ നിന്നു കണ്ടെടുത്ത നൂറ്റൊന്നു കാവ്യഭാഗങ്ങള്‍ക്കുള്ള വിശദീകരണങ്ങള്‍ എന്ന നിലയിലാണ് ഈ നല്ലകാര്യവിവരണങ്ങള്‍.