ആണിനും പെണ്ണിനും തുല്യസ്ഥാനവും സംവരണവും നീധിയും അവകാശങ്ങളും വേണമെന്നും ആണും പെണ്ണും ഒന്നാണെന്നും അവരെ രണ്ടായിക്കാണരുതെന്നും വാദിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ശാരീരികമായിമാത്രമല്ല മാനസികമായും കായികമായും ആണും പെണ്ണും വ്യത്യസ്തരാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില കാര്യങ്ങളില്‍മാത്രം സാമ്യവും അധിലേറെ വ്യത്യസ്തവും പരിമിതവുമാണ് ആണും പെണ്ണും തമ്മിലുള്ള വ്യക്തിത്വവൈജാത്യങ്ങള്‍. ചിന്തയിലും പെരുമാറ്റത്തിലും പ്രവര്‍ത്തിയില്‍പോലും വ്യത്യാസമുണ്ടത്രേ..
പെണ്ണിന് റിവേഴ്‌സ് പാര്‍ക്കിങ് എന്നും തലവേദനയാണ്. എന്നല്‍ ആണിന് ഒരു സമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. മാത്രമല്ല അവര്‍ പരിഹാരങ്ങള്‍ ആഗ്രഹിക്കുകയും ഉപദേശങ്ങള്‍ വെറുക്കുകയും ചെയ്യുന്നു. പെണ്ണുങ്ങള്‍ എപ്പോഴും വായാടികളാണ്. പെണ്ണിനോട് നുണപറഞ്ഞാല്‍ പിടിച്ചുനില്‍ക്കാന്‍ പുരുഷന്‍ കഷ്ടപ്പെടുന്നു. പെണ്ണിനാകട്ടെ പുരുഷന്റെ മൗനം വേദനാജനകമാണ്.തിരിച്ച് ആശ്വാസകരവും..! ഇങ്ങനെ ഇങ്ങനെ നീണ്ടുപോകുന്നു പെണ്ണും ആണും തമ്മിലുള്ള വ്യക്തിത്വ വൈജാത്യങ്ങള്‍.
സ്ത്രീപുരുഷന്‍മാരുടെ വ്യക്തിത്വ വൈജാത്യങ്ങള്‍, ശാരീരിക മാനസിക അപഗ്രഥനത്തിലൂടെ വിശകലനം ചെയ്യുന്ന ഇന്റര്‍നാഷണല്‍ ബെസ്റ്റ്‌സെല്ലറാണ് അലന്‍ പീസും ബര്‍ബ്ബാറ പീസും ചേര്‍ന്നെഴുതിയ Why Men Don’t Listen & Women Can’t Read Maps എന്ന പുസ്തകം. ആണിന്റെയും പെണ്ണിന്റെയും മാനസിക നിലവാരത്തിലുള്ള പ്രത്യേകതകള്‍, വ്യത്യാസങ്ങള്‍ എന്നിവയ്ക്ക് മനഃശാസ്ത്രബുദ്ധ്യാല്‍ ഉത്തരം കണ്ടെത്തുന്ന പുസ്തകമാണിത്. തങ്ങളുടെ പരിമിതികളും ഗുണങ്ങളും സ്വയം മനസ്സിലാക്കി, തങ്ങള്‍ വ്യത്യസ്തഗുണങ്ങളാല്‍ രൂപപ്പെട്ടിട്ടുള്ളതാണെന്നും തിരിച്ചറിഞ്ഞ് പരസ്പരം പഴിചാരാതെ തങ്ങളുടെ പങ്കാളിയുടെ പരിമിതികളും സാധ്യതകളും തിരിച്ചറിഞ്ഞ് ജീവിതത്തെ എക്കാലത്തും സന്തോഷഭരിതമാക്കുവാനുള്ള പ്രായോഗികമാര്‍ഗ്ഗങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മാത്രമല്ല നര്‍മ്മത്തില്‍ ചാലിച്ച് ലളിതമായി പറഞ്ഞുതരുന്ന ഈ പുസ്തകം നമ്മളിലെ പ്രണയത്തെ ഊഷ്മളമാക്കുകയും ചെയ്യും.
Why Men Don’t Listen & Women Can’t Read Maps എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ആണും പെണ്ണും സാധ്യതകളും പരിമിതികളും. ലിന്‍സി കെ തങ്കപ്പനാണ് പുസ്തകം മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഒരേ വര്‍ഗ്ഗം, വ്യത്യസ്തരായ ലോകങ്ങള്‍, യഥാര്‍ത്ഥ വസ്തുതയിലേക്ക്, സംസാരവും കേഴ്‌വിയും, ചിന്തകള്‍, മനോഭാവങ്ങള്‍, വികാരങ്ങള്‍, പുരുഷന്‍മാരും സ്ത്രീകളും സെക്‌സും പ്രണയവും തുടങ്ങി 11 ഭാഗങ്ങളിലായാണ് സ്ത്രീപുരുഷ കഴിവുകളെക്കുറിച്ചുള്ള അപഗ്രഥനം നടത്തിയിരിക്കുന്നത്.
ഈ പുസ്തകം ചിലപ്പോള്‍ വെല്ലുവിളികള്‍ നിറഞ്ഞതായോ മറ്റുചിലപ്പോള്‍ അത്ഭുതപ്പെടുത്തുന്നതായോ തോന്നിയേക്കാം. പക്ഷേ, ഇത് എല്ലായ്‌പ്പോഴും വായനക്കാരെ ആകര്‍ഷിക്കുന്നതായിരിക്കും. ശാത്രീയതെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് ആണും പെണ്ണും സാധ്യതകളും പരിമിതികളും തയ്യാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും ദൈനംദിന ജീവിതത്തിലെ ചില സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി രസകരമായ രീതിയിലാണ് ഇതിന്റെ ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ സമീപനം ഭൂരിഭാഗം ആളുകള്‍ക്കും വിവരങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കുവാനും സന്തോഷകരമായ ഒരുജീവിതം നയിക്കാനും സഹായകമാകും…!