ലോകമെമ്പാടും ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഒന്നാണ് ഭാരതത്തിലെ വിദ്യാഭ്യാസസമ്പ്രദായം. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി സ്ഥിതി ഒട്ടും ആശാവഹമല്ല എന്ന് ഏതൊരാളും സമ്മതിക്കും. ഇതിന് ഒരുപാട് കാരണങ്ങളുണ്ട്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ അവസ്ഥ ഉയര്‍ത്തുന്ന അസ്വസ്ഥതകളും ആശങ്കകളും നിരവധിയാണ്. നല്ല അദ്ധ്യാപകരുടെ ദൗര്‍ലഭ്യം, ശുഷ്‌കമായ അദ്ധ്യാപനഅദ്ധ്യയന രീതികള്‍, അര്‍ത്ഥഹീനമായ മൂല്യനിര്‍ണ്ണയം, പൊതുവില്‍ കുട്ടികളുടെ ജീവിതത്തെയും പഠനത്തെയും ബന്ധപ്പെടുത്തിയുള്ള ഒരു സമഗ്രവീക്ഷണത്തിന്റെ അഭാവം ഇന്ന് പ്രത്യക്ഷത്തില്‍ത്തന്നെ പ്രകടം.
വിദ്യാഭ്യാസബിരുദം നേടുന്ന സമയത്ത് നമ്മുടെ അധ്യാപകരെല്ലാവരുംതന്നെ കുട്ടികളുടെ മനശാസ്ത്രം ഒരു വിഷയമായി പടിക്കുന്നുണ്ടെങ്കിലും, അതെങ്ങനെ പ്രാവര്‍ത്തികമാക്കണം എന്ന കാര്യത്തില്‍ തീര്‍ത്തും അജ്ഞരാണ്. നമ്മുടെ സ്‌കൂളുകളില്‍ മണ്ടന്‍മാരും മിടുക്കന്‍മാരും ഉണ്ടാകുന്നതിന്റെ പ്രധാനകാരണവും ഇക്കാര്യത്തിലുള്ള അജ്ഞതതന്നെ. ഒരു കുട്ടിയും മണ്ടനല്ല. എല്ലാവരും മിടുമിടുക്കന്‍മാര്‍ത്തന്നെയാണ്. ആവശ്യമായ ശ്രദ്ധയും പിന്തുണയും കൊടുത്താല്‍ പതിരുകളില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ നിഷ്യപ്രയാസം സാധിക്കും എന്ന് പ്രസിദ്ധ വിദ്യാഭ്യാസവിചക്ഷണയായ കമല വി. മുകുന്ദ അവരുടെ പുസ്‌കമായ What did you ask at school എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ‘നിങ്ങളുടെ കുട്ടികളെ സമര്‍ത്ഥരാക്കൂ‘ എന്ന പേരില്‍ ഈ പുസ്തകം ഇപ്പോഴിതാ മലയാളത്തിലും.
ഇന്ത്യയിലെ ഏറ്റവും പ്രശ്‌സത വിദ്യാഭ്യാസവിചക്ഷണയായ കമല വി. മുകുന്ദ ന്യൂയോര്‍ക്കിലെ സെറാക്യൂസ് സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസമനശ്ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം ഏതാനും വര്‍ഷങ്ങള്‍ കമല വി. മുകുന്ദ അവിടുത്തെ കോളേജ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നു. 1995ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം, പഠനത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അന്വേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ബാംഗ്ലൂരിലെ Cetnre For Learning (www.cfl.in) എന്ന അനൌപചാരികവിദ്യാലയത്തില്‍ അദ്ധ്യാപികയായി. കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങളായി കമല Journal of Krishnamurti Schools എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപസമിതിയില്‍ അംഗമാണ്. മനശ്ശാസ്ത്രം, അദ്ധ്യാപനം എന്ന തന്റെ രണ്ട് ശക്തമായ താത്പര്യങ്ങളെ പങ്കുവെയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ധ്യാപകപരിശീലകര്‍ക്ക് വേണ്ടി ശില്പശാലകള്‍ സംഘടിപ്പിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തെ സംബന്ധിച്ച് മനശ്ശാസ്ത്രജ്ഞര്‍ പരമ്പരാഗതമായി ഗവേഷണം ചെയ്തുവരുന്ന ചോദ്യങ്ങളെക്കുറിച്ച് അദ്ധ്യാപകരും മാതാപിതാക്കളും സജീവമായ ജിജ്ഞാസ വെച്ചുപുലര്‍ത്തുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കി. എന്നാല്‍, മനശ്ശാസ്ത്രജ്ഞര്‍ അത്തരം അനുവാചകര്‍ക്കു വേണ്ടി ഒരിക്കലും എഴുതുന്നില്ല! അവരുടെ ലേഖനങ്ങളിലെ കഠിനമായ സാങ്കേതികപദങ്ങളുടെ ആധിക്യം അവയെ സാധാരണജനങ്ങള്‍ക്ക് അപ്രാപ്യമാക്കുന്നു. വിദ്യാഭ്യാസമനശ്ശാസ്ത്രത്തിലെ പാഠപുസ്തകങ്ങള്‍ പോലും ആ വിടവിനെ നികത്തുന്നില്ല. അങ്ങനെയാണ് കമല സാധാരണക്കാരുടെ വായനയ്ക്കുതകുന്ന ഭാഷയില്‍ ആ ഗവേഷണങ്ങളെ സംക്ഷേപിച്ചുകൊണ്ട് ചെറുലേഖനങ്ങള്‍ എഴുതിത്തുടങ്ങിയത്. ആ ലേഖനങ്ങള്‍ പരക്കെ സ്വീകരിക്കപ്പെട്ടു കഴിഞ്ഞപ്പോഴാണ് നമ്മുടെ അദ്ധ്യാപകര്‍ക്കു വേണ്ടി ഇന്ത്യന്‍ സാഹചര്യത്തില്‍ വിദ്യാഭ്യാസമനശ്ശാസ്ത്രത്തെക്കുറിച്ചുള്ള ഈ പുസ്തകം രചിക്കാന്‍ കമല തീരുമാനിച്ചത്.
നാഷണല്‍ റിസര്‍ച്ച് പ്രൊഫസറായ ഡോ. യശ് പാല്‍ നിങ്ങളുടെ കുട്ടികളെ സമര്‍ത്ഥരാക്കൂ എന്ന പുസ്തകത്തെക്കുറിച്ച് പറയുന്നതിങ്ങനെ ‘ഒരു വൈജ്ഞാനികഗ്രന്ഥത്തിനു വേണ്ട ഗരിമ പ്രമേയത്തില്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അവയുടെ അവതരണത്തില്‍ അതീവലാളിത്യം പുലര്‍ത്തുന്നു എന്നതാണ് അതിന്റെ ഒരു സവിശേഷത. സമകാലിക വിദ്യാഭ്യാസമനശ്ശാസ്ത്രഗവേഷണത്തില്‍ നിന്ന് നമ്മുടെ വിദ്യാഭ്യാസത്തിനു പ്രസക്തമായ പഠനങ്ങളെ തിരഞ്ഞെടുത്ത് ലളിതമായി അവതരിപ്പിക്കുകയും പ്രായോഗികതലത്തില്‍ അവയുടെ പ്രാധാന്യത്തെയും ഉപയോഗക്ഷമതയേയും ആകര്‍ഷകമായ രീതിയില്‍ വരച്ചുകാട്ടുകയും ചെയ്യുന്നു, ശ്രീമതി കമല വിദ്യാഭ്യാസത്തെക്കുറിച്ച് ശ്രീമതി കമല വി. മുകുന്ദ എഴുതിയ ഈ പുസ്തകത്തിന്റെയത്രയും സമഗ്രവും അര്‍ത്ഥസമ്പുഷ്ടവുമായ മറ്റൊരു പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. ഞാന്‍ കണ്ടെത്തിയെന്നു കരുതിയിരുന്ന പല വിസ്മയകരങ്ങളായ കാര്യങ്ങളും ഇതിലുണ്ട്. കമലയുടെ പണ്ഡിതോചിതമായ സൃഷ്ടി എന്റെ അഹംബോധത്തെ ഇല്ലായ്മ ചെയ്തിരിക്കുന്നു – ഈ മേഖലയില്‍ ആദ്യത്തേതെന്നു പറയാവുന്ന കണ്ടെത്തലുകള്‍ ഒരപൂര്‍വതയാണ്.’.
പേരു സൂചിപ്പിക്കുന്നതുപോലെ നമ്മുടെ കുട്ടികളെ മിടുമിടുക്കന്‍മാരാക്കാനുള്ളതാണ് ഈ പുസ്തകം. പഠനത്തിലും ജീവിതത്തിലും, ശരിയായ ഉത്തരങ്ങളെക്കാള്‍ ശരിയായ ചോദ്യങ്ങള്‍ ആവിഷ്‌കരിക്കുന്ന പുതിയ മാനങ്ങള്‍ക്കാണ് ഇത് ഊന്നല്‍ നല്‍കുന്നത്. കമല എഴുതുന്നതു പോലെ, ‘മനശ്ശാസ്ത്രത്തെക്കുറിച്ചുള്ള പഠനം ക്ലാസ്സുമുറികളെയും വിദ്യാര്‍ത്ഥികളെയും പറ്റിയുള്ള നമ്മുടെ ‘ചെറിയ’ ചോദ്യങ്ങളെ, തീവ്രമായ മനശ്ശാസ്ത്രസംവാദങ്ങള്‍ ഉയര്‍ത്തുന്ന ‘വലുതും’ ശാശ്വതവുമായ പ്രശ്‌നങ്ങളുമായി ഘടിപ്പിക്കാന്‍ സഹായിക്കുന്നു ‘ഇവള്‍ എന്തുകൊണ്ട് ഇത് ഓര്‍മ്മിക്കുന്നില്ല?’ എന്നതില്‍ നിന്ന് ‘ഓര്‍മ്മ എന്നാല്‍ എന്ത്?’ എന്നതിലേയ്ക്ക്, ‘ഇയാള്‍ക്ക് ഈ കഴിവുണ്ടോ?’ എന്നതില്‍ നിന്ന് ‘നാം എന്തെല്ലാം കഴിവുകളോടു കൂടിയാണ് ജനിക്കുന്നത്?’ എന്നതിലേയ്ക്ക്, ‘ഇവര്‍ക്ക് മനസ്സിലായോ?’ എന്നതില്‍ നിന്ന് ‘അറിവ് എങ്ങനെയാണ് നിര്‍മ്മിക്കപ്പെടുന്നത്?’ എന്നതിലേയ്ക്ക് … അങ്ങനെ ചെറിയ പടികളായി. അദ്ധ്യാപകരെന്ന നിലയില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളും സാമൂഹികവും ദാര്‍ശനികവുമായ വലിയ പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധങ്ങളെ നോക്കിക്കാണുന്നത് ആവേശമുണര്‍ത്തുന്ന കാര്യമാണ്. മാനവികതയുടെ ഹൃദയസ്ഥാനത്താണ് അദ്ധ്യാപനത്തിന്റെ ഇടം എന്ന് അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.’