ഭൂമിയുടെ അവസാനം തങ്ങളുടെ വീടാണെന്ന് കരുതിയിരുന്ന കുട്ടിക്കാലം…വലിയ പരീക്ഷകഴിഞ്ഞ് വേനലവധിക്ക് അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും മറ്റ് ബന്ധുക്കളുടെയും വീട്ടില്‍ വിരുന്നു പോകാനും, മഴയും വെയിലും വകവയ്ക്കാതെ.. പാടത്തും വരമ്പത്തും ഓടിനടക്കാനും.. ആരുംകാണാതെ അപ്പുറത്തെ പറമ്പിലെ മൂവാണ്ടന്‍ മാവിലെ കണ്ണിമ്മാങ്ങയും, ചാമ്പങ്ങയും പുളിയും പേരയ്ക്കയും മോഷ്ടിക്കാനും.. കളകളമിളക്കിപ്പായുന്ന കാട്ടരുവിയിലെ വെള്ളത്തില്‍ ഉടുമുണ്ടൂരി മീന്‍പിടിക്കാനും കാത്തിരുന്ന ദിനങ്ങള്‍.. ഓലപ്പീപ്പിയും പമ്പരവും ഉണ്ടാക്കി കൂട്ടുകാരുടെ മുന്നില്‍ ആളായി നടന്നതും ലൂണാറിന്റെ ചെരുപ്പ് വെട്ടിയുണ്ടാക്കിയ വണ്ടി ഉരുട്ടിക്കളിച്ചും മണ്ണപ്പം ചുട്ടുകളിച്ചും കള്ളനും പോലീസും, അമ്പസാറ്റും കളിച്ചും, നടന്ന അവധിക്കാലങ്ങള്‍… നാട്ടുവഴിയുടെ പച്ചപ്പില്‍ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ചുനടന്ന ബാല്യം..
യക്ഷിളും പ്രേതങ്ങളും പാര്‍ക്കുന്ന കാവുകള്‍. നത്തിന്റെയും മൂങ്ങയുടെയും ഭീതിപ്പെടുത്തുന്ന കരച്ചില്, കുറുക്കന്മാരുടെ ഓരിയിടീല്‍. കാട്ടുനിശാഗന്ധിയുടെ മടുപ്പിക്കുന്ന ഗന്ധം. ഭീതിപ്പെടുത്തുന്ന കട്ടയിരുട്ട്, ഉറങ്ങാതെ കിടന്ന രാത്രികള്‍..! പഴമയുടെ നൗര്മല്യവും സുഗന്ധവുമള്ള നല്ല നാളുകള്‍. എല്ലാവരുടെ ഓര്‍മ്മയിലും കാണും ഇങ്ങനെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍..
കുട്ടിക്കാലം…, ഓര്‍മ്മകളുടെ വസന്തംകൊണ്ട് മനസ്സുനിറയ്ക്കുന്നു. ദൃശ്യചാരുതകള്‍, രുചികള്‍, മണങ്ങള്‍, ഓരോരുത്തര്‍ക്കും ഓരോ കുട്ടിക്കാലമുണ്ട്. ഓരോ ദേശത്തിനും ഓരോരോ ഭാഷയ്ക്കും ഒരോ മതത്തിനും ജാതിയ്ക്കും എല്ലാമുണ്ട് ഓരോ കുട്ടിക്കാലം. എന്നാല്‍ പഴമയുടെ ഗന്ധമുള്ള ഒരു കുട്ടിക്കാലം ഇനി വരുന്നൊരു തലമുറയ്ക്ക് ലഭിക്കുമോ.? ഇത്രയേറെ മധുരമുള്ള ഒരു കുട്ടിക്കാലം..?
ഇനി ഒരിക്കലും തിരികെ വരാത്ത ഇന്നത്തെ തലമുറയ്ക്ക് നഷ്ടമായിപ്പോയ വ്യത്യസ്തങ്ങളായ കുട്ടിക്കാലങ്ങളുടെയും പൊതുസ്വഭാവമെന്തെന്ന് അന്വേഷിക്കുകയാണ് കുട്ടിക്കാലം മലയാളി ജീവിച്ച ബാല്യം എന്ന പുസ്തകം. വീടും പറമ്പും, ചുറ്റുമുള്ള പ്രപഞ്ചം, മഴ, പള്ളിക്കൂടം, കാഴ്ചകള്‍, കളിപ്പാട്ടങ്ങള്‍, ആഘോഷങ്ങള്‍, വായന, കളിയൊച്ചകള്‍, സിനിമകാണല്‍, റേഡിയോക്കാലം..അങ്ങനെ അങ്ങനെ വര്‍ണ്ണാഭമായ ഒരു കാലത്തെക്കുറിച്ചുള്ള തിരിഞ്ഞുനോട്ടമാണ് കുട്ടിക്കാലം എന്ന കൃതി.
അവരവരുടെ കുട്ടിക്കാലങ്ങളെയും ഗൃഹാതുരത്വത്തെയും നോവുകളെയും മധുരനൊമ്പരങ്ങളെയും ആഹ്ലാദങ്ങളെയും എല്ലാം ചേര്‍ത്തുവെച്ച് പൂരിപ്പിക്കാവുന്ന രീതിയിലാണ് ഈ പുസ്കത്തിന്റെ ആഖ്യാനം. കേരളത്തിലെ സാമൂഹികസാംസ്കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങള്‍ ചര്ച്ചെചെയ്യുന്ന, കാലങ്ങള്‍ക്കിപ്പുറം നാം എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ അന്വേണപരമ്പരയായ കേരളം 60 എന്ന പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് കുട്ടിക്കാലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ എ ബീനയാണ് കുട്ടിക്കാലം മലയാളി ജീവിച്ച ബാല്യം തയ്യാറാക്കിയിരിക്കുന്നത്. പെരുമഴ, ബഷീറിന്റെ കത്തുകള്‍, ചുവടുകള്‍, നദി തിന്നുന്ന ദ്വീപ്, ബ്രഹ്മപുത്രയിലെ വീട് തുടങ്ങിയ കൃതികളും കെ എ ബീനയുടേതായി ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.