അറബി നാടിന്റെ രാഷ്ട്രീയവും ഭരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ടു രണ്ട് ഭാഗങ്ങളിലായി ബെന്യാമിന്‍ എഴുതിയ നോവലുകളാണ് അല്‍ അറേബിയന്‍ നോവല്‍ ഫാക്ടറിയും, മുല്ലപ്പൂ നിറമുള്ള പകലുകളും . അറബ് നാടുകളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവമാണ് ബെന്യാമിന്റെ ഇരട്ടനോവലുകളുടെ പശ്ചാത്തലം.
ആരും എത്തിനോക്കുക പോലും ഉണ്ടായിട്ടില്ലാത്ത പ്രവാസ ജീവിതത്തിലെ പ്രശ്‌നങ്ങളും മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയത്തിലേക്കുമാണ് ബെന്യാമിന്‍ തന്റെ നോട്ടമെത്തിച്ചത്. അതിന്റെ അനന്തരഫലമാണ് ബെന്യമിന്റെ ഇരട്ടനോവലുകളായ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍.. പരസ്പരം വിഴുങ്ങുന്ന സര്‍പ്പങ്ങളെ പോലെയാണ് തന്റെ നോവലെന്ന് ബെന്യാമിന്‍ അവകാശപ്പെട്ടിരുന്നു. രണ്ടു നോവലുകളും അത്രയ്ക്കും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. വായന പൂര്‍ണമാകണമെങ്കില്‍ രണ്ടും വായിക്കണമെങ്കിലും വ്യത്യസ്ത നിലയില്‍ തന്നെ സ്വന്തമായി കഥയുണ്ട് രണ്ടു പുസ്തകങ്ങള്‍ക്കും. ഇവ രണ്ടും തന്നിലേക്ക് വന്നുപെട്ട വഴിയും ബെന്യാമിന്‍ തന്നെ പറയുന്നുണ്ട്.
ഒരു വിദേശ നോവലിസ്റ്റിന് നോവല്‍ എഴുതാനുള്ള വിവരശേഖരണത്തിനായാണ് കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായ പ്രതാപ് ആ അറബ് തുറമുഖ നഗരത്തില്‍ എത്തിച്ചേരുന്നത്. അവിടെ എത്തുന്ന അയാള്‍ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍’ എന്ന പുസ്തകത്തെക്കുറിച്ച് അറിയുന്നു. എന്നാല്‍ പുസ്തകത്തെപ്പറ്റിയോ എഴുത്തുകാരിയായ സമീറ പര്‍വീണിനെക്കുറിച്ചോ ഒരു വാക്കുപോലും എങ്ങും അടയാളപ്പെടുത്തിയിരുന്നില്ല. സമീറയെയും പുസ്തകത്തെയും തേടിയുള്ള പ്രതാപിന്റെ അന്വേഷണം ചെന്നെത്തുന്നത് അറബ് നാടുകളില്‍ അലയടിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ ബാക്കിപത്രങ്ങളിലേയ്ക്കാണ്. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവപരമ്പരകളാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്ന നോവലിലൂടെ ബെന്യാമിന്‍ പറയുന്നത്.
അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയുടെ ബാക്കിപത്രമാണ്മുല്ലപ്പൂനിറമുള്ള പകലുകള്‍. പ്രതാപ് അന്വേഷിച്ചെത്തിയ സമീറ പര്‍വീണിനെ കണ്ടെത്തുകയും അവളുടെ ആത്മകഥ കണ്ടെത്തുകയും ചെയ്യുന്ന പ്രതാപ് ആ കഥ പരിഭാഷപ്പെടുത്തി..അതിന്റെ കഥാംശത്തെ കണ്ടെത്തുന്നു. മുല്ലപ്പൂ വിപ്ലവത്തിന്റെ ആയിരക്കണക്കിന് ഇരകളില്‍ ഒരാളായ സമീറാ പര്‍വീണിന്റെ ദുരിതക്കയങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ജീവിതമാണ് അവള്‍ ആത്മകഥാപരമായ നോവലിലൂടെ വെളിപ്പെടുത്തിയത്. ഒരു റേഡിയോ ജോക്കിയായ സമീറ പറയുന്നത് ലോകത്ത് എല്ലാ കലാപങ്ങളിലും കൂടുതല്‍ മുറിവേല്‍ക്കപ്പെടുന്നത് പെണ്ണിനാണെന്ന യാഥാര്‍ത്ഥ്യമാണ്. സമീറ എന്ന പാക്കിസ്ഥാനികുട്ടിയുടെ ജീവിതമാണ് മുല്ലപ്പൂനിറമുള്ള പകലുകള്‍ എന്ന നോവലിലൂടെ ബെന്യാമിന്‍ വരച്ചുകാട്ടുന്നത്.