ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച മഹത്തായ ഇംഗ്ലിഷ് നോവലുകളിലൊന്നായി ടൈം മാസിക തിരഞ്ഞെടുത്ത പുസ്തകമാണ് ബുക്കര്‍ പ്രൈസ് പുരസ്‌കാര ജേതാവായ ഐറിസ് മര്‍ഡോക്കിന്റെ ‘അണ്ടര്‍ ദി നെറ്റ്’ എന്ന പുസ്തകം. ആത്മാര്‍ത്ഥമായ സ്‌നേഹത്തിനും സൗഹൃദത്തിനുംവേണ്ടി ദാഹാര്‍ത്തനായൊരു യുവാവിന്റെ സാഹസികസഞ്ചാരപഥങ്ങളുടെ ആഖ്യാനമായ ഈ നോവലിന്റെ മലയാള പരിഭാഷയാണ് ജാലത്തിന്നടിയില്‍. ധന്യ കെ കെയാണ് വിവര്‍ത്തക.
ദാര്‍ശനികതയും മനശാസ്ത്രവും അടിയൊഴുക്കുകള്‍ നിശ്ചയിക്കുന്ന ജാലത്തിന്നടിയില്‍ എന്ന നോവലില്‍ അറിയപ്പെടുന്നൊരു സാഹിത്യകാരനാകാന്‍ കൊതിക്കുന്ന ജേക്ക് ഡൊണേയ്ഗിന്റെ ജീവിതമാണ് വിവരിക്കുന്നത്. താനെങ്ങനെ ചിന്തിക്കുന്നു, ആരെ പ്രണയിക്കുന്നു, ഏതുദിശയിലാണ് തന്റെ ജീവിതം ചലിക്കുന്നത്, എന്നൊക്കെ ഗവേഷണം നടത്തിമാത്രം ജീവിക്കാനൊരുങ്ങുന്ന, ചപലനും ദുര്‍ബ്ബലനും നിര്‍ദ്ധനനുമായ വ്യക്തിയാണ് ഡൊണേയ്ഗ്. ജീവിതമെന്നാല്‍ സിദ്ധാന്തങ്ങളില്‍ നിന്നും അകന്ന് വാക്കുകള്‍കൊണ്ടുമാത്രം തീര്‍ക്കുന്നൊരു ജാലത്തിനടിയിലേക്കുള്ള ചുരുണ്ടുകൂടല്‍ മാത്രമാണെന്നു അയാള്‍ തിരിച്ചറിയുന്നു. ഇങ്ങനെ അയാളുടെ തിരിച്ചറിവുകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്.
മനുഷ്യന്റെ ഭാഷാശക്തിയെപ്പറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും പരിമിതികളെപ്പറ്റിയുമുള്ള ആഖ്യാനം കൂടിയാണ് ജാലത്തിന്നടിയില്‍ എന്ന നോവല്‍. ജേയ്ക്ക് എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരോ നിമിഷവും സ്വന്തം ജീവിതത്തെക്കുറിച്ചുകൂടിയുള്ള ചിന്തകളും ധാരണകളും മാറ്റാനുള്ള അവസരമാണ് വായനക്കാരന് ജാലത്തിന്നടിയില്‍ എന്ന നോവല്‍ നകുന്നത്.
ഐറിഷ് ഗ്രന്ഥകാരിയും തത്ത്വചിന്തകയുമായ ഐറിസ് മര്‍ഡോക്കിന്റെ ആദ്യനോലവാണ് ജാലത്തിന്നടിയില്‍. 26 നോവലുകളും 6 നാടകങ്ങളും 5 തത്ത്വചിന്താപരമായ ഗ്രന്ഥങ്ങളും ഒരു കഥാസമാഹാരവും രണ്ട് കാവ്യസമാഹാരങ്ങളും ഐറിസിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. The sea,the sea 1978ലെ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹമായി. 1999ല്‍ അന്തരിച്ചു.