പുസ്തകങ്ങളുടെ കാവൽക്കാരൻ സി വി ബാലകൃഷ്ണൻ എഴുത്തുജീവിതത്തിൽ 50 വർഷങ്ങൾ പിന്നിടുകയാണ്. നോവലുകൾ , കഥകൾ , ലേഖനങ്ങൾ , തിരക്കഥകൾ , ഓർമ്മക്കുറിപ്പുകൾ , വിവർത്തനങ്ങൾ തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളെ സമ്പന്നമാക്കിയ അതുല്യ പ്രതിഭ മലയാളത്തിന് സമ്മാനിച്ചത് വായനാനുഭൂതിയുടെ മറ്റൊരു ലോകമാണ്. ജീവിതമെന്തെന്ന അറിവ് പകർന്നു കിട്ടിയ ഗ്രന്ഥാലയങ്ങളിലെ അസംഖ്യം പുസ്തകങ്ങളിലൂടെ നാടും നഗരവും അടുത്തറിഞ്ഞു. പിന്നീട് ജീവിതോപാധിയായി തൂലിക എടുത്തപ്പോൾ പിന്നിട്ട ജീവിത വഴികളിലെ മറക്കാനാകാത്ത സംഭവങ്ങളെല്ലാം സി വിയുടെ പ്രമേയ സ്വീകാര്യതയുടെ വേറിട്ട
വഴികളായി.
സി വി ബാലകൃഷ്ണന്റെ സാഹിത്യ രചനയുടെ 50 – ാം വാർഷിക ആഘോഷ ചടങ്ങിൽ അക്ഷരനഗരി അദ്ദേഹത്തെ ആദരിക്കുന്നു. കോട്ടയം പബ്ലിക് ലൈബ്രറി മിനി ഓഡിറ്റോറിയത്തിൽ ജൂലൈ 1 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാര്യ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
ബെഞ്ചമിൻ ബെയ്‌ലി ഫൌണ്ടേഷന്റെ നേതൃത്വത്തിൽ കോട്ടയം പബ്ലിക് ലൈബ്രറിയും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കലയുടെയും സാഹിത്യത്തിന്റേയും സംഗമമായ മൺസൂൺ ആർട്ട്ഫെസ്റ്റിനോനടനുബന്ധിച്ചാണ് സി വി ബാലകൃഷ്ണന്റെ എഴുത്തിന്റെ 50- ാം വാർഷികാഘോഷം നടത്തുന്നത്.
ബെഞ്ചമിൻ ബെയ്‌ലി ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബാബു ചെറിയാൻ ചടങ്ങിന് സ്വാഗതം ആശംസിക്കും. തോമസ് ജേക്കബ് അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എബ്രഹാം ഇട്ടിച്ചെറിയ സി വി ബാലകൃഷ്ണന് ഉപഹാര സമർപ്പണം നടത്തി ആദരിക്കും.
വാർഷികാഘോഷത്തോടനുബന്ധിച്ച് സി വി ബാലകൃഷ്ണൻ രചിച്ച പുസ്തകങ്ങളുടെ പ്രദർശനം രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് 2 മണിമുതൽ സി വി ബാലകൃഷ്ണൻ കഥയും തിരക്കഥയും രചിച്ച് കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ‘മറ്റൊരാൾ’ എന്ന സിനിമയുടെ പ്രദർശനവുമുണ്ടാകും.
രവി ഡി സി , അയ്മനം ജോൺ , കെ ബി പ്രസന്ന കുമാർ , ഡോ. മനോജ് കുറൂർ , ഡോ . മ്യൂസ് മേരി , വി ജയകുമാർ, എസ് . ഹരീഷ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിക്കും. എ വി ശ്രീകുമാർ കൃതജ്ഞത രേഖപ്പെടുത്തും. തുടർന്ന് പി സി ഹരീഷ് സംവിധാനം ചെയ്ത സി വിയുടെ ആയുസിന്റെ പുസ്തകം എന്ന നോവലിന്റെ നാടകാവതരണവും നടക്കും.