” പാത്തുമ്മായുടെ ആട് എന്ന യഥാർഥ കഥയെഴുതിയ ആൾ അജ്ഞാനിയായ ഒരവിവാഹിതനായിരുന്നു. (അവിവാഹിതരിൽ ജ്ഞാനികളില്ല ). ഈ മുഖവുരയെഴുതുന്നയാൾ ജ്ഞാനിയായ ഒരു ഭർത്താവാകുന്നു. (ഭാര്യമാർ ജയിക്കട്ടെ ). വേറെ വിശേഷങ്ങൾ ഒന്നുമില്ല. സുഖത്തിലും സമാധാനത്തിലും കഴിയുന്നു എന്നായിരുന്നു പറയേണ്ടത്. എന്നാൽ സുഖവുമില്ല , സമാധാനവുമില്ല. ആകെക്കൂടി ഒരു അങ്കലാപ്പ്.
ഞാനൊരു വീട് പണിയിക്കുകയാണ് !
ഓ , ഇതിലെന്താണിത്ര ബുദ്ധിമുട്ട് , ചുമ്മാ അങ്ങ് പണിയരുതോ , എന്ന് വേണമെങ്കിൽ അജ്ഞാനികളായ അവിവാഹിതർക്ക് പറയാം. ( പാവങ്ങൾ ) എന്നാൽ കേട്ടോളൂ , രൊക്കം ഒരു ഭാര്യ (ഭർത്താക്കന്മാർ ഭാഗ്യവാൻമാർ ) എന്നാൽ താമസിക്കാൻ വീടില്ല. കിടക്കകളും , പെട്ടികളും , കലവും ചട്ടിയുമായി കണ്ടിടത്തെല്ലാം എത്രനാൾ ഇങ്ങനെ കഴിയും.
താമസിക്കാൻ ഒരു വീടുണ്ടാക്കികൂടെ ?
റൈറ്റ് : ഒരു വീടുണ്ടാക്കിക്കളയാം ! സുന്ദരമായ ഈ തീരുമാനത്തിൽ എത്തിച്ചേരാൻ എളുപ്പം കഴിഞ്ഞു. വീടുവയ്ക്കാൻ സ്ഥലം വേണ്ടേ ?
കന്യാകുമാരി മുതൽ ദൽഹി വരെ കിടക്കുന്ന റോഡ്. എന്തിനു ദൽഹി ? ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ ഈ റോഡേ ഭൂമിയിൽ എവിടെയും പോകാം. അങ്ങനെ സൗകര്യമുള്ള ഈ വഴിവക്കിൽ തെക്കു വടക്കായി ഒരു തോർത്തു വിരിച്ചിരിക്കുന്നു എന്ന് വിചാരിക്കുക . തോർത്തിന്റെ നടുമുതൽ വടക്കു വശത്തേക്ക് റോഡുവരെ കത്തിക്കരിഞ്ഞു പോയി എന്നും വിചാരിക്കുക. കരിഞ്ഞ ഭാഗത്ത് രണ്ടു ചെറിയ ആനകളെ നിറുത്തിയാൽ മുതുകെല്ലാം സ്റ്റൈലായി കാണാം. എന്നുപറഞ്ഞാൽ കുഴി എന്ന് സാരം. സത്യം മുഴുവനും അങ്ങ് പറഞ്ഞാൽ കല്ല് വെട്ടാൻമടയാണ്.
തോർത്തിന്റെ തെക്കുവശമുണ്ടല്ലോ. അവിടെ ഒരാൾ താഴ്ച. അതായത് തോർത്ത് കഴിഞ്ഞുള്ള ബാക്കി ഭാഗങ്ങൾ താഴ്ന്ന നെല്പാടമാണ്. അനേകം അനേകം മൈൽ നെൽപ്പാടങ്ങൾ.
നല്ല കാറ്റ് ഉഷാറായി കിട്ടും.
നമ്മുടെ തോർത്ത് കിടക്കുന്നതു 12 സെന്റ് സ്ഥലത്താകുന്നു. തെക്കുവശത്ത് നാല് തൈകളുണ്ട്. കഴിഞ്ഞ പ്രാവശ്യം ഇട്ട തേങ്ങയുടെ കണക്കു വച്ച് നോക്കുമ്പോൾ കൊല്ലത്തിൽ 365 തേങ്ങാ കിട്ടാനുള്ള സാധ്യതയുണ്ടെന്ന് പറയാം.
തോർത്തിന്റെ കരിയാത്ത ഭാഗ്യം കുറച്ചു കുറച്ചു ചമണ്ട് കറുത്തതാണെന്നു വിചാരിച്ചേക്കൂ. കാരണം ചില്ലറയായി ചില പാറകളെല്ലാം ഇവിടെയുണ്ട്. കുഴിച്ചാൽ നല്ല വെള്ളം കിട്ടും. നടുക്ക് വീട്. നാലു വശവും മതിലും വേണം. സ്ഥലം നികത്തുന്നു വീടുണ്ടാക്കുന്നു. കിണറു കുഴിക്കുന്നു. ഭാഗ്യം എന്നേ പറയേണ്ടൂ. ആദ്യം ഉണ്ടായത് വെള്ളമാണ്. വെള്ളം നല്ലതു തന്നെ , എല്ലാമിങ്ങനെ നല്ലതായി പുരോഗമിക്കട്ടെ , ഈശ്വരാനുഗ്രഹത്തോടെ.
ഒന്നിനും വിഷമമില്ലല്ലോ , രൂപ നാലുലക്ഷം കിട്ടിയില്ലേ ? ചുമ്മാതെയാണോ കേരള നിയമസഭയിലെ ദാർശനികന്മാരായ പ്രതിപക്ഷങ്ങൾ ബഹളം കൂട്ടുന്നത് ? വളരെ ശരി … പണ്ട് ഞാനൊരു കഥയെഴുതുകയുണ്ടായി , ന്റുപ്പൂക്കൊരാനേണ്ടാർന്ന്!‘ അത് പുസ്തകമായി ഇറങ്ങിയ ഉടനെ രണ്ടു വിശേഷ സംഭവങ്ങളുണ്ടായി . ഒന്ന് ആയിടെ ചില വർഷങ്ങളിൽ ഉണ്ടായ ഏറ്റവും നല്ല നോവലാണെന്നും പറഞ്ഞ് ” കോൺഗ്രസ്സ് ഗവണ്മെന്റ് ഒരു അഞ്ഞൂറ് രൂപയോ മറ്റോ ഇനാം തരികയുണ്ടായി .(ആരും തെറ്റിദ്ധരിക്കണമെന്നില്ല , കേരള ത്തിലെ കോൺഗ്രസ്സ് ഗവൺമെന്റല്ല – മദ്രാസിലെ കോൺഗ്രസ്സ് ഗവൺമെന്റാണ് ) രണ്ടാമത്തെ വിശേഷ സംഭവം , കമ്മ്യുണിസ്റ്റാശയ വിരുദ്ധ മൂരാച്ചി ഗ്രന്ഥമാണെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ് പാർട്ടി ആ പുസ്തകത്തെ മുക്തകണ്ഠം എതിർക്കുകയുണ്ടായി. എതിർത്തവരിൽ ഒരാൾ അന്നത്തെ കേരള കമ്മ്യുണിസ്റ്റ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി ശ്രീ അച്യുതമേനോനാകുന്നു.
അതിനുശേഷം ആ പുസ്തകത്തിന് എം.പി. പോൾ പ്രൈസ് ലഭിച്ചു. അതിനു ശേഷം ആ പുസ്തകം ഇന്ത്യയിലെ പതിന്നാലോ പതിനഞ്ചോ ഭാഷകളിലേക്കു തർജ്ജമ ചെയ്യാനായി കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുക്കുകയും തർജ്ജമ ചെയ്യിച്ചു പുസ്തകങ്ങളായി അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി.വലിയ അർത്ഥമൊന്നുമില്ലെങ്കിലും കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ട് ശ്രീ ജവഹരിലാൽ നെഹ്‌റുവായിരുന്നു. കാലം പിന്നെയുമങ്ങനെ കഴിഞ്ഞപ്പോൾ കേരളത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു. ഭാഗ്യത്താലോ നിർഭാഗ്യത്താലോ അനേകം നോൺഡിടെയിലുകളുടെ കൂട്ടത്തിൽ ന്റുപ്പൂക്കൊരാനേണ്ടാർന്ന്!’ എന്നതും അവർ പെടുത്തി. (ബഹുമാനപ്പെട്ട പരശുരാമൻ കേരളം പടച്ചതിനുശേഷം ഉണ്ടായ ആദ്യത്തെ അത്ഭുതസംഭവമാകുന്നു ഇത്. അതായത്, ഒരു മുസൽമാന്റെ പുസ്തകം നോൺഡിടെയിലായിട്ടെങ്കിലും സ്വീകരിക്കുക എന്ന മഹാസംഭവം. ഇതു ചെയ്തത് കമ്യൂണിസ്റ്റ് ഗവൺമെന്റാണ്! സംഭവമല്പം ഗൗരവമാക്കണമല്ലോ ! മറ്റുള്ള എല്ലാ പുസ്തകങ്ങളേയും സൗകര്യത്തിന് മറന്നിട്ട് ഇതിനെ മാത്രം വീറോടെ എതിർക്കുക !) അങ്ങനെ എതിർപ്പ് തുടങ്ങി . ഘോര ഘോരമായ എതിർപ്പ്..