പ്രവാസി ദോഹ നല്‍കുന്ന 23- മത് ബഷീര്‍ പുരസ്‌കാരം തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയ്ക്ക് നല്‍കാന്‍ എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറി തീരുമാനിച്ചു. മലയാളഭാഷയുടെ ഉന്നമനത്തിനായി നിലവില്‍ വന്ന ആദ്യ സര്‍വകലാശാലയാണെന്നതും ഭാഷയ്ക്ക് നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം.
ആദ്യമായാണ് ഒരു സ്ഥാപനത്തിന് പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരം നല്‍കുന്നത്. 50,000 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് സമ്മാനം. സര്‍വകലാശാലയിലെ മികച്ചവിദ്യാര്‍ഥിക്ക് എം.എന്‍. വിജയന്‍സ്മാരക എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പും നല്‍കും. ഓഗസ്റ്റ് 26-ന് തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായരില്‍നിന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
രാഷ്ട്രീയതീരുമാനം ഉണ്ടാകാത്തതാണ് ബഷീര്‍സ്മാരക സാംസ്‌കാരികനഗരി നിലവില്‍വരുന്നതിന് തടസ്സമാകുന്നതെന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍ പറഞ്ഞു. പദ്ധതിക്കായി കഴിഞ്ഞ രണ്ട് ബജറ്റുകളിലും തുക വകയിരുത്തിയിട്ടുണ്ട്. കളക്ടര്‍ ട്രഷററായുള്ള ബഷീര്‍ സ്മാരക ട്രസ്റ്റ് ഒരുകോടി രൂപ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. സാംസ്‌കാരിക വിനോദ സഞ്ചാരത്തിന് ഏറ്റവും സാധ്യതയുള്ള നഗരമാണ് കോഴിക്കോടെന്നും അദ്ദേഹം പറഞ്ഞു.