മലയാളം കൈടക്കിയ ആദിവാസി ഗോത്രത്തില്‍ നിന്നും തനതായ ഗോത്രഭാഷാനിഘണ്ടു പിറക്കുന്നു. ചക്കുളത്തി, ഉവ്വാനിക്ക എന്നീ വാക്കുകള്‍ക്ക് ആദിവാസി കുറുമ ഭാഷയില്‍ യഥാക്രമം എന്റെ ഭാര്യ, ഓര്‍മ്മ എന്നിങ്ങനെയാണ് അര്‍ത്ഥങ്ങള്‍. എന്നാല്‍ വയനാട്ടിലെ ആദിവാസി തലമുറകള്‍ തന്നെ ഇത് മറക്കുകയും മുഖ്യധാരാ മലയാളത്തിലേക്ക് എത്തപ്പെടുകയും ചെയ്ത ഈ കാലത്ത് തനതായ ഗോത്രഭാഷാ നിഘണ്ടു തയാറാക്കുന്നതിന്റ അവസാന ഘട്ടത്തിലാണ് പുല്‍പ്പള്ളി വേലിയമ്പം ആദിവാസി കുറുമ കോളനിയിലെ കണ്ടാമല രാമചന്ദ്രന്‍. ഈ നിഘണ്ടുവിന്റെ പ്രസിദ്ധീകരണം മലയാള സര്‍വകലാശാല ഏറ്റെടുത്തുകഴിഞ്ഞു. നിഘണ്ടുവിന്റ കൈയ്യെഴുത്ത് പ്രതി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പരിശോധിക്കുകയും വരുത്തേണ്ട ഭേഗഗതികള്‍ സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
6000ലധികം വാക്കുകളാണ് ഈ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോത്രഭാഷ നിഘണ്ടു തയാറാക്കുന്ന വിവരം എഴുത്തുകാരിയും കിര്‍ത്താഡ്‌സില്‍ അധ്യാപികയുമായ ഇന്ദു മേനോനാണ് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജയകുമാറിന്റ ശ്രദ്ധയില്‍പ്പെടുത്തിയത്.
‘എന്റെ കഴിഞ്ഞ 10 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണിത്. ഒരുപാട് രാത്രികള്‍ ഉറക്കം നഷ്ടപ്പെടുത്തി ഇരുന്നിട്ടുണ്ട്. കുറുമര്‍ ഉപയോഗിക്കുന്ന എല്ലാ വാക്കുകളും അറിയാമെങ്കിലും മറ്റ് പല വാക്കുകളും തേടി ഒരുപാട് സഞ്ചരിച്ചു. ആദിവാസി കോളനിയിലെ മൂപ്പന്‍മാരോടും പ്രായമായവരോടുമൊക്കെ സംസാരിച്ച് കണ്ടെത്തിയതാണ് പല വാക്കുകളും’ എന്ന് രാമചന്ദ്രന്‍ പറയുന്നു. മലയാള പദങ്ങള്‍ക്ക് ചേരുന്ന കുറുമ, അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി തുടങ്ങിയ അഞ്ച് ഭാഷകളിലുള്ള വാക്കുകള്‍ ചേര്‍ത്താണ് നിഘണ്ടു തയാറാക്കിയിരിക്കുന്നത്. മലയാളത്തിലെ വീട് കുറുമ ഭാഷയില്‍ ‘കുടി’യും അടിയ ഭാഷയില്‍ ‘കുള്ളു’വും പണിയ ഭാഷയില്‍ ‘പിറൈ’യും കാട്ടുനായ്ക്ക ഭാഷയില്‍ ‘മനൈ’യും ഊരാളി ഭാഷയില്‍ ‘കീരു’മാണ്. ഇത്തരത്തില്‍ മലയാള ഭാഷയില്‍ ‘അ’ യില്‍ ആരംഭിക്കുന്നത് മുതലുള്ള പദങ്ങള്‍ക്ക് ആദിവാസി ഭാഷയില്‍ പ്രയോഗത്തിലുള്ള വാക്കുകളാണ് നിഘണ്ടുവില്‍ കൊടുത്തിരിക്കുന്നത്. താന്‍ തയ്യാറാക്കിയ നിഘണ്ടുവിലെ 6000 വാക്കുകളില്‍ ഒന്ന് പോലും അടുത്ത തലമുറക്ക് അന്യമായിരിക്കും. അതില്‍ ഒന്നു പോലും അവര്‍ക്ക് അറിയുന്ന വാക്കുകള്‍ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ തന്റെ ഈ പ്രയത്‌നം അടുത്ത തലമുറക്ക് ഒരു മുതല്‍കൂട്ടാവുമെന്നാണ് രാമചന്ദ്രന്‍ പറയുന്നത്.
അതേസമയം, മറ്റ് ചില ഭാഷാ വിദഗ്ദര്‍ തന്റെ നിഘണ്ടുവിന് അനാവശ്യ പോരായ്മ ചൂണ്ടിക്കാട്ടി തന്നെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും രാമചന്ദ്രന്‍ പറയുന്നു. ഇതില്‍ പല വാക്കുകളും ആദിവാസികള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പലതിനും ലിപി ഇല്ല, ആദിവാസികള്‍ ശുദ്ധ മലയാളം ഉപയോഗിച്ച് തുടങ്ങി. ആദിവാസികള്‍ക്ക് സ്വന്തം ഭാഷയില്ല, ഉണ്ടെങ്കില്‍ തന്നെ ദ്രാവിഡ ഭാഷയെ ഉള്ളൂ അതിന് ആര്യന്മാരുമായി ബന്ധമില്ല എന്നൊക്കെയാണ് ഭാഷാ വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ ‘ആയയിരക്കണക്കിന് വര്‍ഷങ്ങളായി ആദിവാസികള്‍ ഈ ഭാഷകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഭാഷാ വിദഗ്ദര്‍ പറഞ്ഞത് പോലെയെങ്കില്‍ സംസ്‌കൃതത്തിന് ശബ്ദതാരാവലിയില്‍ സ്ഥാനം ലഭിച്ചത് എങ്ങനെ? ഞാന്‍ തിരഞ്ഞെടുത്ത 5 ഭാഷയില്‍ കാട്ടുനായ്ക്ക ഭാഷ കര്‍ണാടകയില്‍ നിന്നും ഊരാളി ഭാഷ കന്നഡ, തുളു എന്നീ ഭാഷകളില്‍ നിന്നും കുറുമരുടെ ഭാഷ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെയാണ് ഉരുത്തിരിഞ്ഞു വന്നത് ‘എന്നാണ് ഇതിന് രാമചന്ദ്രന്റെ മറുപടി.
വയനാട്ടിലെ ആദിവാസികളില്‍ കുറിച്യരുടേത് ഒഴികെ മറ്റെല്ലാ ആദിവാസി ഭാഷകളും കൈകാര്യം ചെയ്യുന്ന രാമചന്ദ്രന് നിഘണ്ടു നിര്‍മ്മിക്കുന്നതിന് പ്രചോദനം നല്‍കിയത് ചരിത്രകാരനും എഴുത്തുകാരനും നിരൂപകനുമൊക്കെയായ ഒ.കെ ജോണിയാണ്. സ്‌കുളില്‍ പഠിച്ചിരുന്ന കാലത്ത് സംസ്ഥാനതല മത്സരങ്ങളില്‍ കഥ, കവിതാ സമാഹാരങ്ങള്‍ക്ക് നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു രാമചന്ദ്രന്‍. നിലവില്‍ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ എത്തിക്കുന്നതിനായി ചില മാധ്യമങ്ങള്‍ക്ക് വേണ്ടി എഴുതുന്നുമുണ്ട്. കാട്ടുചന്തം എന്ന പേരില്‍ ആദിവാസി ജീവിതം പ്രമേയമാക്കി എഴുതിയ തിരക്കഥ സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്.