രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട യഹൂദരുടെ സുപ്രസിദ്ധ പ്രതീകമായി മാറിക്കഴിഞ്ഞു ആന്‍ ഫ്രാങ്ക് എന്ന കൗമാരക്കാരി. വംശവെറിയുടെ, നാസി ക്രൂരതയുടെ ദൈന്യവും നിസ്സഹായതയും ലോകത്തോട് പറഞ്ഞ് ആന്‍ ഫ്രാങ്ക് എന്ന കൊച്ചുകുട്ടിയുടെ ഡയറി പുറത്തുവന്നിട്ട് എഴുപത് വര്‍ഷം.. ഹോളോകോസ്റ്റ് കാലത്ത് ജര്‍മന്‍ നാസികളുടെ വംശഹത്യക്ക് ഇരയായ പതിനായിരക്കണക്കിന് മനുഷ്യരില്‍ ഒരു കുട്ടി മാത്രമാവുമായിരുന്നു അവള്‍..
കിറ്റി എന്ന് ഓമനപ്പേരിട്ട ഡയറിയിലൂടെ അവള്‍ ലോകത്തിനായി കരുതി വെച്ചത് സമാനതകളിലല്ലാത്ത പീഡനകാലത്തിലൂടെ കടന്നുപോയ മനുഷ്യരുടെ ചരിത്രമാണ്. നെതര്‍ലാന്‍ഡ്‌സിലെ ഒളിത്താവളത്തില്‍ എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് കഴിയുമ്പോഴും ജീവശ്വാസം മിടിപ്പായി, ഭയമായി പേറുമ്പോഴും വരാനിരിക്കുന്ന നല്ലകാലത്തെ കുറിച്ച് അവള്‍ പ്രതീക്ഷ പുലര്‍ത്തി..
ചുറ്റും പ്രസന്നതയോടെ ഉല്ലാസത്തോടെ കൗതുകത്തോടെ അവള്‍ നോക്കിക്കണ്ടു. ജീവിതത്തോടുള്ള പ്രതീക്ഷയും പ്രസാദാത്മകതയുംകൊണ്ട് കാലത്തെ അതിജീവിക്കുകയാണ് ആ ഡയറി. 1942 ജൂണ്‍ 12നും 1944 ആഗസ്റ്റ് ഒന്നിനും ഇടക്ക് അനക്‌സ് എന്ന ഒളിസങ്കേതത്തിലിരുന്ന് അവള്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ ഇതിനകം ലോകം മുഴുവന്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഒട്ടേറെ സിനിമ, നാടക, ടെലിവിഷന്‍ പരിപാടികള്‍ക്ക് പ്രചോദനമാകുകയും ചെയ്തു. അനക്‌സ് ആകട്ടെ ഇന്ന് പ്രതിദിനം ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ഒരു മ്യൂസിയമാണ്.. അന്ന് ആന്‍ എഴുതിയ ഡയറിക്ക് ഇന്ന് 70 വയസ്സായി. 1947ലാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിക്കുന്നത്.
ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജൂതവംശജര്‍ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകള്‍. 1945 ലാണ് ഈ ഡയറി കണ്ടെടുക്കുന്നത്.ഡച്ചു ഭാഷയിലായിരുന്നു ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് 1952 ല്‍ ദ ഡയറി ഓഫ് എ യങ് ഗേള്‍ എന്ന പേരില്‍ പുറത്തിറങ്ങി. പിന്നീട് അറുപതോളം ഭാക്ഷകളിലേക്ക് അത് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെ ഇന്നും ജീവിക്കുന്നു. ജര്‍മനിയിലെ സ്വേച്ഛാപതിയായിരുന്ന ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫും, ആന്‍ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ ഡയറിക്കുറിപ്പിലും. ഹിറ്റ്‌ലറുടെ ആത്മകഥയില്‍ ഇല്ലാത്തെതെല്ലാം ആനിന്റെ ഡയറിയില്‍ ഉണ്ടായിരുന്നു.