ബഹുസ്വരതയുടെ അന്തരീക്ഷം തമിഴ് സാഹിത്യത്തിന് നഷ്ടപ്പെട്ടെന്ന് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍. കോഴിക്കോട് നടന്ന കെ.എസ്. ബിമല്‍ അനുസ്മരണം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടയാളങ്ങളെ അധികാരവര്‍ഗം ഭയക്കാന്‍ തുടങ്ങിയതോടെ ബഹുസ്വരതയ്ക്കുപകരം ഏകസ്വരം കൊണ്ടുവരാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
90കളില്‍ തമിഴ് സാഹിത്യത്തില്‍ ബഹുസ്വരതയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ലോകത്താകമാനം സംഭവിച്ച ഉത്തരാധുനികതയുടെ പരിണിതഫലമായിരുന്നു അത്. മലയാളത്തെക്കാള് മികച്ച ശക്തമായ ദളിത്, പെണ്‍ സാഹിത്യം തമിഴില്‍ ഉയര്‍ന്നുവന്നതും ഇക്കാലത്താണ്.
മറ്റൊരു പ്രധാനമാറ്റം പെരിയാര്‍ നായ്ക്കര്‍ക്ക് മറുവായന നടന്നു എന്നുള്ളതാണ്. സ്വന്തമായ അഭിപ്രായപ്രകടനം, എഴുത്ത്, ശീലം, താത്പര്യം എന്നിവ ജനവിരുദ്ധമാവാത്തിടത്തോളം കാലം സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട് എന്ന് പെരുമാള്‍ തിരിച്ചറിഞ്ഞിരുന്നു. അത് തങ്ങള്‍ക്കും സ്വീകാര്യമായ ഒന്നാണെന്ന തിരിച്ചറിവ് കമ്യൂണിസ്റ്റുകാര്‍ക്കുണ്ടായി. ഒരിക്കല്‍ തള്ളിപ്പറഞ്ഞ കമ്യൂണിസ്റ്റുകാര്‍ വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തെ തിരിച്ചറിഞ്ഞ് കൂടെക്കൂട്ടി.
എന്നാല്‍ 2010നുശേഷം എങ്ങനെ എഴുതണം, എങ്ങനെ സംസാരിക്കണം എന്നൊക്കെ ഒരു കൂട്ടര്‍ തീരുമാനിക്കുന്ന അന്തരീക്ഷം നിലവില്‍വന്നിരിക്കുന്നു. ഇത് തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്. അതിലൂടെ ഒരു ജനതയ്ക്കും സാഹിത്യത്തിനും മുന്നോട്ടുപോവാനാവില്ലെന്നും പെരുമാള്‍ മുരുകന്‍ പറഞ്ഞു.