ബഹ്‌റൈന്‍ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ ജി സി സി തലത്തില്‍ പ്രവാസികളായ എഴുത്തുകാരുടെ കവിതകള്‍ ഉള്‍പ്പെടുത്തി ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നു. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ സപ്തതി ആഘോഷങ്ങളുടെഭാഗമായാണ് കവിതാസമാഹാരം തയ്യാറാക്കുന്നത്.
സ്വന്തം സൃഷ്ടികള്‍ ഒരു ബുക്കില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം നല്ല എഴുത്തുകാര്‍ക്ക് വേണ്ടി അവരുടെ ഭാവനകളെ കൂടുതല്‍ മികവുള്ളതാക്കി അവരെ സാഹിത്യ മേഖലയ്ക്കു ഒരു മുതല്‍ കൂട്ടാവാന്‍ വേണ്ട എല്ലാ സഹകരണവും ചെയ്തു കൊടുക്കുക എന്നതാണ് ഈ പ്രസിദ്ധീകരണം വഴി സമാജം ശ്രമിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള , ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ പത്രകുറുപ്പില്‍ അറിയിച്ചു.
പ്രസിദ്ധീകരിക്കുന്നതിനു യോഗ്യമായ സൃഷ്ടികള്‍ തിരഞ്ഞെടുക്കുന്നത് നാട്ടിലെ പ്രശസ്തരായ രണ്ട് എഴുത്തുകാരും അവരോടൊപ്പം സമാജം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന സമിതിയായിരിക്കും. ഈ സൃഷ്ടികളുടെ പൂര്‍ണ ഉത്തരവാദിത്തം സൃഷ്ടാവില്‍ മാത്രമായിരിക്കും.
പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന സൃഷ്ടികള്‍ സമാജം ലൈബ്രറിയുടെ മെയില്‍ ഐഡിയില്‍ അയക്കുകയും ഒരു പേജില്‍ ഉള്‍കൊള്ളുന്നതും ആയിരിക്കണം. സൃഷ്ടിയോടൊപ്പം സൃഷ്ടാവിന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒരു ബയോഡാറ്റയും ഉണ്ടായിരിക്കണം. പുസ്തക വില്‍പനയില്‍ കൂടി കിട്ടുന്ന സംഭാവന സമാജത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടക്കം കുറിച്ച ഭവന നിര്‍മാണ പദ്ധതിയിലേക്ക് സംഭാവന നല്കുവാനാണ് വിനിയോഗിക്കുന്നതെന്നു സമാജം ലൈബ്രേറിയന്‍ വിനയചന്ദ്രന്‍ നായര്‍ അറിയിച്ചു.
സൃഷ്ടികള്‍ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്കായി സമാജം വായനശാലയുമായി ബന്ധപ്പെടുക. mail id: samajamlibrary@gmail.com. ബന്ധപ്പെടേണ്ട നമ്പര്‍ 35523151/ 39720030/ 39370929.