മലയാള നിഘണ്ടുവിൽ ‘അമ്മ എന്ന വാക്കിന്റെ അർഥം മാറ്റിയെഴുതണമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെയും സാഹിത്യ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്‌ദതാരാവലിയുടെ ശതാബ്ദി ആഘോഷം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണാധിപത്യത്തിന്റെയും ഫ്യൂഡൽ മനോഭാവത്തിന്റെയും അധോലോകത്തിന്റെയും മിശ്രിതമായി വിനോദ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന ഒരു സംഘം എന്ന് ഇപ്പോൾ ആ പദത്തിന് അർത്ഥം കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഭാഷയുടെ ചിട്ടയില്ലായ്മയ്ക്ക് നിഘണ്ടു നിർമ്മാണത്തിലൂടെ ചാട്ടയുണ്ടാക്കുകയായിരുന്നു ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള. സർഗ്ഗാത്മക സാഹിത്യകാരന്മാർ ഇത്തരം ചിട്ടപ്പെടുത്തലുകളെ ഗുണപരമായി അലങ്കോലപ്പെടുത്തുന്നവരാണെന്നും വൈശാഖൻ പറഞ്ഞു. ഡോ. പി കെ രാജശേഖരൻ ശ്രീകണ്‌ഠേശ്വരം അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ധർമ്മരാജ് അടാട്ട് മുഖ്യാതിഥിയായി.
മലയാള നിഘണ്ടുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രചുരവും പ്രാമാണികത്വവും ലഭിച്ച 2200 ല്‍ പരം താളുകളുള്ള ഈ നിഘണ്ടു മലയാള പദങ്ങളുടെ അര്‍ത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാനവാക്കായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ശ്രേയല്‍ക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാള്‍ സ്വാര്‍ത്ഥ ലാഭങ്ങളില്ലാതെ ഭാഷയ്ക്കുവേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെയ്ക്കാന്‍ സന്നദ്ധതകാട്ടിയതിന്റെ ഉത്തമോദാഹരണമാണ് ഈ കൃതി.