ആദിവാസിഗ്രോത്രങ്ങള്‍ക്കിടയിലെ മദര്‍തെരേസ എന്നറിയപ്പെടുന്ന.. കന്യാമഠത്തില്‍നിന്ന് കീഴാളമണ്ണിലെത്തിയ ദയാബായിയുടെ കഥയാണ് പച്ചവിരല്‍ എന്ന പുസ്തകം. വിത്സണ്‍ ഐസക് തയ്യാറാക്കിയ ഈ പുസ്തകത്തിലൂടെ മേഴ്‌സിമാത്യു എന്ന പാലാക്കാരിയില്‍ നിന്നും ദയാബായി എന്ന തണല്‍മരമായിമാറിയ കഥ അവര്‍ ഓര്‍ത്തെടുക്കുന്നു. അതിലോന്നാണ് ‘സുഖര്‍ഥി’ എന്ന ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടിയുടെ ദുരനുഭവം. അവളെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തിയതും അവിടെ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന പോസീസ് മുറയെക്കുറിച്ചും ദയാബായി എഴുതുന്നു..
പച്ചവിരല്‍ എന്ന പുസ്തകത്തില്‍ നിന്നൊരദ്ധ്യായം- ‘പോലീസ് മുറ’
മാസങ്ങളോളം നിരന്തരമായ ഭര്‍ത്തൃപീഡനത്തിനിരയായി മരണത്തിന്റെ മുഖത്തുനിന്ന് രക്ഷപ്പെട്ട് ഒളിച്ചോടിയ ‘സുഖര്‍ഥി’ എന്ന ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടി അവളുടെ മാതാപിതാക്കളോടൊപ്പം പരാതി നല്‍കാനായി പോലീസ്‌സ്റ്റേഷനിലേക്ക് ചെന്നു. ചിന്ത്‌വാഡായിലെ ഹരൈ പോലീസ് സ്റ്റേഷനിലേക്കാണവര്‍ പോയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദ്ദനമത്രയും. ഭര്‍ത്താവ് അവളെ മൂന്നാമത് വിവാഹം കഴിച്ചതായിരുന്നു. അയാള്‍ അവളെ അടിക്കുന്നത് മുമ്പൊരിക്കല്‍ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്.
ശരീരമാസകലം മുറിവുകളും പരിക്കുകളുമായിചെന്ന ആ പെണ്‍കുട്ടിയുടെ പരാതി കേള്‍ക്കുകയോ അവളെ കാണുകപോലുമോ ചെയ്യാതെ ദരോഗ ആ സാധുമനുഷ്യരെ ആട്ടിപ്പായിച്ചു. സ്റ്റേഷന്റെ ചാര്‍ജ്ജ് വഹിക്കുന്ന എസ്.ഐ. ‘ദരോഗ’ എന്ന പേരിലാണ് ഇപ്പോഴും ആ പ്രദേശങ്ങളില്‍ അറിയപ്പെടുന്നത്. ദരോഗ മുഗള്‍പാരമ്പര്യത്തില്‍നിന്നു വരുന്നതാണ്. മുഗള്‍കാലഘട്ടത്തിലെ എസ്.ഐ. എന്നു വേണമെങ്കില്‍ ദരോഗയെ എഴുതാം.
ഹരൈയിലെ ജന്മിയും ഗോണ്ട് രാജവംശത്തിലെ രാജാവുമായ ഭൂപേന്ദ്രഷായെ സുഖര്‍ഥിയുടെ ഭര്‍ത്താവ് സമീപിച്ചിരുന്നു എന്നും, അയാളുടെ സ്വാധീനത്തിലാണ് ദരോഗ അങ്ങനെ പെരുമാറിയതെന്നും പിന്നീട് അറിയാന്‍ കഴിഞ്ഞു. അവളുടെ ഭര്‍ത്താവ്, അവളെ വിറകുകൊള്ളികള്‍ ചുറ്റിലും വച്ച് കത്തിക്കും എന്ന് ഭീഷണിപ്പെടുത്തുകയും അങ്ങനെ പ്രവര്‍ത്തിക്കാന്‍ തുനിയുകയും ചെയ്തപ്പോഴാണ് അവള്‍ ഭര്‍ത്തൃവീട്ടില്‍നിന്നും ഓടിപ്പോന്നത്.
ആ പെണ്‍കുട്ടിയെ കണ്ടെത്തി സംസാരിച്ചശേഷം അവളെയും ബന്ധുക്കളെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി. മുന്‍ഷിയെ (കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ റൈട്ടര്‍ എന്നു പറയും) കണ്ടു. സാബ് പറഞ്ഞിട്ടാണ് അവളെ തിരിച്ചയച്ചതെന്നറിയാന്‍ കഴിഞ്ഞു. മൂന്നു മണിക്കൂറോളം കാത്തിരുന്നശേഷമാണ് എസ്.ഐ.യെ കാണാന്‍ കഴിഞ്ഞത്. സുഖര്‍ഥിയെയും മറ്റും കണ്ടപാടെ എസ്. ഐ. നിങ്ങള്‍ എന്താണ് വീണ്ടുംവന്നതെന്നു ചോദിച്ച് ഉച്ചത്തില്‍ ഗെറ്റൗട്ട് പറഞ്ഞു. അയാള്‍ കയര്‍ക്കുവാന്‍ തുടങ്ങി.
ജീവനുതന്നെ ഭീഷണിയാവുംവിധം പീഡിപ്പിക്കപ്പെട്ട ആ പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടിയൊന്നും എടുക്കാതെ പുറത്താക്കിയതെന്താണെന്ന് എസ്.ഐ. യോട് ഞാന്‍ ചോദിച്ചു. അത് പറയാന്‍ നീ ആരാടീ എന്ന് ചോദിച്ചുകൊണ്ട് എസ്.ഐ. അപ്പോള്‍ എന്റെ നേരേ തിരിഞ്ഞു.
‘ഈ പ്രശ്‌നമെനിക്ക് നന്നായറിയാം സര്‍, ഇവര്‍ സഹായത്തിന് വിളിച്ചിട്ടാണ് ഞാന്‍ വന്നത്, ഇവളുടെ പരാതിയില്‍ 498 (എ) അനുസരിച്ച് സ്ത്രീപീഡനത്തിന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം സാര്‍.’ ഞാന്‍ പറഞ്ഞു.
‘നീ ആരെടീ ഞങ്ങളെ പഠിപ്പിക്കുവാന്‍?’ ഒച്ച വച്ചുകൊണ്ട് എസ്.ഐ. എന്റെ നേരേ എഴുന്നേറ്റു വന്നു.
‘കേസ് എടുക്കാന്‍ പറ്റില്ല, പേരുവിവരങ്ങള്‍ എഴുതിക്കൊടുത്ത് പൊയ്‌ക്കോ, ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയശേഷമേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യൂ.’
‘എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത ശേഷമല്ലേ സാര്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തേണ്ടത്?’ ഞാന്‍ തിരിച്ചു ചോദിച്ചു. എന്തായാലും എഫ്.ഐ.ആര്‍. എടുത്തതിനുശേഷമേ ഞാന്‍ ഇവിടെനിന്ന് പോവുകയുള്ളൂ. അങ്ങനെ പറഞ്ഞുകൊണ്ട് അവിടെത്തന്നെ ഇരുന്നു.
വിഡ്ഢിത്തം പുലമ്പരുത്.’ ആ പോലീസുകാരന്‍ ആക്രോശിച്ചുകൊണ്ട് അരികിലേക്കു വന്നു.
‘ഞങ്ങള്‍ ഞങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്, മറ്റൊന്നുമല്ല.’
‘വിഡ്ഢിത്തം നിറുത്തെടീ’ എന്നു പറഞ്ഞുകൊണ്ട് കൈ ചൂണ്ടിക്കൊണ്ട് അയാള്‍ തൊട്ടടുത്തെത്തി.
‘എന്റെ നേരേ കൈ ചൂണ്ടരുത്.’ (ഹാത് നഹിം ലഗാനാ), ഞാന്‍ പറഞ്ഞു.
അപ്പോള്‍ ക്രുദ്ധനായ ആ ഉദ്യോഗസ്ഥന്‍ എന്റെ മുഖത്ത് മുഷ്ടിചുരുട്ടി ഇടിച്ചു. എന്റെ വായിലെ പല്ലുകള്‍ ഇളകി ചോരയൊലിക്കാന്‍ തുടങ്ങി.
‘യു ഹാവ് നോ റൈറ്റ് റ്റു ടച്ച് മീ’ എന്നു പറഞ്ഞ് അയാളെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ആ ഓഫീസര്‍ എന്റെ ശരീരത്തിലും ചെകിടത്തും മാറിമാറി അടിക്കാനും ഇടിക്കാനും തുടങ്ങി. ഒരു പോലീസുകാരന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. എനിക്കും അയാള്‍ക്കുമിടയില്‍ തടസ്സം നില്‍ക്കാന്‍ ശ്രമിച്ച പോലീസുകാരനെ തട്ടിമാറ്റിക്കൊണ്ട് ആജാനുബാഹുവായ ആ ഉദ്യോഗസ്ഥന്‍ എന്നെ ചുമലുകളില്‍പിടിച്ച് തള്ളിക്കൊണ്ടുപോയി ലോക്കപ്പിന്റെ ഭിത്തിയിലിടിച്ചു. എന്റെ സാരി പകുതിയോളവും അഴിഞ്ഞു കഴിഞ്ഞിരുന്നു!
‘ദൈവമേ, ഇയാള്‍ എന്റെ മാനംപോലും നശിപ്പിക്കുമോ?’ എനിക്ക് കരച്ചില്‍ വന്നു. അപ്പോഴേക്കും ഏതാനും പോലീസുകാര്‍ വന്ന് പിറകില്‍ നിന്ന് അയാളെ പിടിച്ചുകൊണ്ടുപോയി ശാന്തനാക്കി.
ഈ സംഭവം 1995-ലാണ്. ഇതിനു ശേഷമാണ് എന്റെ പോരാട്ടം പോലീസിനെതിരായ പോരാട്ടംകൂടിയാവുന്നത്. പരാതികളുമായി മേലുദ്യോഗസ്ഥരെ സമീപിക്കുമ്പോഴെല്ലാം അവര്‍ മാന്യമായി സ്വീകരിക്കും. എന്നാല്‍ പിന്നീട് ആ ഉദ്യോഗസ്ഥര്‍തന്നെ രഹസ്യമായി അവര്‍ക്കെതിരെ കരുക്കള്‍ നീക്കും. ഉന്നതരായ പോലീസുദ്യോഗസ്ഥര്‍പോലും മിക്കവാറും ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്..!