കഥകള്‍കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് പുരണകഥകള്‍. ഇനി രാമായണമാസം പിറക്കുകയാണ് നാടെങ്ങും രാമ കഥയാല്‍ മുഖരിതമാകും. അതോടൊപ്പം പുരണാകഥകളും ഉയര്‍ന്നുകേള്‍ക്കാം. രസകരങ്ങളായ ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും ഉത്പത്തികഥകളും ആചാരക്രമങ്ങളുമെല്ലാം പുരാണങ്ങളില്‍ അടങ്ങിയിരിക്കുന്നു. അവയില്‍ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന എത്രയോ ആഖ്യാനങ്ങളും നിറഞ്ഞു നില്ക്കുന്നു. ഇപ്പോള്‍ പതിനെട്ടു പുരാണങ്ങളും ഓരോന്നായി മാര്‍ക്കറ്റില്‍ലഭ്യമാണ്. നന്മയുടെയും തിന്മയുടെയും തിരിച്ചറിവുകള്‍ കാട്ടിത്തരുന്ന ഒരു പുരാണകഥ പരിചയപ്പെടുത്തുകായണിവിടെ..
വരാഹപുരാണത്തിലെ എട്ടാം അധ്യായത്തില്‍ നിന്നും ഒരു കഥ..
മഹാത്മാവും ധാര്‍മ്മികനുമായ ഒരു വ്യാധന്റെ കഥ മഹാഭാരതം വനപര്‍വ്വത്തില്‍ വിവരിക്കുന്നുണ്ട് ‘ധര്‍മ്മവ്യാധന്‍’ എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം മൃഗങ്ങളെക്കൊന്ന് മാംസം വില്ക്കുന്ന തൊഴിലാണ് ചെയ്തിരുന്നത്. പ്രാണിഹിംസ ചെയ്യുന്നവരെ മഹാത്മാക്കളായി എങ്ങനെകരുതും എന്ന് പലര്‍ക്കും സന്ദേഹ മുണ്ടാകും. എന്നാല്‍ ധര്‍മ്മവ്യാധനെക്കുറിച്ച് കൂടുതലറിയുമ്പോള്‍ അത് പരിഹരിക്കപ്പെടും. കാട്ടിലൊരിടത്ത് വൃക്ഷച്ചുവട്ടില്‍ ധ്യാനനിമഗ്നനായിരുന്ന കൗശിക ബ്രാഹ്മണന്റെ ശിരസ്സില്‍ ഒരു വലാകപ്പക്ഷി അറിയാതെ കാഷ്ഠിച്ചുപോയി. കൗശികന്റെ ക്രോധത്തോടെയുള്ള നോട്ടത്തില്‍ ആ ചെറുപക്ഷി എരിഞ്ഞു ചാമ്പലായി മാറി. ഭിക്ഷ തേടിയിറങ്ങിയ കൗശികബ്രാഹ്മണന്‍ തൊട്ടടുത്തുള്ള ഗ്രാമത്തിലെ ഒരു ഗൃഹത്തില്‍ ചെന്നുചേര്‍ന്നു. പാത്രങ്ങള്‍ കഴുകിവയ്ക്കുകയായിരുന്നു ഗൃഹനായിക കൗശികബ്രാഹ്മണനോട് അല്പംനേരം കാത്തുനില്‍ക്കണമെന്ന് അപേക്ഷിച്ചിട്ട് ഗൃഹനായിക ജോലി മുഴുമിപ്പിക്കുകയായിരുന്നു. അപ്പോഴാണ് അവളുടെ ഭര്‍ത്താവ് വിശന്നുവലഞ്ഞ് കയറിവന്നത്. പെട്ടെന്ന് അവള്‍ ഭര്‍ത്താവിനെ സ്വീകരിച്ചിരുത്തി ഭക്ഷണം വിളമ്പി നല്‍കി. ഭര്‍ത്താവിനെ തൃപ്തനാക്കിയശേഷം അവള്‍ കൗശികബ്രാഹ്മണനുള്ള
ഭിക്ഷയുമായി പുറത്തേക്കുവന്നു കാത്തുനിന്നുമുഷിഞ്ഞ കൗശിക ബ്രാഹ്മണന്‍ ഈര്‍ഷ്യയോടെ അവളോടു ചോദിച്ചു:
”ഭിക്ഷ നല്‍കാന്‍ എന്തേ ഇത്ര വൈകി? ഞാന്‍ പുറത്തു കാത്തുനില്ക്കുന്നത് നിനക്കറിവുള്ളതല്ലേ?” അവള്‍ ആദരപൂര്‍വം പറഞ്ഞു. ക്ഷമിക്കണേ മഹാത്മാവേ, വിശന്നെത്തിയ എന്റെ ഭര്‍ത്താവിന് ഭക്ഷണം നല്‍കിയതിനാലാണ് ഞാന്‍ വൈകിപ്പോയത്. ഭര്‍ത്താവിന്റെ ഹിതം നോക്കുക എന്നതാണ് എന്റെ പ്രാഥമിക കര്‍ത്തവ്യം. കൗശികനെ ആ വാക്കുകള്‍ ചൊടിപ്പിച്ചു.
”ബ്രാഹ്മണരെക്കാള്‍ മേലെയാണോ നിന്റെഭര്‍ത്താവ്?” എന്നായി കൗശികന്‍. മാത്രമല്ല, ‘അഗ്നിസമാനരായ ബ്രാഹ്മണര്‍ ഭൂമിയെപ്പോലും ചുട്ടെരിക്കാന്‍ പ്രാപ്തരാണെന്നുകൂടി നീ മനസ്സിലാക്കണമെന്ന് ആ സാധ്വിയോടു പറഞ്ഞു. ”തപസ്വിയായ അങ്ങ് എന്നെ ഒരു വലാകപ്പക്ഷിയായി കരുതരുത്. എന്റെ പരമമായ ധര്‍മ്മം ഞാന്‍ നിര്‍വഹിക്കുകയായിരുന്നു. അങ്ങയുടെ ക്രോധത്തില്‍പ്പെട്ട ആ ചെറുപക്ഷിയെ ചുട്ടുകൊന്നതാണെന്നെനിക്കറിയാം. അതെനിക്കറിയാന്‍ കഴിയുന്നു എന്നതാണ് പതി ശുശ്രൂഷയുടെ മാഹാത്മ്യം. വേദജ്ഞാനിയും തപസ്വിയുമായ അങ്ങ് ധര്‍മ്മതത്ത്വം അറിയുന്നില്ല. അറിവുള്ളവര്‍ ക്രോധത്തെ അടക്കി നിര്‍ത്തേണ്ടവരാണ്. ധര്‍മ്മതത്ത്വക്കുറിച്ച് അങ്ങയ്ക്ക് കൂടുതലറിയില്ലെങ്കില്‍ മിഥിലാപുരിയിലെ ധര്‍മ്മവ്യാധനോടു ചോദിക്കുക. അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചാല്‍ നന്മകൈവരും. കൗശികന്‍ ആ സ്ത്രീയുടെ വാക്കുകള്‍ കേട്ട് ശാന്തചിത്തനായി. ആ സ്ത്രീയെ ആശീര്‍വദിച്ചിട്ട് ധര്‍മ്മവാദിയും ജിതേന്ദ്രിയനും വൃദ്ധമാതാപിതാക്കളെ ശുശ്രൂഷിക്കുന്നതില്‍ ആനന്ദിക്കുന്നവനുമായ വ്യാധനെ തേടി അദ്ദേഹം മിഥിലാപുരിയിലേക്ക് പുറെപ്പട്ടു. മിഥിലയിലെ അങ്ങാടിത്തെരുവില്‍ മാംസവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധര്‍മ്മവ്യാധനെ കൗശികന്‍ ഒടുവില്‍ കെണ്ടത്തി.
ചോരപുരണ്ട ശരീരവുമായി ധര്‍മ്മവ്യാധന്‍ കൗശികബ്രാഹ്മണന്റെ സമീപത്തേക്കുവന്നു.”അങ്ങേയ്ക്കു സ്വാഗതം, ഞാനെന്താണ് ചെയ്തുതരേണ്ടത്? മിഥിലയിലെത്തി എന്നെ കാണാന്‍ പതിവ്രതയായ ആ സ്ത്രീ പറഞ്ഞതും തന്മൂലം ഭവാന്‍ ഇവിടെ എത്തിയതും എനിക്കറിയാന്‍ കഴിഞ്ഞിരിക്കുന്നു.” കൗശികന്‍ ക്ഷണനേരം വിസ്മയഭരിതനായി. അദ്ദേഹം ധര്‍മ്മവ്യാധനെ മനസ്സാ ഗുരുവായി സങ്കല്പിച്ചു. ഈ കഥ ഇവിടെ നില്ക്കട്ടെ, ധര്‍മ്മവ്യാധനെക്കുറിച്ച് ആമുഖമായിപ്പറയാന്‍ വേണ്ടിയാണ് ഇത്രയുംവിവരിച്ചത്. ദിവസവും ഓരോമൃഗത്തെ കൊന്ന് അതിന്റെ മാംസംവിറ്റ് ധര്‍മ്മവ്യാധന്‍ ഉപജീവനം നടത്തിവന്നു. സത്യത്തെ പരിപാലിച്ച് ധര്‍മ്മവ്രതനായി കഴിഞ്ഞുപോന്ന ആ വ്യാധന്‍ മഹാതപസ്വിയായും ധര്‍മ്മജ്ഞാനിയായും കേള്‍വിപ്പെട്ടു. വ്യാധന് അര്‍ജ്ജുനകന്‍ എന്നപുത്രനും അര്‍ജ്ജുനക എന്ന പുത്രിയുമുണ്ടായിരുന്നു. മകള്‍ യൗവന പ്രാപ്തയായപ്പോള്‍ അവളെ ശ്രേഷ്ഠനായ ഒരു പുരുഷനെ ഏല്പിക്കണമെന്ന ചിന്ത ധര്‍മ്മവ്യാധനിലുണ്ടായി. മാതംഗമുനിയുടെ പുത്രന്‍ പ്രസന്നന്‍ എന്ന യുവാവ് തന്റെ പുത്രിക്കനുരൂപനെന്ന് വ്യാധന്‍ ചിന്തിച്ചു. അദ്ദേഹം മാതംഗമുനിയുടെ ആശ്രമത്തിലെത്തി തന്റെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചു.
”അല്ലയോ മുനിശ്രേഷ്ഠ,? അങ്ങയുടെ മകന്‍ പ്രസന്നനുവേണ്ടി എന്റെ മകള്‍ അര്‍ജ്ജുനകയെ സ്വീകരിച്ചാലും? മതംഗമുനിക്ക് അതു സമ്മതമായി
രുന്നു. ”അല്ലയോ ധര്‍മ്മവ്യാധാ സര്‍വ്വശാസ്ത്രവിശാരദനായ എന്റെ മകന്‍ പ്രസന്നനുവേണ്ടി അങ്ങയുടെ മകള്‍ അര്‍ജ്ജുനകയെ ഞാന്‍ സ്വീകരിക്കുന്നു. ധര്‍മ്മവ്യാധന്‍ മുനിപുത്രനുവേണ്ടി തന്റെ മകളെ വരന്റെ ഗൃഹത്തിലേല്‍പ്പിച്ചശേഷം സന്തുഷ്ടനായി മടങ്ങി. ആ കന്യക ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും ശുശ്രൂഷയില്‍ മുഴുകി ജീവിച്ചു വന്നു. കാലം കുറേ കഴിഞ്ഞു. ഒരിക്കല്‍ ഏതോ ഒരു ചെറിയ തെറ്റിന് ഭര്‍ത്യമാതാവ് അര്‍ജ്ജുനകയോടു കോപിച്ചു. ”നീ ജീവികളെ കൊല്ലുന്നവന്റെ മകളാണ്. അതിനാല്‍ നിനക്ക് ധര്‍മ്മബോധമെന്തെന്നറിയില്ല.” ഈ പൗരുഷവാക്കുകള്‍കേട്ട് അര്‍ജ്ജുനക ദുഃഖിതയായി. അവള്‍കരഞ്ഞുകൊണ്ട് പിതൃഗൃഹത്തിലെത്തി പിതാവിനോടു സങ്കടമുണര്‍ത്തിച്ചു. ”ജീവികളെ കൊല്ലുന്നവന്റെ മകളെന്നും, വ്യാധപുത്രിയെന്നുംപറഞ്ഞു ഭര്‍ത്യമാതാവ് കോപിച്ചതും ശകാരിച്ചതും അവള്‍ അച്ഛനെ അറിയിച്ചു.
മകളുടെ ദുഃഖം കണ്ട്ധര്‍മ്മവ്യാധന് വിഷമമായി. അദ്ദേഹം ജനവാസ സ്ഥാനത്തുള്ള മതംഗഗൃഹത്തിലേക്കു പുറപ്പെട്ടു. ഋഷിശ്രേഷ്ഠനായ മാതംഗന്‍ ധര്‍മ്മവ്യാധനെ സ്വീകരിച്ചിരുത്തി. കുശലാന്വേഷണം നടത്തി അങ്ങയുടെ വരവിന്റെ ലക്ഷ്യമെന്ത്? ഞാനെന്താണ് ചെയ്യേത് എന്ന് വിനീതനായി.”എനിക്കു വിശക്കുന്നു. ആദ്യം കഴിക്കാന്‍ ഭക്ഷണം വേണം. അത് ജീവനില്ലാത്തത് ആയിരിക്കയും വേണം. അതിനുവേണ്ടിയാണ് ഞാനിപ്പോള്‍ അങ്ങയുടെ ഭവനത്തിലെത്തിയിരിക്കുന്നത്.” മാതംഗമുനി സംസ്‌കരിച്ച് വീട്ടില്‍ സൂക്ഷിക്കുന്ന ഗോതമ്പും മറ്റു ധാന്യങ്ങളും ഓരോ മുറത്തില്‍ ധര്‍മ്മവ്യാധന്റെ മുന്നിലെത്തിച്ചു. ഉടനെതന്നെ ധര്‍മ്മവ്യാധന്‍ ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റ് പോകാന്‍ തയ്യാറായി.
”അങ്ങ് എന്തുകൊണ്ടാണ് എന്റെ സല്‍ക്കാരം സ്വീകരിക്കാതെ മടങ്ങുന്നത്? ഇതെല്ലാം അങ്ങേയ്ക്ക് സ്വയം പാകം ചെയ്‌തോ മറ്റൊരാളെക്കൊണ്ട് പാകം ചെയ്യിച്ചോ ഭക്ഷിക്കാവുന്ന ഉത്തമമായ ആഹാരസാധനങ്ങള്‍തന്നെയാണ് അപ്പോള്‍ ധര്‍മ്മവ്യാധന്‍ പറഞ്ഞു: ”മുനിയായഭവാന്‍ ദിവസവും ആയിരക്കണക്ക് ജീവനുള്ളവയെ കൊല്ലുന്നു. ഇത്തരത്തില്‍ പാപിയായൊരുവന്റെ ഭവനത്തില്‍നിന്നും നന്മയുള്ള ആരാണ് ഭക്ഷണം കഴിക്കുക? ജീവനില്ലാത്തതോ ജീവന്‍ നശിപ്പിക്കപ്പെട്ടതോ ആയ ഭക്ഷണം അങ്ങയുടെ ഭവനത്തില്‍ സംസ്‌കരിച്ചുവച്ചിട്ടുണ്ടോ? ഈ കാണപ്പെടുന്ന ധാന്യങ്ങളാവട്ടെ ജീവനുള്ളവയാണ് ഇത് വിതയ്ക്കുകയാണെങ്കില്‍ അനേകായിരങ്ങളായി പുനര്‍ജ്ജനിക്കും. കുടുംബം പുലര്‍ത്തുന്നതിനുവേണ്ടി ഞാന്‍ ദിവസവും ഓരോ വന്യജീവിയെ മാത്രം കൊല്ലുന്നു. കൊന്നത് പിതൃക്കള്‍ക്കും ദൈവങ്ങള്‍ക്കും അര്‍പ്പിച്ചശേഷം അനുചരന്മാരോടൊപ്പം ഭക്ഷിക്കുന്നു. അങ്ങാകട്ടെ ഓരോ ദിവസവും അനേകായിരങ്ങളെ കൊന്നിട്ട് അനുചരന്മാരുമായി ഭക്ഷിക്കുന്നു. ആരാണ് കൂടുതല്‍ പാപം ചെയ്യുന്നത്?