പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ വിഖ്യാത അമേരിക്കന്‍ നാടകകൃത്ത് എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു. 88 വയസ്സായിരുന്നു. ന്യൂ യോര്‍ക്കിലെ വസതിയില്‍ വച്ചാണ് ആല്‍ബി മരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നുതവണ (1967, 1975, 1991) പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ച ആല്‍ബി ലോക നാടകത്തിലെ അതികായനായി അറിയപ്പെടുന്നു.
അമേരിക്കയിലെ ഏറ്റവും മികച്ച നാടകകൃത്തുക്കളായ ടെന്നസീ വില്യംസ്, ആര്‍തര്‍ മില്ലര്‍, യൂജിന്‍ ഒനീല്‍ എന്നിവരുടെ ഗണത്തിലാണ് ആല്‍ബിയും പരിഗണിക്കപ്പെടുന്നത്. ആധുനിക ജീവിതത്തിന്റെ യുക്തിരാഹിത്യങ്ങളെയും സങ്കീര്‍ണതകളെയും ആവിഷ്‌കരിക്കുന്നതായിരുന്നു എഡ്വേര്‍ഡ് ആല്‍ബിയുടെ നാടകങ്ങള്‍. കുടുംബം, വിവാഹം, മതം തുടങ്ങി അമേരിക്കന്‍ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ ആ നാടകങ്ങള്‍ വിമര്‍ശനവിധേയമാക്കി.തന്റെ എണ്‍പതാം വയസ്സിലും നാടക രചന തുടര്‍ന്ന എഡ്വേര്‍ഡ് ആല്‍ബിയുടെ അവസാന രചന മി മൈസെല്‍ഫ് ആന്‍ഡ് ഐ (2007) ആയിരുന്നു.
1962ല്‍ ബ്രോഡ്‌വേയില്‍ അവതരിപ്പിച്ച ‘ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജിനിയ വൂള്‍ഫ്’ ആണ് ആല്‍ബിയുടെ ശ്രദ്ധേയമായ കൃതി. ഇത് 1966ല്‍ ഹോളിവുഡ് ചലച്ചിത്രമായി. ചിത്രത്തിലെ അഭിനയത്തിന് എലിസബത്ത് ടെയ്‌ലര്‍ക്ക് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരവും ലഭിച്ചു.
ഇരുപത്തഞ്ചോളം നാടകങ്ങള്‍ എഡ്വേര്‍ഡ് ആല്‍ബി രചിച്ചിട്ടുണ്ട്. ഇവയില്‍ ഏറെയും വിമര്‍ശനങ്ങളും കൈയ്യടികളും ഒരുപോലെ നേടിയവയാണ്. തന്റെ ആറാം വയസ്സില്‍ തന്നെ താനൊരു എഴുത്തുകാരനാകുമെന്ന് അറിയാമായിരുന്നു എന്ന് ആല്‍ബി പിന്നീട് പറഞ്ഞിട്ടുണ്ട്. തനിക്ക് ഒരു നല്ല കവിയോ, നോവലിസ്‌റ്റോ ആകാന്‍ കഴിയില്ലെന്ന ബോധ്യമായിരുന്നു ഇതിനു പിന്നിലെന്നും അദ്ദേഹം പാരിസ് റിവ്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
2002ല്‍ അമേരിക്കന്‍ തീയറ്റര്‍ പുരസ്‌കാരമായ ടോണി ആവാര്‍ഡും അദ്ദേഹം നേടി. 2005ല്‍ സമഗ്ര സംഭാവനക്കുള്ള ടോണി അവാര്‍ഡും ആല്‍ബിക്ക് ലഭിച്ചിരുന്നു. ‘അമേരിക്കന്‍ ഡ്രീം’, ‘എ ഡെലിക്കേറ്റ് ബാലന്‍സ്’, ‘സീസ്‌കേപ്’, ‘ത്രീ ടോള്‍ വിമെന്‍’ എന്നിവയാണ് ശ്രദ്ധേയമായ മറ്റു കൃതികള്‍.
The post വിഖ്യാത അമേരിക്കന്‍ നാടകകൃത്ത് എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു appeared first on DC Books.