കേരളവര്‍മ്മ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് നിയമ നടപടിയിലേക്ക്. എസ്എഫ്‌ഐ കേരളവര്‍മ്മ കോളജില്‍ സ്ഥാപിച്ച എംഎഫ് ഹുസൈന്റെ ”സരസ്വതി”ചിത്രം പതിച്ച ബോര്‍ഡിനെ അനുകൂലിച്ച ദീപാ നിശാന്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന സംഘടിത ആക്രമണങ്ങളെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് ദീപ നിശാന്ത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് സംഘപരിവാര്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും അപമാനിക്കുന്ന തരത്തില്‍ വ്യാജ ചിത്രങ്ങളടക്കം പ്രചരിപ്പിക്കുകയാണെന്നും ദീപ നിശാന്ത് പ്രതികരിച്ചു.
എംഎഫ് ഹുസൈന്റെ ”സരസ്വതി”ചിത്രം പതിച്ച ബോര്‍ഡ് എസ്എഫ്‌ഐ കേരളവര്‍മ്മ കോളജില്‍ സ്ഥാപിച്ചതാണ് സംഘ പരിവാറിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സംഘപരിവാര്‍ രംഗത്തു വന്നപ്പോഴാണ് എത്ര ക്ഷേത്രങ്ങളിൽ പാതിയോ നഗ്നമോ അല്ലാത്ത സരസ്വതീ വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട് എന്ന ചോദ്യവുമായി ദീപ നിശാന്ത് ഫേസ് ബുക്കിലൂടെ തന്റെ പ്രതികരണം അറിയിച്ചത്.
ഇതോടെ കാര്യങ്ങൾ പരിധി വിടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ദീപ നിശാന്തിനെതിരെ പലതരത്തിലാണ് ആക്രണം നടക്കുന്നത്. ദീപ നിശാന്ത് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും അമ്പലങ്ങള്‍ പൊളിക്കാന്‍ ആഹ്വാനം ചെയ്യുന്നുവെന്നുമാണ് ഒരു പ്രചാരണം. ദീപയുടെ പോസ്റ്റിലെ ചില വരികള്‍ മാത്രം എടുത്താണ് ഇത് പ്രചരിപ്പിക്കുന്നത്. നിരവധി ഫേക് ഐഡികളില്‍ നിന്നാണ് ഈ ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
തെളിവ് സഹിതം പരാതി നല്‍കും, ഒന്നോ രണ്ടോ ഐഡികളില്‍ നിന്നല്ല ഇവര്‍ ആക്രമണം നടത്തുന്നത്. നിരവധി വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ആക്രമണം നടത്തുന്നത്. പരാതി നല്‍കുമെന്ന് ബോധ്യപ്പെട്ടതോടെ പലരും പ്രൊഫൈല്‍ ഡിയാക്ടിവേറ്റ് ചെയ്തു. ചിലര്‍ തങ്ങളുടെ ശരിക്കുള്ള പ്രൊഫൈലില്‍ നിന്ന് യാതൊരു ഉളുപ്പുമില്ലാതെ എന്റെ നഗ്ന ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. അത് കാണുമ്പോള്‍ തന്നെ ചിരി വരും. എന്തായാലും അവരത് ചെയ്തു. അല്‍പം വൃത്തിയോടെ ചെയ്യാന്‍ അറിയില്ലേ? ദീപ നിശാന്ത് പറയുന്നു.