എന്താണ് ജീവിതം..?
“ഓ അത് മരണത്തിനു മുമ്പുള്ള ഒരു വെപ്രാളമല്ലേ ?”
ചോദ്യോത്തരരൂപത്തിലുള്ള ഈ രണ്ടു വരികളാണ് കര്‍ത്താവാരെന്ന് വ്യക്തമല്ലെങ്കിലും മലയാളത്തില്‍ ഞാന്‍ അനുഭവിച്ചിട്ടുള്ള ശക്തമായ കുറിയ കഥ.
മിനിക്കഥയെന്നു പേരിട്ട് മലയാളികള്‍ പൈങ്കിളി വാരികകളില്‍ ഫില്ലറുകളായി ഉപയോഗിച്ചു പോരുന്ന ഈ ഗദ്യരൂപം പക്ഷേ, മാഹാസാഹിത്യകാരന്മാര്‍വരെ ഭയഭക്തിബഹുമാനങ്ങളോടെ മാത്രം കൈകാര്യം ചെയ്തിരുന്ന ഒന്നാണ്.! ഒതുക്കിപ്പറച്ചിലിന്റെ ആചാര്യനായ സാക്ഷാല്‍ ഏണസ്റ്റ് ഹെമിങ് വേയാണ് അക്കൂട്ടത്തിലെ ഏറ്റവും മികച്ച രചന നിര്‍വ്വഹിച്ചത്. ആറുവാക്കുകള്‍ മാത്രമുള്ള ആ കഥ ഇതാണ്; For sale ; baby shoes, never worn.’ വില്പനയ്ക്ക് ; ഒരിക്കലും ധരിച്ചിട്ടില്ലാത്ത കുട്ടിപ്പാദുകങ്ങള്‍. എന്ന് നാലു വാക്കുകളായി തര്‍ജ്ജമചെയ്യുമ്പോള്‍, വിവര്‍ത്തനത്തില്‍ ചോര്‍ന്നുപോകുന്ന കവിത എന്ന സങ്കല്പം കുറുങ്കഥകള്‍ക്കും ബാധകമാണെന്നു നാമറിയുന്നു. ഗദ്യാഖ്യാനത്തിലെ ഈ അണുശക്തി മനസ്സിലാക്കിയതുകൊണ്ടാകാം, എന്തിന്റെയും ചെറുരൂപങ്ങള്‍ക്കു പേരിടുമ്പോള്‍ മിനി എന്നു മുന്നില്‍ ചേര്‍ക്കുന്ന പതിവുപേക്ഷച്ചുകൊണ്ട് പാശ്ചാത്യര്‍ ഇതിനെ ഫ്ളാഷ് ഫിക്ഷന്‍ എന്നുവിളിച്ചാദരിച്ചത്. മിനിക്കഥയെന്നല്ല, മിന്നല്‍ക്കഥ എന്നുതന്നെ.
സഡന്‍ ഫിക്ഷന്‍, മൈക്രോ ഫിക്ഷന്‍ , പേസ്റ്റ് കാര്‍ഡ് ഫിക്ഷന്‍, ചെറുകഥ (short short story) എന്നിങ്ങനെയൊക്കെ വിളിപ്പേരുള്ള ഈ സാഹിത്യരൂപത്തിന് ഈസോപ്പുകഥകളുടെ കാലത്തോളം പഴക്കമുണ്ടെന്നതാണ് സത്യം. ചെക്കോവും ഹെന്‍ട്രിയും കാഫ്കയും ജിബ്രാനും ഒ വി വിജയനമൊക്കെ വ്യത്യസ്ത തലങ്ങളില്‍ ഈ ദൃഗദ്യരൂപത്തിന്റെ സാധ്യതകളെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണുകളുടെയും ഇന്റര്‍ നെറ്റിന്റെയും ആവിര്‍ഭാവത്തോടെ ഇതിനൊരു സര്‍വ്വസ്വീകാര്യതയും നവമാനവും കൈവന്നിരിക്കുന്നു.
കൃത്യം അമ്പത്തഞ്ച് വാക്കുകള്‍ ഉള്‍ക്കൊള്ളുന്നതും കൃത്യതയുള്ള ഒരു പ്‌ളോട്ടിനാല്‍ സ്മ്പുഷ്ടവുമായ നാനോഫിക്ഷന്‍ (nano fiction) തലക്കെട്ടുകൂടാതെ കൃത്യം നൂറുവാക്കില്‍ അവസാനിക്കുന്ന ഡ്രാബിള്‍(drabble) , അറുപത്തൊമ്പതു വാക്കില്‍ ക്ലിപ്തപ്പടുത്തിയിട്ടുള്ള സിക്സ്റ്റിനയനര്‍ തുടങ്ങിയ ഗദ്യസാഹസികതകള്‍ രംഗത്തെത്തിക്കഴിഞ്ഞു.
ബ്ലോഗെഴുത്തുകളും എസ്സെമ്മെസ് വികൃതികളും പുസ്തകരൂപം സ്വീകരിക്കുന്ന സമകാലികപ്രവണതയ്ക്ക് എത്രയോ മുമ്പുതന്നെ മലയാളത്തില്‍ കുറുങ്കഥാപുസ്തകങ്ങള്‍ വിപണിയില്‍ വന്നിരുന്നു എന്നത് അഭിമാനകരം തന്നെയാണ്. കുറുങ്കഥകളില്‍ മാത്രം സെപ്ഷ്യലൈസു ചെയ്യുന്നവരും (പി കെ പാറക്കടവിനെ ഓര്‍മിക്കുന്നു) നോവലും ചെറുകഥകളും എഴുതുന്നതിനൊപ്പം കുറുങ്കഥകള്‍ എഴുതി അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പുസ്തകമാക്കുന്നവരും (പി സുരേന്ദ്രനെ ഓര്‍മിക്കുന്നു) ഇന്ന് സജീവരായി രംഗത്തുണ്ട്.
കടപ്പാട്; വി എച്ച് നിഷാദ്