‘ഇന്റലക്ച്വല്‍ സ്റ്റാമിന’ തെളിയിച്ച ഒരു തലമുറ എഴുത്തില്‍ കരുത്തുകാട്ടി എന്നതാണ് പുതിയ കാലത്തിലെ സാഹിത്യത്തിന്റെ പ്രത്യേകതയെന്ന് ടി ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്നുവരുന്ന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന പുസ്തകപ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരുമായി നേരിട്ട് വായനക്കാരന്‍ ചോദ്യം ചോദിച്ചുകൊണ്ടാണ് മുന്നോട്ടുവരുന്നത്. ഇത് സാഹിത്യത്തിന്റെ വളര്‍ച്ചയുടെ ലക്ഷണമാണ്. വായനക്കാരന്റെ വിമര്‍ശനം ഇന്ന് എഴുത്തുകാരന്‍ നേരിടേണ്ടിവരുന്നുണ്ട്. ഒരു വായനക്കാരന്‍ ഒരു എഴുത്തുകാരനു കൊടുക്കുന്ന സൗജന്യം 20 പേജാണ്. ആ 20 പേജില്‍ നിന്ന് വായനക്കാരനെ മുന്നോട്ട് നീക്കിയാല്‍ ആ എഴുത്തുകാരന്‍ വിജയിച്ചു എന്നുപറയാം. അതാണ് ഈ കാലത്തിന്റെ പ്രധാനപ്പെട്ട സവിശേഷത ; ടി ഡി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വി എം ദേവദാസിന്റെ ചെപ്പും പന്തും, ലിജി മാത്യുവിന്റെ ‘ദൈവാവിഷ്ടര്‍’, ഫ്രാന്‍സിസ് നെറോണയുടെ ‘അശരണരുടെ സുവിശേഷം‘, പി കണ്ണന്‍കുട്ടിയുടെ ‘ബഹുരൂപികള്‍’, ഷീബ ഇ കെയുടെ ‘മഞ്ഞ നദിയിലെ സൂര്യന്‍’, ബീനയുടെ ഒസ്സാത്തി എന്നീ പുസ്തകങ്ങല്‍ പ്രകാശിപ്പിച്ചു.
എന്‍ ഇ സുധീര്‍, ലതാലക്ഷ്മി, ഫ്രാന്‍സിസ് നൊറോണ, ഷീബ ഇ കെ, ലിജി മാത്യു, പി കണ്ണന്‍ കുട്ടി, ബീന എന്നിവര്‍ പങ്കെടുത്തു.