കഥകള്‍ കേള്‍ക്കുവാനും വായിക്കുവാനും ഇഷ്ടപ്പെടുന്ന കൊച്ചുകൂട്ടുകാര്‍ക്ക് തിരഞ്ഞെടുത്ത പ്രസിദ്ധങ്ങളായ ജാതകകഥകള്‍ ബഹുവര്‍ണ്ണ ചിത്രങ്ങളോടെ പുരാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയാണ് ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റിലൂടെ. കാലങ്ങളോളം സൂക്ഷിച്ചുവയ്ക്കാവുന്ന നിരവധി ജാതകകഥകളുടെ സമാഹാരമാണ് അത്യാഗ്രഹിക്കുപറ്റിയ അമളിയും മറ്റ് ജാതകകഥകളും.
പ്രാചീനഭാരതീയ കഥാസാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ജാതക കഥകള്‍. ശ്രീബുദ്ധന്റെ പൂര്‍വ്വജന്മങ്ങളിലെ കഥകളാണ് ജാതകകഥകള്‍ എന്നറിയപ്പെടുന്നത്. കപിലവസ്തുവില്‍ സിദ്ധാര്‍ത്ഥ രാജകുമാരനായി ജനിക്കുന്നതിനു മുമ്പ് ശ്രീബുദ്ധന് അഞ്ഞൂറ്റിനാല്പത്തിയാറ് പൂര്‍വ്വജന്മങ്ങളുണ്ടായിരുന്നു എന്നാണ് ബുദ്ധമത വിശ്വാസം. പൂര്‍വ്വ ജന്മങ്ങളില്‍ ശ്രീ ബുദ്ധന്‍ ബോധിസത്വന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കര്‍മ്മഫലമനുസരിച്ച് ഓരോ ജന്മത്തിലും ദേവനോ രാജാവോ കച്ചവടക്കാരനോ ജന്തുക്കളോ ആയി ബോധിസത്വന്‍ ജീവിതം നയിച്ചു. ജന്മാന്തരങ്ങളിലെ അനുഭവങ്ങള്‍ ശ്രീബുദ്ധന്‍ കഥാരൂപത്തില്‍ തന്റെ ശിഷ്യന്മാര്‍ക്കു പറഞ്ഞുകൊടുത്തതാണ് ജാതകകഥകള്‍.
ഈ കഥകളില്‍ ചിലതില്‍ ഗുരുജിയാണ് നായകനാണ്. ചിലതില്‍ വെറും കഥാപാത്രം. മറ്റു ചിലതിലാകട്ടെ കേവലം കാഴ്ചക്കാരനും. ബുദ്ധദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തെ മൂല്യവത്തും ധാര്‍മ്മികവുമാക്കിത്തീര്‍ക്കാനുള്ള സാരോപപദേശങ്ങളാണ് ഈ കഥകളില്‍ അടങ്ങിയിരിക്കുന്നത്. ബുദ്ധമതത്തിലെ വിശുദ്ധഗ്രന്ഥങ്ങളെ ഒന്‍പത് അംഗങ്ങളായി വിഭജിച്ചിട്ടുണ്ട്. അവയില്‍ ഒരംശമാണ് ജാതകകഥകള്‍.
സാരോപദേശങ്ങളും ഗുണപാഠങ്ങളും അടങ്ങിയ അത്യാഗ്രഹിക്കുപറ്റിയ അമളിയും മറ്റ് ജാതകകഥകളും പുരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത് ആര്‍തി മുത്തന്ന സിങ് ആണ്. മാഗി പി ജോണ്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു. കഥാപാത്രങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് കുട്ടികളുടെ പ്രിയപ്പെട്ട ചിത്രകാരന്മാരായ സുധീര്‍ പി വൈ, കെ ആര്‍ രാജി, മനീഷ് കുമാര്‍ എന്നിവരാണ്. എക്കാലത്തും കുട്ടികള്‍ക്ക് സമ്മാനിക്കാവുന്ന ഏറ്റവും മികച്ച പുസ്തകമാണിത്.