വായനയെ ലഹരിയായിക്കാണുന്നവരുടെ വീട്ടില്‍ ഒരു കൊച്ചു ലൈബ്രറിയെങ്കിലും ഉണ്ടാകും. ഇഷ്ടപുസ്തകങ്ങളുടെ വന്‍ ശേഖരമാകും അതിനുള്ളിലുണ്ടാവുക. എന്നാല്‍ ഹനിയ യനഗിഹാര എന്ന അമേരിക്കന്‍ എഴുത്തുകാരിയുടെ വീടിനെ വ്യത്യസ്തമാക്കുന്നത് പുസ്തകച്ചുവരുകളാണ്. പുസ്തകങ്ങള്‍ കൊണ്ട് തന്നെ വീടിനകം പലതായി വിഭജിച്ചിരിക്കുന്നു. 12,000 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷെല്‍ഫ് കൊണ്ടാണ് സ്വീകരണമുറിയെയും ബെഡ്‌റൂമിനെയും വേര്‍തിരിച്ചിരിക്കുന്നത്. മാത്രമല്ല, ഒറ്റ ഹാളായി കിടന്ന അപ്പാര്‍ട്ട്‌മെന്റിലെ അടുക്കള, സ്റ്റഡി റൂം തുടങ്ങിയവയ്‌ക്കൊക്കെ അതിരിട്ടിരിക്കുന്നത് ഈ പുസ്തകച്ചുവരുകള്‍കൊണ്ടാണ്.
ഗ്രന്ഥകാരന്മാരുടെ പേരിനെ അടിസ്ഥാനപ്പെടുത്തി അക്ഷരമാലാക്രമത്തിലാണ് പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്നത്. പുസ്തകം വാങ്ങിക്കൂട്ടി വീട് നിറയ്ക്കുന്ന മിക്കവരും അതിലെന്താണുള്ളതെന്ന് ചിന്തിക്കാറില്ല. പക്ഷേ, തനിക്ക് പുസ്തകങ്ങളെന്നാല്‍ അവയുടെ പുറംചട്ടയുടെ ഭംഗി മാത്രമല്ലെന്ന് ഹനിയ പറയുന്നു. വീടിന്റെ പുറം ചുവരുകള്‍; അലങ്കരിച്ചിരിക്കുന്ന പെയിന്റിംഗുകളും വിവിധ തരം അലങ്കാരവസ്തുക്കളും അതുപോലെ ഭംഗി മാത്രം നോക്കി താന്‍ വാങ്ങിയതല്ലെന്നാണ് ഹനിയയുടെ അഭിപ്രായം.
ഹനിയ യനഗിഹാരയ്ക്ക് പുസ്തകങ്ങളോടുള്ള ഇഷ്ടം പറഞ്ഞാലും പറഞ്ഞാലും തീരുന്നതല്ല. ഒടുവില്‍ അവയെല്ലാം കൂട്ടി ഒരു വീടൊരുക്കി. ഹനിയയോട് തന്റെ വായനയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും പുസ്തകപ്രേമത്തെക്കുറിച്ചും ചോദിക്കുന്നവരോട് തന്റെ വീട്ടിലേക്കു വന്നു നോക്കൂ.. ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ വീടാണ് എന്ന് ഇവര്‍ പറയും..!
യാത്രാവിവരണങ്ങളാണ് ഹനിയയുടെ എഴുത്തിന്റെ ശക്തി. യാത്രകളെയും എഴുത്തിനെയും ജീവശ്വാസമാക്കിയ എഴുത്തുകാരി വിവിധ രാജ്യങ്ങളിലൂടെയുള്ള തന്റെ യാത്രക്കിടെ സ്വന്തമാക്കുന്നവയാണ് പുസ്തകങ്ങളും ഈ അലങ്കാരവസ്തുക്കളുമൊക്കെ. ജോണ്‍ബാന്‍വില്ലിന്റെ ദി അണ്‍ടച്ചബിള്‍ കസുവോ, ഇഷിഗുരോയുടെ ദി റിമെയിന്‍സ് ഓഫ് ദ ഡേ എന്നിവയാണ് ഹനിയ യനഗിഹാര വീണ്ടും വീണ്ടും വായിക്കാനിഷ്ടപ്പെടുന്ന പുസ്തകങ്ങള്‍. ബുക്കര്‍ പ്രൈസ് നോമിനേഷന് ലഭിച്ചതിലൂടെ ലോകമെങ്ങും ശ്രദ്ധേയയായ എഴുത്തുകാരിയാണ് ഹനിയ. ദ പീപ്പിള്‍ ഇന്‍ ദ ട്രീസ് (2013), എ ലിറ്റില്‍ ലൈഫ് (2015) എന്നിവയാണ് ഹനിയ യനഗിഹാരയുടെ പ്രശസ്തമായ പുസ്തകങ്ങള്‍.