മലയാളസാഹിത്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ ടി.പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി‘യുടെ പതിനൊന്നാമത്തെ പതിപ്പ് പുറത്തിറങ്ങി. .ഭാവഗീതത്തിന്റെ ഏകാഗ്രമായ ആയവും താളവും പുലര്‍ത്തുന്ന ടി.പത്മനാഭന്റെ കലാ ശില്‍പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരിക സത്യങ്ങളാണ്.
അനുവാചകരെ മോഹിപ്പിക്കുകയും ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്ന പന്ത്രണ്ട് കഥകളാണ് ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി‘യിലുള്ളത്. തിരിഞ്ഞുനോട്ടം, ത്യാഗത്തിന്റെ രൂപങ്ങള്‍, ശേഖൂട്ടി, ഭര്‍ത്താവ്, ഒരു ചെറിയ ജീവിതവും വലിയ മരണവും, ഗോട്ടി, കൊഴിഞ്ഞുവീഴുന്ന മനുഷ്യാത്മാക്കള്‍, ഒരു കൂമ്പുകൂടി കരിയുന്നു, തിന്നുവാന്‍ പറ്റാത്ത ബിസ്‌കറ്റ്, ആ മരം കായ്ക്കാറില്ല, ഭാവിയിലേക്ക്, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി തുടങ്ങിയ കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളലത്. ടി.പത്മനാഭന്റെ കഥകള്‍ മലയാളത്തിന്റെ നിത്യചൈതന്യമാണ്.
162 കഥകളാണ് ടി.പത്മനാഭന്റെ തൂലികയില്‍ നിന്നും പിറന്നിട്ടുള്ളത്.ഇന്ത്യയില്‍ ഏതാണ്ട് എല്ലാഭാഷകളിലും റഷ്യന്‍, ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളിലും കഥകളുടെ തര്‍ജ്ജമ വന്നിട്ടുണ്ട്.