മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ എന്താണെന്നറിയാമോ ? ഭ്രൂണാവസ്ഥ കൈക്കൊള്ളുന്നതു മുതലുള്ള ആദ്യത്തെ 1000 ദിവസങ്ങളാണ് അത്. ഈ ദിവസങ്ങളാണ് കുഞ്ഞിന്റെ ഭാവി തീരുമാനിക്കുന്നത്. ഈ ദിവസങ്ങളിലെ ശരിയായ പരിചരണമാണ് ആയുരാരോഗ്യ സൗഖ്യത്തിന് നിർണ്ണായകമാകുന്നത്. ഡോ.വി.കെ ജയകുമാർ എഴുതിയ കുഞ്ഞിന്റെ ആദ്യ 1000 ദിനങ്ങൾ എന്ന പുസ്തകം നിങ്ങളുടെ കുഞ്ഞിന്റെ ഭാവിയുടെ പുസ്തകമാണ് – മനുഷ്യരാശിയുടെയും.
ഓരോ അച്ഛനമ്മമാരുടെയും മനസിലെ ആഗ്രഹം തങ്ങൾക്ക് ദൈവം കനിഞ്ഞ് നൽകിയ പിഞ്ചോമനകൾക്ക് ഏറ്റവും നല്ല ഒരു ജീവിതം നല്കണമെന്നായിരിക്കും. നല്ല ആഹാരവും നല്ല പരിചരണവും നൽകി ആരോഗ്യവും സമർഥ്യവുമുള്ള ഒരു മികച്ച വ്യക്തിത്വത്തെ വാർത്തെടുത്ത് സമൂഹത്തിനു നൽകുക എന്നതിനാവണമല്ലോ മാതാപിതാക്കളുടെ ശ്രദ്ധയാർന്ന പ്രവർത്തനം.
ഈ രംഗത്തെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത് ഭ്രൂണോത്പാദനം മുതൽ ശിശുവിന് രണ്ടു വയസ്സ് തികയുന്നത് വരെയുള്ള 1000 ദിവസത്തെ ജീവിത കാലത്തിന്റെ അത്ഭുതകരമായ പ്രത്യേകഭകളാണ്. ഈ 1000 ദിവസങ്ങളിലെ ശിശു വളർച്ചയും വികസനവും സർവ്വ പ്രധാനമാണ്.
- തെറ്റായ പോഷണമാണ് 5 വയസ്സിനു താഴുയുള്ള പകുതിയോളം ശിശു മരങ്ങൾക്കും കാരണം. ഈ ജീവഹാനി പൂർണ്ണമായും തടയാവുന്നതാണ്.
- ഗർഭിണി രണ്ടു പേരുടെ ഭക്ഷണം കഴിക്കുകയല്ല രണ്ടു പേരുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിച്ച് ഭക്ഷണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.
- കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും ബുദ്ധി വികാസത്തിനും അമ്മയുടെ പോഷണം പരമപ്രധാനമാണ്.
- പ്രസവവേദന അപകടകാരിയായ ഒന്നല്ലെന്നും സകല ജീവജാലങ്ങളിലും ഉള്ള ഒന്നാണെന്നും ഉള്ള ബോധ്യം വേണം.
- പ്രസവിച്ചയുടനെ കുഞ്ഞ് കരയാൻ താമസിച്ചാൽ പ്രാണവായു കിട്ടാൻ താമസിക്കും. അത് അപകടകരമാണ്.
- കുഞ്ഞിന്റെ ആദ്യ ദിനങ്ങളിൽ മുക്കാൽ മണിക്കൂർ കൂടുമ്പോൾ കുഞ്ഞിന് മുലയൂട്ടണം.
ഗർഭകാലവും , ശിശുവിന്റെ ജനനവും ഓരോ സ്ത്രീകൾക്കും ഓരോ അനുഭവങ്ങളാണ്. പുത്തൻ അറിവുകളും കൂടുതൽ ജാഗ്രതയും ഈ അവസ്ഥയിൽ ഓരോ ഗർഭിണികൾക്കും അനിവാര്യമാണ്. അമ്മയുടെയും കുഞ്ഞിന്റെയും മികച്ച പോഷണം ഉദ്‌ഘോഷിപ്പിക്കുന്ന ഈ പദയാത്ര തീർച്ചയായും ഉപകാരപ്രദമായ ഒരു വായനാനുഭൂതി സൃഷ്ടിക്കും.
ആതുരശുശ്രൂഷാ രംഗത്ത് 46 വർഷത്തെ പരിചയമുള്ള ഡോ. വി കെ ജയകുമാറിന്റെ പുസ്തകങ്ങൾ ഇതിനു മുമ്പും ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച കുടുംബ ക്ഷേമ പ്രവർത്തനത്തിന് ഗവൺമെന്റിൽ നിന്നും വിവിധ അവാർഡുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്. 1979 മുതൽ അഞ്ചൽ ശബരിഗിരി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസറായി സേവനമനുഷ്‌ഠിക്കുന്നു.