ഇന്ത്യയില്‍ ഇന്ന് ആര്‍ക്കും വിമര്‍ശിക്കാവുന്നതായി ഒരാള്‍ മാത്രമെയുള്ളു, അതു മഹാത്മാ ഗാന്ധിയാണ് എന്നു സമീപകാലത്താണ് പ്രശസ്ത ചരിത്രകാരനും കോളമിസ്റ്റുമായ രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടത്. ഇക്കാലത്തെ ചരിത്രപഠിതാക്കളുടെ ഗാന്ധിവിമര്‍ശനത്തില്‍ എത്രമാത്രം ശരികേടുണ്ട് അല്ലങ്കില്‍ ശരിയുണ്ട് എന്നു വിലയിരുത്തണമെങ്കില്‍ ഗാന്ധിജിയെക്കുറിച്ച് കേവലമൊരു ജീവചരിത്രത്തിനപ്പുറം അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ ഇന്ത്യയുടെ സാമൂഹികരാഷ്ട്രീയപശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും പഠിക്കണം. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ ആ വഴിയിലുള്ള ഒരു ഉദ്യമമാണ് ഗാന്ധി ഒരന്വേഷണം.
ഗാന്ധിജിയുടെ ജനനവും വിദ്യാഭ്യാസവും ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതവും അവിടത്തെ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടവും ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകത്തിന്റെ ആദ്യഭാഗം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ഇതിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഗാന്ധി ഒരന്വേഷണം രണ്ടാം ഭാഗം എന്ന പേരില്‍. 1914ല്‍ ആഫ്രിക്കയില്‍നിന്നും ലണ്ടനിലെത്തിയ മഹാത്മാഗാന്ധി അവിടെനിന്നും ഇന്ത്യയിലേക്ക് തിരികെ എത്തുന്നയിടത്തുനിന്നും ആരംഭിക്കുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഒപ്പം ഇന്ത്യന്‍ ഭൂമികയിലുള്ള ഗാന്ധിയുടെ സമരങ്ങളെ സമഗ്രമായി രേഖപ്പെടുത്തുന്നു. ലോകമെമ്പാടുനിന്നുമുള്ള ഗവേഷകരുടെ കണ്ടെത്തലുകളെ പഠിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന എം ഗംഗാധരന്‍ ഇന്ത്യാചരിത്രത്തില്‍ മഹാത്മാഗാന്ധിയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
ഗാന്ധി എവിടെയൊക്കെ കടുംപിടുത്തം പിടിച്ചു, എവിടെയൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്തു, ഹിന്ദു മുസ്ലിം സൗഹാര്‍ദ്ദത്തിന് എന്തുകൊണ്ട് അദ്ദേഹം പരമപ്രാധാന്യം നല്‍കി, കോണ്‍ഗ്രസ്സില്‍നിന്നും എവിടെവച്ച് അദ്ദേഹം അകലം പാലിച്ചു തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഉപ്പുസത്യാഗ്രഹം, വട്ടമേശസമ്മേളനം, ക്വിറ്റ് ഇന്ത്യ, റൗലക്റ്റ് ആക്റ്റ് തുടങ്ങി ചരിത്രസംബന്ധിയായ പലവിഷയങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിലെ ഗാന്ധി ജീവചരിത്രങ്ങള്‍ക്കിടയില്‍, ഗാന്ധി ഒരന്വേഷണം വ്യത്യസ്തമാവുകയാണ്.