മലയാളകവിതയെ ലോകമെമ്പാടും അവതരിപ്പിക്കാനും ലോകകാവ്യ സംസ്‌കാരത്തെ മലയാളത്തിനു പരിചയപ്പെടുത്താനും എന്നും നിലകൊള്ളുന്ന സച്ചിദാനന്ദന്റെ കവിതാ സമാഹാരമാണ് നില്ക്കുന്ന മനുഷ്യന്‍. നീതിയുടെ കൊടിപ്പടുമുയര്‍ത്താന്‍ അധികാരശ്രേണികളോട് നിത്യം കലഹിക്കുന്ന ഒരു കവിയുടെ സൂക്ഷ്മാവിഷ്‌കാരങ്ങളാണ് ഇതിലെ കവിതകള്‍.
ഒരു ഇരട്ടക്കവിത, തീക്ഷണം, വീണ്ടും, കാശി, മാപ്പ്, അംബാനിയുടെ ക്ലാസ്‌മേറ്റ്, ഉരുക്കുമനുഷ്യന്‍ തുടങ്ങി ഇരുപത്തിനാല് കവിതകളുടെ സമാഹാരമാണ് നില്ക്കുന്ന മനുഷ്യന്‍.
പ്രകൃതിയേയും മനുഷ്യനെയും അതിന്റെ സമസ്ത ജൈവികതയോടെ പ്രതിഷ്ഠിക്കാന്‍ വെമ്പുകയും ചെയ്യുന്ന ഈ കവിതകള്‍ ചരിത്രത്തെയും വര്‍ത്തമാനത്തെയും മറവിക്കു ബലികൊടുക്കാത്ത ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ്. 2013-15 വര്‍ഷത്തിനുള്ളില്‍ എഴുതിയ കവിതകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമായി താന്‍ ചെയ്ത യാത്രകളുടെ പ്രതിഫലനം ഈ കവിതകളില്‍ കാണാമെന്നും സച്ചിദാനന്ദന്‍ പറയുന്നു. 2015 ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
1946 മേയ് 28ന് തൃശ്ശൂര്‍ ജില്ലയിലാണ് സച്ചിദാനന്ദന്‍ ജനിച്ചത്. തര്‍ജ്ജമകളടക്കം 50ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹം അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാര്‍വിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേല്‍ തുടങ്ങിയവരുടെ രചനകള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു.
സച്ചിദാനന്ദന്റെ പ്രധാന കൃതികള്‍