അതുല്യനിരൂപകനായ കുട്ടിക്കൃഷ്ണമാരാരെ കുറിച്ചുള്ള പഠനങ്ങളാണ് പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍നായര്‍ എഡിറ്റുചെയ്ത ‘ കുട്ടിക്കൃഷ്ണമാരാര്‍പഠനങ്ങള്‍ ‘ എന്ന ഗ്രന്ഥം. കലയ്ക്കുവേണ്ടിയോ അതല്ല ജീവിതത്തിനുവേണ്ടിയോ എന്നു കലാ ചിന്തകന്മാര്‍ ഏറെ തര്‍ക്കിച്ചിട്ടുണ്ട്. എന്നാല്‍ കല ജീവിതംതന്നെ എന്ന നവീനമായൊരു കാഴ്ചപ്പാടില്‍ കുട്ടിക്കൃഷ്ണമാരാര്‍ ഉറച്ചുനിന്നു.
നിരൂപണം ഒരു കലയാകണമെങ്കില്‍, അതിനുംവേണം ഒരു ഭാവഭദ്രതയും രൂപഭദ്രതയും. നിരൂപണത്തില്‍ ഭാവമെന്നത് ഒരു സവിശേഷകൃതി വായിച്ചിട്ട് ഒരു നിരൂപകനുണ്ടായ അനുഭൂതിവിശേഷമത്രേ. സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍: ‘ മാരാരുടെ ഓരോ വിമര്‍ശനവും അതതു ഗ്രന്ഥഭൂമികയിലൂടെയുള്ള ഒരു പരിണിതാത്മാവിന്റെ ഉത്സാഹപൂര്‍ണ്ണമായ സമഗ്രപര്യടനമാണ്. നമ്മുടെ സാഹിത്യവിമര്‍ശനത്തെ ആത്മാനുഭൂതിപരവും അങ്ങനെ കലാത്മകവും ആക്കി എന്നതാണ് കുട്ടിക്കൃഷ്ണമാരാരുടെ ശ്ലാഘനീയമായ സേവനം.’
മനശാസ്ത്രം മാരാരുടെ നിരൂപണത്തില്‍, നിഷ്പക്ഷതാവാദം, മാരാരും സംസ്‌കൃതസാഹിത്യമീമാംസയും തുടങ്ങി പതിനാറ് പ്രബന്ധങ്ങളാണ് ‘ കുട്ടിക്കൃഷ്ണമാരാര്‍പഠനങ്ങള്‍ ‘ എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പി.കെ സ്മാരകട്രസ്റ്റിന്റെ 30-താമത് പുസ്തകമാണ് ‘ കുട്ടിക്കൃഷ്ണമാരാര്‍പഠനങ്ങള്‍ ‘.