ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ എഴുതിയ ഐതിഹ്യ കഥകളാണ് ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവിധങ്ങളായ അനുഷ്ഠാനങ്ങള്‍ക്കു പിന്നിലെ ഐതിഹ്യങ്ങളാണ് ഈ സമാഹാരത്തില്‍. ശാസ്ത്രത്തിനും യുക്തിചിന്തക്കും അപഗ്രഥിക്കുവാനാകാത്ത സംഭവങ്ങള്‍. തലമുറകളിലൂടെ രേഖപ്പെടുത്തിയതും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ഈ കഥകള്‍ ഭക്തിസാന്ദ്രമായി അവതരിപ്പിക്കുകയാണിവിടെ.
‘ശ്രുതികള്‍, സ്മൃതികള്‍, അനുഭവങ്ങള്‍’ എന്നതിനുപകരം ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല എന്നാക്കുവാന്‍ വൈലോപ്പിള്ളി ശ്രീധരമേനോനാണ് എനിക്ക് പ്രേരണ നല്‍കിയത്. ‘ഒരു പക്ഷേ നിങ്ങളുടെ ഏറ്റവും നല്ല കഥകളായിവ മാനിക്കപ്പെട്ടേക്കാം’. അദ്ദേഹം തമാശയിലാണ് പറഞ്ഞതെങ്കിലും ഞാനത് കാര്യമായെടുക്കുന്നു. യുക്തിവാദികള്‍ ഒരുപക്ഷേ എന്റെ കഥകളില്‍ വന്ന മാറ്റത്തില്‍ അധിക്ഷേപിച്ചേക്കാം. എന്നാലവരോട് എനിക്ക് പറയുവാനുള്ളത് അനുഭവങ്ങളാണ് ജീവിതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസം എന്നു വിശ്വസിക്കുന്ന വിഡ്ഢിയാണ് ഞാന്‍ എന്നു കരുതിയാല്‍ മതി’ എന്ന് കഥാകൃത്ത് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു..
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ്(നാഴികമണി), പത്മപ്രഭാപുരസ്‌കാരം( എന്റെ 101 കഥകള്‍), ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2004-ല്‍ കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. ജലസമാധി, ധര്‍മ്മചക്രം, ആനപ്പക, അമൃതമഥനം, ആട്ടുകട്ടില്‍, ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല തുടങ്ങിയവയാണ് പ്രധാന കൃതികള്‍.