Image may be NSFW.
Clik here to view.
നിശബ്ദതയുടെ റിപ്പബ്ലിക് എന്ന പുതിയ കവിതാസമാഹാരത്തിന് എഴുതിയ ആമുഖത്തില്‍നിന്ന്;
കവിതയില്‍ വീടുള്ള ഒരാള്‍ക്ക് ഒന്നിനെയും ഭയപ്പെടാനില്ല. ഏതു കാറ്റിലും മഴയിലും ഇളകാത്തതല്ലോ അതിന്റെ വാസ്തുവിദ്യ. ഭൂപരിഷ്‌കരണത്തിന്റെ ആശയംപോലും നേരാംവണ്ണം വരാതെപോയ ഒരു സാംസ്‌കാരികഭൂപ്രദേശമുണ്ട് മലയാള കവിതയില്‍. ഭാഷയുടെ പുറമ്പോക്കില്‍നിന്നു വരുന്ന ഒരാള്‍ക്ക് കവിതയിലെ വീട് എങ്ങനെ സങ്കല്പിക്കാനാകും? പെണ്ണും ആദിവാസിയും ദലിതരും ന്യൂനപക്ഷത്തില്‍ പെട്ടവരും ട്രാന്‍സ്ജന്ററും എല്ലാമടങ്ങുന്നവരുടെ ഒരു വന്‍നിര ഇപ്പോഴും ഏറക്കുറെ പുറത്തുതന്നെ. അവര്‍ സുവര്‍ണ്ണ മലയാളകവിതയുടെ ജ്വല്ലറിക്കട അടയ്ക്കുന്നതും കാത്ത് രാത്രി വൈകുവോളം പുറംതിണ്ണയില്‍ വിരിപ്പുകടലാസ്സുമായി കഴിയുന്നു. ഞെട്ടലുകള്‍കൊണ്ട് നേരം വെളുപ്പിക്കുന്നു. അതിനിടയില്‍ നല്ലവരായ വായനക്കാര്‍ വാങ്ങിക്കൊടുക്കുന്നതാണയാളുടെ അന്നം. അതിലൊരുപിടി എനിക്കും കിട്ടിയതുകൊണ്ട് കവിതയില്‍ ഇന്നും ജീവനോടെയിരിക്കാന്‍ പറ്റുന്നു. ആ പുറമ്പോക്കിലെ കാട്ടുമരങ്ങള്‍ ഇപ്പോള്‍ അല്പാല്പമായി പൂത്തും തളിര്‍ത്തും കാണുന്നു; അവിടെനിന്നാണു കവിതയുടെ നാളത്തെ വസന്തം എന്നോര്‍മ്മിപ്പിച്ചുകൊണ്ട്.
Image may be NSFW.
Clik here to view.കവിതയ്ക്കിപ്പോള്‍ പിടിപ്പതു പണിയാണ്. എതിരൊച്ചകള്‍ ഒന്നൊന്നായി ഇല്ലാതാകുന്ന കാലത്ത് അതിനെങ്ങനെ അടങ്ങിയിരിക്കാനാകും? സ്വാതന്ത്ര്യത്തിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള നിലവിളിയായി, കയര്‍ക്കലായി, പ്രാര്‍ത്ഥനയായി അതു പല മട്ടില്‍ ഉഴറിക്കൊണ്ടിരിക്കും. ധ്യാനിക്കും; ധ്യാനത്തെ വെടിഞ്ഞു തോറ്റമാകും. ഭാഷയെ പരമാവധി അവിശ്വസിച്ചും ഇമേജുകളെ മുറുകെപ്പിടിച്ചുമുള്ള ആവിധം ചില അടയാളങ്ങള്‍ ഈ സമാഹാരത്തിലും വരുന്നതങ്ങനെയാവണം.
ഓരോ സമാഹാരമിറങ്ങുമ്പോഴും ഇനിയൊന്നുണ്ടാവില്ല എന്നു കരുതും. പക്ഷേ, ശ്വാസം നിലയ്ക്കുവോളം ഒപ്പമുണ്ടാകുമെന്നത് പിന്നെയും കൂടെപ്പോരുന്നു. വൈവിധ്യത്തിനുവേണ്ടി മനപ്പൂര്‍വ്വം ശ്രമിച്ചിട്ടില്ല. ശ്വാസം, അശനം, വിരേചനം ഒക്കെപ്പോലെ ജൈവികമായ ഒന്നാണെനിക്കു കവിത. പലരായിരുന്നുകൊണ്ട് അതു ചെയ്യാനാവില്ല. പല കൈകള്‍കൊണ്ടെഴുതാനറിയാത്ത ഒരാള്‍ എന്നു വിചാരിക്കൂ. കാലമെന്ന മഹാ വായനാകുതുകിയുടെ ഇച്ഛ ആര്‍ക്കറിയാനാകും എന്നതു മാത്രമാണു സമാധാനം.