ഇന്ത്യയില്‍ കവിതയ്ക്കു വേണ്ടി മാത്രമായി നടത്തുന്ന ഏറ്റവും വലിയ ഉത്സവമായ കവിതയുടെ കാര്‍ണിവലിന്റെ മൂന്നാം പതിപ്പിന് പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ തുടക്കമായി. ‘കവിത: പ്രതിരോധം, പ്രതിസംസ്‌കൃതി’ എന്നതാണ് ഇത്തവണ കാര്‍ണിവലിന്റെ പ്രധാന പ്രമേയം. കന്നഡ നാടക സംവിധായകന്‍ പ്രസന്ന കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹസിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
അഞ്ചുവേദികളിലായാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളിലായി കോളജ് അധ്യാപകരും സാഹിത്യ ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. എഴുത്തും പ്രതിരോധവും എന്ന വിഷയത്തിലുള്ള പ്രഭാഷണ പരമ്പരയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരും സാഹിത്യനിരീക്ഷകരും പങ്കെടുക്കും.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഒരു തത്സമയ ചിത്ര ശില്പരചനാക്യാമ്പും കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള കവിതാ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലാ യൂണിയനുമായി സഹകരിച്ചാണ് മൂന്നു നാള്‍ നീണ്ടുനില്‍ക്കുന്ന കവിതാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള കോളേജുകളിലെയും സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. പ്രശസ്തകവി പി. രാമന്‍ ആണ് ക്യാമ്പ് ഡയറക്റ്റര്‍. പ്രമുഖ കവികളും നിരൂപകരും ക്യാമ്പില്‍ പങ്കെടുക്കും.
പ്രകാശ് ബാരെയുടെ കവിതാവിഷ്‌കാരങ്ങള്‍, പടയണി, ലീനാ മണിമേഖല അവതരിപ്പിക്കുന്ന പോയട്രി പെര്‍ഫോമന്‍സ്, മറാത്തി ദളിത് തെരുവുകലാസംഘമായ കബീര്‍ കലാമഞ്ച് അവതരിപ്പിക്കുന്ന പോരാട്ടത്തിന്റെ പാട്ടുകള്‍, പട്ടാമ്പി കോളജ് നാടകസംഘം അവതരിപ്പിക്കുന്ന കേരളം സമരം കവിത സാമൂഹികാവിഷ്‌കാരവും കവിതാ കാര്‍ണിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി, മലയാള നാട് വെബ് കമ്യൂണിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് കവിതാ കാര്‍ണിവല്‍ ഒരുക്കുന്നത്. മാര്‍ച്ച് 9 മുതല്‍ 11 വരെയാണ് കവിതയുടെ കാര്‍ണിവല്‍.