ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ലിജിമാത്യവിന്റെ നോവല്‍ ദൈവാവിഷ്ടര്‍ രണ്ടാം പതിപ്പില്‍ പുറത്തിറങ്ങി. പുസ്തകത്തിന് പ്രശസ്ത കഥാകൃത്ത് വി ആര്‍ സുധീഷ് എഴുതിയ പഠനം.: “താര്‍ക്കികനായ യേശു”
അവിടുന്ന് ആകാശമുണ്ടാകട്ടെ എന്നു കല്പിച്ചപ്പോള്‍ ആകാശമുണ്ടായെങ്കില്‍, അവിടുന്ന് സമുദ്രങ്ങളുണ്ടാകട്ടെ എന്നു കല്പിച്ചപ്പോള്‍ സമുദ്രങ്ങളും, പര്‍വ്വതങ്ങളുണ്ടാകട്ടെ എന്നു കല്പിച്ചപ്പോള്‍ പര്‍വ്വതങ്ങളും ഉണ്ടായെങ്കില്‍ അവിടുന്നു മനുഷ്യനില്‍ വിശ്വസ്തതയുണ്ടാകട്ടെ എന്നു കല്പിച്ചാല്‍ വിശ്വസ്തതയുണ്ടാകും. നന്മയുണ്ടാകട്ടെ എന്നു കല്പിച്ചാല്‍ നന്മയും സ്‌നേഹമുണ്ടാകട്ടെ എന്നു കല്പിച്ചാല്‍ സ്‌നേഹവും ഉണ്ടാകും.”
ഉടമ്പടികളും അനുരണനങ്ങളും ദുര്‍ബലമായ മാനുഷികതയുടെ ശൈലിയാണെന്ന് പ്രഖ്യാപിക്കുന്ന രക്ഷകന്‍ വന്നുപോയിട്ടും ഈ ലോകജീവിതം നരകതുല്യമായി തുടരുന്നതെന്തുകൊണ്ടാണെന്ന് ഉറക്കെ ചോദിക്കുന്ന ഒരു നോവല്‍ മലയാളത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ബൈബിള്‍കഥകളെ ഉപജീവിച്ച് എഴുതപ്പെട്ട മുന്‍രചനകളില്‍നിന്നെല്ലാം വേറിട്ടുനില്ക്കുന്ന ദൈവാവിഷ്ടരില്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ആയുധശാല സംഭരിക്കപ്പെട്ടിരിക്കുന്നു. കവിയായ ലിജിമാത്യുവിന്റെ ആദ്യനോവലാണിത്. ധിക്കാരത്തിന്റെ സൗന്ദര്യശാസ്ത്രമുദ്രയുള്ള അനേകം ചോദ്യങ്ങള്‍ ഈ എഴുത്തുകാരി കത്തോലിക്കസമുദായത്തിന്റെയും ലോകത്തിന്റെയും മുഖത്തുനോക്കി ചോദിക്കുന്നുണ്ട്. ബൈബിളിന്റെ സൂക്ഷ്മവായനയില്‍ ചില മൗനങ്ങളെ പൊട്ടിച്ചെടുക്കുകയാണ് ഇവിടെ. ഒരു പുരുഷപങ്കാളിത്തവുമില്ലാതെയാണോ കന്യകയായ മറിയം യേശുവിനെ പ്രസവിച്ചത്? രക്ഷകന്റെ ജനനത്തിനുശേഷം നടന്ന അതിഭയങ്കരമായ സംഭവപരമ്പരകള്‍ അത്രവേഗം ഇസ്രയേല്‍ജനത മറന്നുവെന്നു കരുതാമോ? യേശുവിന്റെ ബാല്യകൗമാരങ്ങള്‍ എന്തുകൊണ്ടാണ് അറിയപ്പെടാതെ പോയത്? പിന്നീട് പ്രവാചകനായി ജനമദ്ധ്യേ പേരെടുത്ത യേശുവിനെ ഒറ്റിക്കൊടുക്കുന്ന വേളയില്‍ ആളെ തിരിച്ചറിയാന്‍ ഒരു ചുംബനത്തിന്റെ ആവശ്യമെന്തായിരുന്നു? ക്രിസ്തുവിന് ഒരു ഇരട്ടസഹോദരന്‍ ഉണ്ടായിരുന്നു എന്ന് ‘ആക്ടസ് ഓഫ് തോമസ്’ എന്ന ഗ്രന്ഥത്തില്‍ കാണുന്ന സൂചനകളെ അവലംബിച്ചാണ് ദൈവാവിഷ്ടരില്‍ യോഹന്നാന് പ്രാധാന്യം കിട്ടുന്നത്. ദേവാലയകന്യകയായ മറിയത്തെക്കുറിച്ച് ഇന്‍ഫന്‍സി ഗോസ്പലില്‍ കാണുന്ന വിശദാംശങ്ങളാണ് ഈ നോവലിനുള്ള പ്രചോദനമായി എഴുത്തുകാരി സ്വീകരിക്കുന്നത്. ക്രൂശിതമരണത്തെക്കുറിച്ച് യേശു പറയുന്ന വാക്കുകള്‍കൂടിയാകുമ്പോള്‍ മറ്റൊരു യേശു ഭാവന ചെയ്യപ്പെടുന്നു— സൗമ്യനും താര്‍ക്കികനും പ്രണയിയുമായ ഒരു തനി മനുഷ്യയേശു.
‘യേശു യേശുവിലേശുമോ’ എന്ന് എഴുതിയത് കുഞ്ഞുണ്ണിമാഷാണ്. ലിജി മാത്യുവിന്റെ യേശു പുതുതായി കണ്ടെടുക്കപ്പെട്ട ഗുരുവാണ്. യേശു എന്നും ഗുരു എന്നും വിളിക്കപ്പെടുന്നു. ക്രിസ്തു എന്ന് വിളിക്കപ്പെടാത്ത മനുഷ്യസംരക്ഷകന്‍ മാനുഷികതയെയും ദൈവികതയെയും എന്തിനാണ് കൃത്യമായ അതിര്‍വരമ്പുകള്‍കൊണ്ട് വേര്‍തിരിക്കുന്നത് എന്നതാണ് ഇതിലെ ഒരു അന്തഃസഘര്‍ഷം—നോവലിസ്റ്റ് തെളിച്ചു പറയുന്നു. ചോദ്യങ്ങളില്ലാത്ത അവസ്ഥയല്ലാതെ മറ്റെന്താണ് വിശ്വാസം. ഓരോരുത്തരും വിശ്വസിക്കുന്നത് അവരവര്‍ക്കുവേണ്ടിയാണ്; ദൈവത്തിനോ രക്ഷകനോ വേണ്ടിയല്ല. രക്ഷകനിലുള്ള വിശ്വാസം സംരക്ഷിക്കാന്‍ തലമുറകളിലൂടെ യാതന അനുഭവിച്ചുകൊണ്ടേയിരിക്കുന്നു മനുഷ്യരാശിക്കുനേരേയാണ് ദൈവാവിഷ്ടര്‍ ക്രുദ്ധമായി നോക്കുന്നത്. എഴുത്തുകാരി ഒരിടത്തും പൊട്ടിത്തെറിക്കുന്നില്ല. സൗമ്യമായി, കാവ്യാത്മകമായി എല്ലാം മന്ത്രണം ചെയ്യപ്പെടുന്നു. മനുഷ്യന്‍ അവന്റെ ആത്മനൈര്‍മ്മല്യത്തില്‍ ദൈവികത കാണാത്തിടത്തോളം കാലം അപരദൈവ
ങ്ങള്‍ പെരുകിക്കൊണ്ടേയിരിക്കും എന്ന് തീര്‍ത്തു പറയുന്നു. അറബിക്കടലിന്റെ തീരത്തുകൂടി ഹിന്ദുസന്ന്യാസിയായ ഒരു ക്രിസ്തു നടന്നുപോകുന്നു എന്ന് ശ്രീനാരായണഗുരുവിനെ നോക്കി പറഞ്ഞ വിദേശസഞ്ചാരി കണ്ടത് മാനവികതയിലെ ദൈവികതയാണ്. വിചാരിച്ചിരുന്നെങ്കില്‍ മറ്റൊരു വിധമായി ഗുരുദേവന് ദൈവമാകാമായിരുന്നു. അദ്ദേഹം നല്ല മനുഷ്യനില്‍മാത്രം പ്രതിബദ്ധനായി.
തിന്മയുടെ ശമ്പളം ദുരിതവും മരണവുമായത് എന്തുകൊണ്ട് എന്ന് ബൈബിള്‍വചനത്തെ നന്മയുടെ ശമ്പളം എന്ന് ലിജി മാത്യു വിലയിരുത്തുന്നു. എന്റെ മരണം ഞാന്‍തന്നെ മരിക്കും എന്ന് ദൃഢനിശ്ചയം ചെയ്യുന്ന യേശു നോവലില്‍ മരണാനന്തരം ഉയിര്‍ക്കുന്നതേയില്ല. ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നു പറയാതെ ശുശ്രൂഷകര്‍ അവനെ എടുത്തുകൊണ്ടുപോകുകയാണ്. യേശുവിന്റെ ജനനത്തെക്കുറിച്ച് സ്‌ഫോടനാത്മകമായ ഒരു നിഗൂഢത നോവല്‍ കരുതിവെച്ചിട്ടുണ്ട്. മറിയത്തിന്റെ രാത്രിയിലെ നിദ്രാടനത്തെ വിദൂരതയില്‍നിന്ന് ഒളിപാര്‍ത്ത കണ്ണുകള്‍ ആ രഹസ്യം മറനീക്കി കാണിക്കുന്നുണ്ട്. ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് നാമകരണം ചെയ്യുമ്പോള്‍ റബ്ബി ഒരാള്‍ക്ക് ‘യേശു’ എന്നും മറ്റേ ആള്‍ക്ക് യോഹന്നാന്‍ എന്നും പേരിട്ട് വിസ്തരിച്ചു. യോഹന്നാന്‍ എന്ന പേരിലുള്ള ‘യാഹ്’ എന്ന ആദ്യപാതിക്ക് ദൈവവും ‘ഹനാന്‍’ എന്ന മറുപാതിക്ക് മനുഷ്യനും അവകാശിയായിരിക്കും. ആരായിരിക്കാം അവന്റെ പേരിലെ മനുഷ്യപ്പാതിക്ക് അവകാശിയെന്ന് അന്നത്തെ മറിയത്തിന്റെ നിദ്രാടനത്തെ ചൂഴ്‌ന്നെടുത്ത കണ്ണുകള്‍ മറുപടി പറയും. പേരിലെ ഹനാന് ഹന്നാസുമായി നല്ല സാമ്യം!
ഉത്തമഗീതത്തിലെയും ഇയ്യോബിന്റെ വിലാപത്തിലെയും വരികള്‍ക്കുപുറമെ നോവലിസ്റ്റിന്റെയും കാവ്യവചനങ്ങള്‍ വേര്‍തിരിച്ചറിയാത്തവിധം നോവലില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. മനഃശരീരങ്ങളുടെ പരസ്പരപ്രണയത്തിന്റെ വിമോചനശാസ്ത്രം ലിജി മാത്യു ഉയര്‍ത്തിപ്പിടിക്കുന്നു. സ്‌നേഹം നിങ്ങളെ സ്വതന്ത്രരാക്കുന്നു എന്ന് അത് ഉച്ചത്തില്‍ നീട്ടി പറയുന്നു. ബഥാന്യയിലെ മറിയവുമായുള്ള യേശുവിന്റെ പ്രണയസംഗമസമയത്ത് അവന്റെ മിഴികള്‍ രണ്ട് നീലശലഭങ്ങളായി തുടിച്ചു താണു പറന്ന് അവളുടെ അധരങ്ങളില്‍ വന്നിരിക്കുന്നു. മാതളദളങ്ങള്‍പോലെ അവ വിറയ്ക്കുന്നു. ലിജിമാത്യുവിന്റെ മാന്ത്രികസ്പര്‍ശമുള്ള എഴുത്തിന് ഇങ്ങനെ അനേകം സന്ദര്‍ഭങ്ങള്‍. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നല്ല വേശ്യാവൃത്തിക്ക് വിചാരണ ചെയ്യുന്ന ജനക്കൂട്ടത്തോട് യേശു ഇവിടെ പറയുന്നത്. ഒരു സ്ത്രീയെ ആസക്തി നിറഞ്ഞ കണ്ണുകള്‍കൊണ്ട് ഒരിക്കല്‍പോലും നോക്കിയിട്ടുകൂടി ഇല്ലാത്തവര്‍, അവര്‍ മാത്രം, കല്ലെറിയട്ടെ എന്നാണ്! യൂദാസിനെ കേന്ദ്രസ്ഥാനത്തുനിര്‍ത്തിക്കൊണ്ട് അട്ടിമറിക്കപ്പെട്ട ദൈവാവിഷ്ടര്‍ അവസാനിക്കുന്നത് യോഹന്നാന്റെ കൈത്താളത്തിലുള്ള യേശുവിന്റെ ഗാനത്തിലാണ്. ദൈവത്തെയും സ്‌നേഹത്തെയും പേരെടുത്തു വിളിക്കുന്ന ആ ഗാനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മലയാളനോവലില്‍ അത് വേറിട്ട് ഒരു വിസ്മയമായി മാറുന്നു. പുതുതായി കണ്ടെടുക്കപ്പെട്ട ഈ ദൈവാവിഷ്ടരും.