അയ്യങ്കാളിയുടെ ജീവിതത്തെ കേരള ചരിത്രത്തിന്റെ സമഗ്രതയില്‍ വിലയിരുത്തുന്ന പുസ്തകമാണ് എം ആര്‍ രേണുകുമാറിന്റെ അയ്യങ്കാളി ജീവിതവും ഇടപെടലുകളും. കേരളത്തിലെ ആധുനികതയുടെ തീക്ഷ്ണമായ സന്ദര്‍ഭങ്ങള്‍ ഈ പുസ്തകം കാട്ടിത്തരുന്നു. കേരളചരിത്രസംസ്‌കാര പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും അദ്ധ്യാപകര്‍ക്കുമെല്ലാം ആശ്രയിക്കാവുന്നന്നതാണ് ഈ ഗ്രന്ഥം.
പുസ്തകത്തിന് എം ആര്‍ രേണുകമാര്‍ എഴുതിയ ആമുഖം;
ജീവിതത്തിലെ കാളിയും എഴുത്തിലെ കാളിയും
വഴക്കുണ്ടാകുമ്പോഴും രസക്കേടുണ്ടാകുമ്പോഴും (ചിലപ്പോള്‍ അല്ലാത്തപ്പോഴും) കൂട്ടുകാരെന്നെ ‘കാളി’ എന്നു വിളിച്ച് കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു. ജാതീയമായ ഒരു വേര്‍തിരിവായിരുന്നു ഈ വിളിയില്‍ അടങ്ങിയിരുന്നതെന്ന് ആരും പറയാതെതന്നെ എനിക്കറിയാമായിരുന്നു. ഈഴവക്കുട്ടികളില്‍നിന്നും ചിലപ്പോള്‍ മുതിര്‍ന്നവരില്‍നിന്നും ഞാന്‍ കേള്‍ക്കാറുണ്ടായിരുന്ന ‘പൂച്ച’വിളികളോളം വരില്ലെങ്കിലും ഈ ‘കാളി’ വിളി കേട്ട് ഞാന്‍ സങ്കടപ്പെട്ടിരുന്നു. അമ്മയെക്കൊണ്ടു ചോദിപ്പിച്ചോ, മറ്റെന്തെങ്കിലും കളിയാക്കിപ്പേരുകള്‍ തിരികെ വിളിച്ചോ അത്തരം കുത്തുവാക്കുകളെ തടയാനോ നേരിടാനോ കഴിയുമായിരുന്നില്ല. അത്തരം വിളികളുടെയും പരാമര്‍ശങ്ങളുടെയും ഉള്ളില്‍ അടങ്ങിയിട്ടുള്ള ജാതിഹിംസയെ തിരിച്ചറിയാന്‍വിധം പരിഷ്‌കൃതരുമായിരുന്നില്ല എന്റെ നാട്ടിലെ ഈഴവരില്‍ ഭൂരിഭാഗവും. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയായിരിക്കാം ജാതിബോധത്തെ ഇത്രമേല്‍ മലീമസമായി പുറത്തുകാണിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. നാരായണഗുരുവിന്റെയൊക്കെ ഇടപെടലുകള്‍ ഈഴവസമൂഹത്തിന്റെ ജാത്യാഭിമാനത്തെ പെരുപ്പിച്ചതല്ലാതെ അവരില്‍ സാമൂഹികസമഭാവനയും തിരിച്ചറിവും വരുത്തിയില്ല എന്നതാണ് എഴുപതുകളിലെയും എണ്‍പതുകളിലെയും എന്റെ ബാല്യ-കൗമാര അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ജാതീയത നാറുന്ന ഇതരവിളികള്‍ താല്‍ക്കാലികമായി കൈയൊഴിഞ്ഞ് ‘കാളി’യെന്നെന്നെ വിളിക്കാനൊരു ‘സാഹചര്യം’ നാട്ടില്‍ അക്കാലത്തുണ്ടായി. അതൊരു ഈഴവ-പുലയ സംഘര്‍ഷമായിരുന്നു.
സാമൂഹികവും സാമ്പത്തികവുമായി മേല്‍ക്കൈയുള്ള ഈഴവര്‍ പുലയരുടെമേല്‍ കുതിരകേറുന്നത് ഒരു സ്വാഭാവിക പ്രവണതയായി തുടര്‍ന്നുവന്നിരുന്ന കാലത്താണ് കുറെ പുലയയുവാക്കള്‍ ചെറിയതോതിലുള്ള ചെറുത്തുനില്പുകളുമായി ഇതിനെതിരേ രംഗത്തുവന്നത്. അതിനവരെ പ്രാപ്തരാക്കിയത് അയ്യന്‍കാളിയുടെ ജീവിതവും പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവബോധവുമായിരുന്നു. ആശയമായും ആത്മാഭിമാനമായും ഊര്‍ജ്ജമായും അയ്യന്‍കാളിയുടെ ജീവിതം പുലയയുവാക്കളുടെ ഉള്ളില്‍ പടര്‍ത്തിയ തീയാണ് കേവലം ‘തല്ലുകൊള്ളലില്‍’നിന്ന് ഒരു സംഘര്‍ഷത്തിലെ സാമൂഹ്യപ്രതിനിധാനമെന്നനിലയിലേക്ക് പുലയസമൂഹത്തെ സജ്ജമാക്കിയത്. അയ്യന്‍കാളിയുടെ ഈ ‘രണ്ടാം വരവി’ന്റെ ഒരു പ്രധാന കാരണം ടി.എച്ച്.പി. ചെന്താരശ്ശേരിയുടെ അയ്യന്‍കാളിയെക്കുറിച്ചുള്ള ജീവചരിത്ര പുസ്തകമായിരുന്നു. ഏതാണ്ട് ഇക്കാലത്ത് ഒരു പുലയയുവാവിന്റെ കുത്തേറ്റ് ഒരു ഈഴവ’റൗഡി’ കൊല്ലപ്പെട്ടതും സാമൂഹികസംഘര്‍ഷത്തെ പല
നിലകളില്‍ സ്വാധീനിച്ചു. പ്രധാനമായും എന്റെ നാടിനടുത്ത നാട്ടില്‍ നടന്ന ഈ സംഘര്‍ഷ പരമ്പരകളുടെ പ്രതിഫലനമായിരുന്നു എനിക്ക് കൂട്ടുകാരില്‍നിന്നും കിട്ടിയ ‘കാളി’യെന്ന കളിയാക്കിപ്പേര് അഥവാ മ്ലേഛവിശേഷണം. നാണുവെന്നോ ഗുരുവെന്നോ തിരിച്ചുവിളിച്ച് ആ വിളിയെ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നില്ല. ‘കൊട്ടി’യെന്നുള്ള ഈഴവജാതിയുടെ കളിയാക്കിപ്പേര് വാശിക്ക് തിരിച്ചു വിളിക്കാനുള്ള ‘ആമ്പിയര്‍’ എന്റെ കുടുംബമോ സമുദായമോ എനിക്കു പകര്‍ന്നു തന്നിട്ടുമുണ്ടായിരുന്നില്ല. പദവികളെയും വലിപ്പച്ചെറുപ്പങ്ങളെയും അധികാരത്തെയും നിര്‍ണ്ണയിക്കുന്ന കേരളത്തിന്റെ ജാതീകൃത സാമൂഹിക ശാസ്ത്രത്തെക്കുറിച്ചും അതിന്റെ ബലതന്ത്രങ്ങളെക്കുറിച്ചും അധികം പറയേണ്ടതില്ലല്ലോ.
കാളിയെന്ന വാക്ക് എന്റെ മനസ്സില്‍ ആദ്യമായി തറഞ്ഞ സന്ദര്‍ഭത്തെ സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞ്. എണ്‍പതുകളില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള പുലയരുടെ സാമുദായിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക മാറ്റങ്ങളുണ്ടാക്കുന്നതില്‍ ടി.എച്ച്.പി. ചെന്താരശ്ശേരിയുടെ അയ്യന്‍കാളിപ്പുസ്തകം വഹിച്ച പങ്ക് നിസ്തുലമാണ്. 1979 ല്‍ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ 1989 ലെ പതിപ്പാണ് ഞാനൊക്കെ വായിക്കുന്നത്. കുടുംബാംഗങ്ങളില്‍നിന്നോ സമുദായാംഗങ്ങളില്‍നിന്നോ അതിനുമുമ്പ് അയ്യന്‍കാളിയെക്കുറിച്ച് കാര്യമായൊന്നും കേള്‍ക്കാതെപോയത് ഇപ്പോള്‍ അതിശയകരമായി തോന്നുന്നു. ഇതിനൊരപവാദം ഞങ്ങളുടെ നാട്ടിലെ എ.എം.ബി. രാജനെന്ന കഥാപ്രസംഗ കലാകാരനായിരുന്നു. അയ്യന്‍കാളിയുടെ ജന്മദിനത്തിന് കോട്ടയം തിരുനക്കര മൈതാനത്ത് (കുടുംബസമേതം) അദ്ദേഹം അയ്യന്‍കാളിയുടെ ജീവചരിത്രം കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിക്കുമായിരുന്നു. ഞാനത് പലതവണ കേട്ടുനിന്നിട്ടുണ്ട്. ഇത് പിന്നീട് അദ്ദേഹം ഓഡിയോ കാസറ്റായി ഇറക്കുകയും ചെയ്തിരുന്നു. ‘അയ്യന്‍കാളി ദി ഗ്രേറ്റസ്റ്റ് സണ്‍ ഓഫ് ഇന്ത്യ’ എന്നോ മറ്റോ ആയിരുന്നു കാസറ്റിന്റെ പേര്. ചെന്താരശ്ശേരിയുടെ പുസ്തകത്തെ ഉപജീവിച്ചായിരുന്നു അസാമാന്യ ശബ്ദത്തിന് ഉടമയായിരുന്ന രാജന്‍ കഥാപ്രസംഗത്തിന്റെ കഥയും പാട്ടുകളും ചിട്ടപ്പെടുത്തിയിരുന്നത്. വെള്ളയമ്പലം സ്‌ക്വയറില്‍ വിനോദയാത്രയുടെ ഭാഗമായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വൃദ്ധന്‍ അയ്യന്‍കാളിയുടെ കഥ വിവരിച്ചുകൊടുക്കുന്ന രീതിയിലായിരുന്നു കഥപറച്ചില്‍.
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണെന്നു തോന്നുന്നു ഈ പുസ്തകത്തിന്റെ തുടര്‍ച്ചയായി വിവിധ ദലിത് ചരിത്രകാരന്മാരുടെയും എഴുത്തുകാരുടെയും സമുദായ സംഘടനകളുടെയും നേതാക്കളുടെയുമൊക്കെ ഇടപെടലോടുകൂടി ഇന്നു കാണുന്നവിധത്തില്‍ അയ്യന്‍കാളി കേരളത്തിന്റെ പൊതുമണ്ഡലത്തിലും അക്കാദമികരംഗത്തും അടയാളപ്പെട്ടുതുടങ്ങുന്നത്. അയ്യന്‍കാളിയുടെ പൊതുധാരാപ്രവേശത്തിന് കളമൊരുക്കിക്കൊണ്ടു നടന്ന ഒരു പ്രധാനസംഭവമായിരുന്നു തിരുവനന്തപുരത്തെ പ്രതിമ സ്ഥാപിക്കല്‍. മദിരാശിമുതല്‍ നിരവധിയിടങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങിക്കൊണ്ട് വിവിധ ജില്ലകളിലൂടെ കടന്ന് വെള്ളയമ്പലത്ത് അയ്യന്‍കാളിയുടെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കപ്പെടുന്നത് 1980 ലാണ്. 1979 -ല്‍ രൂപംകൊണ്ട ശ്രീ അയ്യന്‍കാളി സ്മാരകട്രസ്റ്റായിരുന്നു പ്രധാനമായും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതേത്തുടര്‍ന്ന് 1982 -ല്‍ ട്രസ്റ്റ് തന്നെ പ്രസിദ്ധീകരിച്ച സ്മരണികയും പിന്നീട് അയ്യന്‍കാളിയുമായി ബന്ധപ്പെട്ട ചരിത്രത്തിലെ ശ്രദ്ധേയ രേഖകളില്‍ ഒന്നായി
മാറി. ‘അയ്യന്‍കാളിയുടെ ജീവിതവും ഇടപെടലുകളും’ എന്നിലേക്ക് പ്രവേശിച്ച വഴികളെക്കുറിച്ചും എന്റെ പരിമിതമായ കാഴ്ചയിലും തിരിച്ചറിവിലും അയ്യന്‍കാളി അടയാളപ്പെട്ട പൊതു ഇടങ്ങളെക്കുറിച്ചുമാണ് പറഞ്ഞുവന്നത്. പലരുടെയും ജീവിതത്തില്‍ പല കാലത്തില്‍ പല വിധത്തിലാവാം അയ്യന്‍കാളി ഇടപെട്ടതും വെളിപ്പെട്ടതും. പലരും വ്യത്യസ്ത കാലങ്ങളിലാവാം അയ്യന്‍കാളിയുടെ പൊതുധാരാ പ്രവേശത്തെയും ദൃശ്യപ്പെടലിനെയും അടയാളപ്പെടുത്തുക.
തൊണ്ണൂറുകളോടെ ദലിതരുടെ മുന്‍കൈയില്‍ രൂപംകൊണ്ട അംബേദ്കറൈറ്റ് സാമൂഹിക-രാഷ്ട്രീയ വീക്ഷണവും സാമൂഹിക വിശകലനമാര്‍ഗ്ഗങ്ങളും പൊതുവില്‍ ദലിതാവബോധമെന്നു വിവക്ഷിക്കപ്പെടുന്ന ഒരു തിരിച്ചറിവിലേക്ക് എന്നെയും കൊണ്ടെത്തിച്ചിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ രേഖയുമായി ചേര്‍ന്ന് 1999 -ല്‍ ‘സമീക്ഷ’ യില്‍ ഒരു ലേഖനം എഴുതിയതൊഴിച്ചാല്‍ അയ്യന്‍കാളിയെ കുറിച്ച് അധികമൊന്നും ഞാന്‍ എഴുതിയിട്ടില്ല. അയ്യന്‍കാളിയുടെ ജീവിതത്തെയും ഇടപെടലുകളെയും മേല്‍പ്പറഞ്ഞ സാമൂഹ്യ-രാഷ്ട്രീയാവബോധത്തിന്റെ വെളിച്ചത്തില്‍ വീക്ഷിച്ചുകൊണ്ടും വിശകലനം ചെയ്തുകൊണ്ടും എഴുതാനാണ് ഈ പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുള്ളത്. സ്വമേധയാ എഴുതിത്തുടങ്ങിയ ഒരു പുസ്തകമല്ലിത്. ഒരു പ്രോജക്ടിന്റെ ഭാഗമായി എഴുതിയതാണ്. പൊരുത്തപ്പെടാനും സ്വീകരിക്കാനും കഴിയാത്ത നിരവധി നിര്‍ദ്ദേശങ്ങളും തിരുത്തലുകളുമായി പ്രസാധകന്‍ ഇടപെട്ടതോടെയാണ് ആ പ്രോജക്ട് എനിക്ക് വേണ്ടെന്നുവെക്കേണ്ടിവന്നത്. എഴുത്തില്‍ ഞാന്‍ സ്വാഭാവികമായി പിന്‍പറ്റിയിരുന്ന സാമൂഹികരാഷ്ട്രീയ വീക്ഷണത്തോടും അതിന്റെ ഭാഗമായുള്ള വിശകലന- നിരീക്ഷണങ്ങളോടും അദ്ദേഹത്തിനും പൊരുത്തപ്പെടാനായിട്ടുണ്ടാവില്ല. അതിന്റെ കാര്യവുമില്ല. പ്രസാധകനെ സൂപ്പര്‍വൈസറായിവെച്ച് ഒരു പുസ്തകമെഴുതേണ്ട കാര്യം എനിക്കും ഉണ്ടായിരുന്നില്ല. പ്രോജ്ക്ട് വഴിമുട്ടിപ്പോയാലും എഴുത്ത് തുടരാതിരിക്കാനാവില്ലല്ലോ. അങ്ങനെ 2012 ഒക്‌ടോബറില്‍ തുടങ്ങിയ എഴുത്ത് 2013 മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയായി. പിന്നെയും സമയംപോലെ അല്ലറ ചില്ലറ പണികളും തിരുത്തലുകളുമായി ഏതാണ്ടൊരു മാസംകൂടി ഞാന്‍ എഴുത്തില്‍ ജീവിച്ചു.2013 വരെ അയ്യന്‍കാളിയെക്കുറിച്ച് പുറത്തിറങ്ങിയ വിവിധ പുസ്തകങ്ങളെ അധികരിച്ചാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. എന്റേതെന്ന് നെഞ്ചില്‍ കൈവെച്ചു പറയാനുള്ളത് ഈ പുസ്തകത്തിന്റെ പരിമിതികള്‍ മാത്രമാണ്. പ്രത്യക്ഷത്തില്‍ ചെന്താരശ്ശേരിയുടെ പുസ്തകവും പരോക്ഷമായി അയ്യന്‍കാളിയെക്കുറിച്ച് വെങ്ങാനൂര്‍ സുരേന്ദ്രന്‍ എഴുതിയ ജീവചരിത്രക്കുറിപ്പുകളുമാണ് ഈ പുസ്തകത്തെ ഈവിധം സാധ്യമാക്കിയത്.
പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മുഴുവന്‍ എഴുത്തുകാരും കൂടിയും കുറഞ്ഞും അളവുകളില്‍ എന്റെ എഴുത്തിനെ സഹായിച്ചിട്ടുണ്ടെങ്കിലും ഇവരില്‍ രണ്ടു ചരിത്രകാരന്മാരുടെ പേരുകള്‍ എടുത്തു പറയേണ്ടതുണ്ട്. അവര്‍ കുന്നുകുഴി എസ്. മണിയും ചെറായി രാമദാസുമാണ്. മറ്റുള്ളവരോടുള്ള കടപ്പാടുകള്‍ വിശദവും സൂക്ഷ്മവുമായ കുറിപ്പുകളായും റഫറന്‍സായും ഈ പുസ്തകത്തില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്.ഈ പുസ്തകത്തിന്റെ എഴുത്തിനിടയില്‍ രാപകലില്ലാതെ എന്റെ മേശപ്പുറത്തെ പുസ്തകങ്ങള്‍ക്കിടയില്‍ എന്നെ നോക്കി കിടക്കുകയും ഉറങ്ങുകയും ചെയ്യുമായിരുന്ന ‘സുന്ദരിപ്പൂച്ച’യെക്കൂടി ഓര്‍ക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവുകയില്ല. പ്രത്യേകിച്ചും ഈ പുസ്തകമെഴുതി ത്തീര്‍ന്നതിന്റെ തൊട്ടടുത്ത ദിവസം അയല്‍പക്കത്തെ കിണറ്റില്‍വീണ് ആ പാവം ഞങ്ങളെ വിട്ടുപോവുകയും ചെയ്തസ്ഥിതിക്ക്. (ചില സാന്നിധ്യങ്ങളെയും അസാന്നിധ്യങ്ങളെയും സാമാന്യയുക്തികൊണ്ട് നേരിടാനും മനസ്സിലാക്കാനും കഴിയില്ലെന്നു തോന്നുന്നു). ‘പൂച്ചവിളി’ യില്‍ തുടങ്ങിയ ഈ കുറിപ്പ് മറ്റൊരു പൂച്ചയില്‍ തട്ടി അവസാനിക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നതല്ല. പക്ഷേ, അങ്ങനെ സംഭവിച്ചു.