‘ഈ പുഴ
മലയാളത്തിന്റെ അമ്മയാകുന്നു
അച്ഛനോ
തുഞ്ചത്തെഴുത്തച്ഛനും,
മനുഷ്യജന്മം നേടിയ ഒരു ഗന്ധര്‍വ്വന്‍
പുഴയെയും കിളിയെയും സ്‌നേഹിച്ച
പഴങ്കഥയില്‍നിന്നാണ്
കിളിപ്പാട്ടിന്റെ പേരാറുത്ഭവിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്തു വളര്‍ന്ന്
വികാസം പ്രാപിച്ച
മലയാള സാഹിത്യത്തോടൊപ്പം
യാത്ര പുറപ്പെടുമ്പോള്‍
ഈ അക്ഷരമാലയണിയുക.’
ജീവിതത്തിന് ഭാവനയെന്നതു പോലെ സാംസ്‌കാരിക സാഫല്യത്തിനൊരു നദി വേണം. മലയാണ്മയുടെ തനതായ സംസ്‌കാരത്തെ വളര്‍ത്തി വലുതാക്കിയ മഹാനദിയായി മലയാളികള്‍ തിരിച്ചറിഞ്ഞാദരിച്ചു പോരുന്ന നദിയാണ് നിളാനദിയെന്ന ഭാരതപ്പുഴ. മലയാളിക്ക് ഈ പുഴ വെറുമൊരു പുഴയല്ല, തനിമയുടെയും പാരമ്പര്യങ്ങളുടെയും സംസ്‌കാര വികാസത്തിന്റെയും ഒരു മഹാപ്രവാഹമാണ്. ജീവിതത്തിന്റെ സര്‍ഗശക്തിയെ അനശ്വരമാക്കിക്കൊണ്ട് അനുസ്യൂതമായി ഒഴുകുന്നൊരു ജൈവപ്രവാഹം.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആയിരമായിരം കഥകളും പുരാവൃത്തങ്ങളും ചരിത്രങ്ങളും നെഞ്ചിലടുക്കിപ്പിടിച്ചു കൊണ്ട് നിള ഒഴുകിക്കൊണ്ടിരിക്കുന്നു. ഇവിടെ ജീവിതം നിലയ്ക്കുന്നതേയില്ല. എല്ലാ ചലനങ്ങളിലും വിപ്ലവങ്ങളിലും പരിണാമങ്ങളിലും തുടിച്ചു നില്പുണ്ട് പുഴ. ഇത് ജീവനിലേക്കൊഴുകുന്ന സ്‌നേഹത്തിന്റെ പുഴയാണ്. നിളയുടെ കഥ നമ്മുടെ കലയുടെയും സാഹിത്യത്തിന്റെയും കഥയാണ്- അറിവിനും അപ്പുറത്തുള്ള അനുഭൂതിയാണത്.
ഈ പുഴയെ അറിയണമെങ്കില്‍ പുഴയോരഗ്രാമങ്ങളിലൂടെ ജീവിതത്തിലൂടെ നിത്യവും തീര്‍ത്ഥാടനം നടത്തണം. അത്തരം കുറെ തീര്‍ത്ഥാടനങ്ങളുടെ അനുഭവക്കുറിപ്പുകളാണ് ആലങ്കോട് ലീലാകൃഷ്ണന്‍ രചിച്ച നിളയുടെ തീരങ്ങളിലൂടെ. ഭാരതപ്പുഴയുടെ പ്രധാന തീരദേശങ്ങളിലൂടെയും അവിടത്തെ കലകളിലൂടെയും സാഹിത്യത്തിലൂടെയും ചരിത്രത്തിലൂടെയുമൊക്കെ ആത്മനിഷ്ഠമായി നടത്തിയ കുറേ തീര്‍ത്ഥയാത്രകളുടെ സമാഹാരമാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച നിളയുടെ തീരങ്ങളിലൂടെ.