മഹാകവി കുമാരനാശാന്റെ കാവ്യങ്ങളെക്കുറിച്ചുള്ള ഒരു ആധികാരിക പഠനമാണ് പി. കെ. ബാലകൃഷ്ണന്റെ കാവ്യകല കുമാരനാശാനിലൂടെ. കാവ്യകലയുടെ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിഭ പ്രകടമാക്കുന്ന പൊതുസ്വഭാവങ്ങളെന്തെല്ലാമെന്ന് സശ്രദ്ധം പരിശോധിക്കുകയാണ് ഈ പുസ്തകത്തില്‍.
കാവ്യകലയെപ്പറ്റി പൊതുവെയും ആശാന്റെ കാവ്യങ്ങളെപ്പറ്റി പ്രത്യേകിച്ചും ചിന്തിക്കുന്നതില്‍ താത്പര്യമുളളവര്‍ക്ക് നിരവധി സാധ്യതകളുളള പുതുമേഖലകള്‍ ഈ പുസ്തകത്തിലൂടെ ദര്‍ശിക്കാനാവും. സര്‍ഗ്ഗഭാവനയും വിശകലനപാടവവും തെളിയുന്ന ആഖ്യാനം. ഗൗരവപൂര്‍വ്വമുളള ഗവേഷണത്തിലൂടെയും വിശദമായ പരിശോധനയിലൂടെയും വികസിപ്പിച്ചെടുക്കേണ്ട പല ആശയങ്ങളും ശ്രീ ബാലകൃഷ്ണന്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. നാരായണഗുരുസ്വാമിയുടെ സ്‌തോത്രങ്ങള്‍ക്കും ആശാന്റെ സ്‌തോത്രങ്ങള്‍ക്കും തമ്മിലുളള ബന്ധം, ആശാന്റെ സ്‌തോത്രങ്ങള്‍ക്കും അസ്സല്‍കാവ്യങ്ങള്‍ക്കും തമ്മിലുളള ബന്ധം, ഇംഗ്ലീഷ് റൊമാന്റിക് കാവ്യങ്ങള്‍ക്കും ആശാന്റെ പ്രത്യേക തരത്തിലുളള പ്രണയകാവ്യങ്ങള്‍ക്കും തമ്മിലുളള ബന്ധം, സംസ്‌കൃതകാവ്യ കല്പനകള്‍ക്കും ആശാന്റെ കാവ്യങ്ങള്‍ക്കും തമ്മില്‍ യഥാര്‍ത്ഥത്തിലുളള അകല്‍ച്ച, ആശാന്റെ കാവ്യകലയില്‍ തുഞ്ചത്താചാര്യരുടെ സ്വാധീനത്തിന്റെ വ്യാപ്തി എന്നിവ ഇതില്‍ ചിലതു മാത്രമാണ്.
അപൂര്‍വ്വ ശോഭയുള്ള ആശാന്റെ കാവ്യപ്രപഞ്ചത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന ചില നിഗമനങ്ങളിലെത്തുവാനും അവയുടെ അടിസ്ഥാനത്തില്‍ ആശാന്റെ ചില കാവ്യങ്ങളെ പുന: പരിശോധനക്കു വിധേയമാക്കുന്നതിലൂടെ സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ മേഖലയിലേക്കു കയറി നില്‍ക്കുവാനും ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കാവ്യകല കുമാരനാശാനിലൂടെ 1970-ലാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.