യമയുടെ ആദ്യ കഥാസമാഹാരമാണ് ഒരു വായനാശാലാ വിപ്ലവം. ചുടലത്തെങ്ങ്, സിനിമാ തിയേറ്റര്‍, ദൈവം, ഒരു വായനശാല വിപ്ലവം, പോസ്റ്റുമാന്റെ മകള്‍, സതി, തുരുത്തുകള്‍ ഉണ്ടാകുന്നത് തുടങ്ങി ഏഴു കഥകളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്.
യമയുടെ കഥകളില്‍ ഇടം നേടിയിരിക്കുന്ന സ്ത്രീവാദ നിലപാട് സ്ത്രീവാദത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പരിവേഷത്തെക്കൂടി വേണ്ടെന്നുവെക്കാന്‍ ചങ്കുറപ്പ് കാണിക്കുന്ന ഒന്നാണ്. ആ വ്യതിരിക്തതയാണ്, അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സത്യസന്ധതയുടെ ആര്‍ജ്ജവമാണ് എന്നിലെ വായനക്കാരന്‍ ആദ്യം ശ്രദ്ധിച്ചത്. ഈ കഥകളില്‍ രാഷ്ട്രീയമില്ലെന്ന് അലസവായനയില്‍ ഒരാള്‍ക്ക് തോന്നിയേക്കാം. അവയെ സ്ത്രീവാദകഥകളുടെഗണത്തില്‍ പെടുത്തി ചില സാമാന്യ നിരീക്ഷണങ്ങള്‍ സാധിച്ച് ഒരു നിരൂപകന് തന്റെ ജോലി ആയാസരഹിതമാക്കാം. പക്ഷേ, ഏറ്റവും സര്‍ഗാത്മകമായി രാഷ്ട്രീയം സംസാരിക്കുന്ന ഈ കഥകള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും അരികുവല്‍ക്കരണത്തിനും പുറത്തേക്ക് സഞ്ചരിക്കുന്നതില്‍ അസാധാരണമായ ആര്‍ജ്ജവം കാണിക്കുന്നുണ്ടെന്നുള്ള അതിസുതാര്യവും അവയെ സംബന്ധിച്ചിടത്തോളം അത്യന്തം പ്രസക്തവുമായ വാസ്തവം ഒളിച്ചുവെയ്ക്കുന്നത് തെറ്റാണ്. മലയാളത്തിലെ കഥാസാഹിത്യത്തെ തനിക്കുമാത്രം സാധ്യമാകുന്ന ശബ്ദത്തില്‍ ഞെട്ടിച്ചുണര്‍ത്തിയ കഥാകാരിയാണ് യമ-എന്ന് എന്‍. പ്രഭാകരന്‍ അവതാരികയില്‍ കുറിച്ചു.
ഏഴു കഥകളുടെ സമാഹാരമാണ് ഒരു വായനാശാലാ വിപ്ലവം. ഈ ഏഴു കഥകളിലെയും മുഖ്യകഥാപാത്രങ്ങള്‍ സ്ത്രീകളായത് യാദൃശ്ചികതയല്ല. സ്വന്തം ജീവിത ചുറ്റുപാടുകളില്‍ ഒറ്റപ്പെട്ടദ്വീപുകള്‍പോലെ നിലകൊള്ളുന്ന സ്ത്രീകളുടെ മനോവ്യാപാരങ്ങളാണ് മിക്ക കഥകളിലെയും ഉള്ളടക്കം. സമീഹത്തിന്റെ സൂക്ഷ്മതലത്തിലെ അധികാര ഘടനയോടുള്ള ആ സ്ത്രീകളുടെ പ്രതിഷേധവും അതിജീവനത്വരയുമാണ് കഥകളിലെ ആഖ്യാനത്തെ പലപ്പോഴും മുന്നോട്ടു നയിക്കുന്നതെന്ന് യമ ആമുഖക്കുറിപ്പില്‍ പറയുന്നു.