“എന്റെ രാഷ്ട്രീയ ബോധത്തിന്റെയും ചരിത്രബോധത്തിന്റെയും അടിക്കല്ലിട്ടു തന്നത് വിജയനാണ്. ഉത്തരേന്ത്യ എന്താണെന്നും ദക്ഷിണേന്ത്യ എന്താണെന്നും മുസ്‌ലീമിന്റെ അവസ്ഥ എന്താണെന്നും ഹിന്ദു മനസ്സ് എന്താണെന്നും പഠിപ്പിച്ചത് വിജയനാണ്. അക്കൂടെ എന്നെ വിജയന്‍ സയന്‍സ് ഫിക്ഷനിലേക്കും മതംമാറ്റി. എന്റെ മനസ്സും ഭാവനയും ബഹിരാകാശത്തേക്കും ഗാലക്‌സികളിലേക്കും ആദ്യമായി കടന്നു. വഴിവക്കില്‍ പോലും അധികാരത്തിന്റെ തിരകള്‍ വന്നടിക്കുന്ന ഡല്‍ഹിയിലൂടെ കൂസലില്ലാതെ നടക്കാനുള്ള ധാരണകള്‍ വിജയന്‍ വളരെ ലാഘവത്തോടെ എനിക്ക് തന്നു. അതെന്തുകൊണ്ടാണ്? എന്ന് ഏറ്റവും സാധാരണമായി തോന്നുന്ന കാര്യത്തെപ്പറ്റിപ്പോലും ചോദിക്കുന്ന ഒരു പതിവ് വിജയനുണ്ടായിരുന്നു. ഞാനതു വിജയനോടു കടംവാങ്ങി. എന്റെ ജീവിതത്തില്‍ ഞാന്‍ പിന്നീടെടുത്തിട്ടുള്ള ബൗദ്ധികമായ പാതകളിലെല്ലാം ഈ ചോദ്യം എന്റെ വഴികാട്ടിയായിരുന്നു. അന്നു ഞാനറിഞ്ഞിരുന്ന വിജയന്‍ പ്രത്യാശവാനും ഉറപ്പുകള്‍ കൈവിടാത്തവനുമായിരുന്നു.
ഖിന്നനും പരാജിതനുമായ വിജയന്‍ പിറന്നതു പിന്നീടാണ്. ആധ്യാത്മികത ഒരു മറക്കുടയാക്കിയ വിജയന്‍ വന്നത് അതിനു ശേഷവും. ഒരു മാളത്തിലേക്കെന്നപോലെയുള്ള വിജയന്റെ പിന്മാറ്റത്തിന്റെ കാരണങ്ങള്‍ വളരെ വ്യക്തിപരമാണ്. എന്നാല്‍ പിന്മാറ്റത്തിലേക്ക് നയിച്ചത് വിജയന്റെ അടിസ്ഥാനപരമായ മനക്കട്ടിയില്ലായ്മയാണ്…” ഒ.വി വിജയനെ കുറിച്ച് സക്കറിയ കുറിയ്ക്കുന്നു.
‘ഒ.വി. വിജയന്‍ എനിക്ക് മഹാനായ സുഹൃത്തും ആത്മപീഡകനായ മനുഷ്യനും മഹാനായ എഴുത്തുകാരനുമായിരുന്നു.’ തുടര്‍ന്ന് സക്കറിയ എഴുതുന്നു.
‘വിജയന്റെ ബൗദ്ധിക ശിഷ്യനായ എനിക്ക് വിജയന്റെ സാംസ്‌കാരികമായ പിന്മാറ്റങ്ങള്‍ അസഹ്യമായിത്തീര്‍ന്ന ഒരു നില വന്നപ്പോഴാണ് ഞാന്‍ വിജയനെ വിമര്‍ശിച്ചത്. വിജയന്റെ പിന്മാറ്റത്തിന്റെ കാരണങ്ങള്‍ എനിക്കുദ്ദേശിക്കാവുന്നവയായിരുന്നെങ്കിലും അതിനെ വിമര്‍ശിക്കേണ്ടത് ആവശ്യമായിരുന്നു. കാരണം, വിജയനെപ്പോലെയുള്ള ഒരു വ്യക്തിയുടെ പിന്മാറ്റം ഫലത്തില്‍ സംസ്‌കാരത്തിന്റെ തന്നെ പലായനമായിത്തീര്‍ന്നു.’
മലയാളി ജീവിതത്തെയും സംസ്‌കാരത്തെയും നവീനമാക്കിയ വ്യക്തികളെയും സുഹൃത്തുക്കളെയും അനുസ്മരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് സക്കറിയയുടെ സന്മനസ്സുള്ളവര്‍ക്ക് സമാധാനം. മഹല്‍ജീവിതങ്ങളെ കുറിച്ചും സംഭാവനകളെക്കുറിച്ചും ആദരപൂര്‍ണമായ ഓര്‍മ്മകള്‍ ഈ കൃതിയിലൂടെ പങ്കുവെക്കുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയില്‍ ശ്രീനാരായണഗുരു, സിവി രാമന്‍പിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, കെ. സരസ്വതിയമ്മ, മാധവിക്കുട്ടി, എം.ഗോവിന്ദന്‍, അരവിന്ദന്‍, പത്മരാജന്‍, അയ്യപ്പപ്പണിക്കര്‍ തുടങ്ങി നിരവധി പ്രതിഭാശാലികളെ ഓര്‍മ്മിക്കുന്നു. ആരാധനകളില്ലാത്തതും സത്യസന്ധവുമായ ഈ അനുസ്മരണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ജീവിതരേഖകളാണ്.