“വൈകുന്നേരം നടക്കാന്‍ പോയിട്ട് അവളും കുട്ടികളും മടങ്ങിയെത്തുന്നതിന്റെ ബഹളങ്ങള്‍ വഴിയില്‍ നിന്നു കേട്ടപ്പോള്‍ അയാള്‍ എഴുത്തു നിറുത്തി എണീറ്റു. കൈകള്‍ പിന്നോക്കം പിണച്ചുകെട്ടി മൂരിനിവര്‍ന്നു. എളിയില്‍ കൈയൂന്നി ഇടവും വലവും തിരിഞ്ഞു. എന്നിട്ട് അയാള്‍ അവര്‍ക്കുവേണ്ടി ചായയുണ്ടാക്കാന്‍ സ്റ്റൗവിന്‍മേല്‍ വച്ചിരുന്ന തിളച്ച വെള്ളത്തില്‍ തേയിലയിട്ടു.
അവള്‍ എത്ര ചായയാണ് ഒരു ദിവസം കഴിച്ചുകൂട്ടുന്നത്? ഈയിടെ വളരെ അമിതമായിട്ടുണ്ട്. എത്ര പറഞ്ഞാലും മനസ്സിലാവില്ല. വല്ലാതിങ്ങനെ ചായകഴിച്ചു മെലിഞ്ഞുണങ്ങിയിരിക്കുന്നതു കണ്ടില്ലേ!
അയാള്‍ കെറ്റിലില്‍ പാലു പകര്‍ന്നു പഞ്ചസാരയിട്ടു. മൂടിവെച്ചിരുന്ന തേയില അരിച്ചൊഴിച്ചു ചായ കൂട്ടി. അവള്‍, തേയിലയില്‍ സുഗന്ധം ചേര്‍ത്തിട്ടുണ്ട്. ചായക്കെറ്റിലില്‍ നിന്നുയരുന്ന ആവിക്കു നേരെ അയാള്‍ മൂക്കുവിടര്‍ത്തി. സുഗന്ധമുള്ള ചായ അയാള്‍ക്കിഷ്ടമാണ്. അവള്‍ക്കാണെങ്കില്‍ അതുപോലെ പ്രിയപ്പെട്ടൊരു പാനീയം വേറെയില്ല താനും.
കുട്ടികള്‍ മുറിയിലേക്കോടിക്കയറി വന്നു. അയാള്‍ ഒരു കപ്പില്‍ ചായ പകര്‍ന്നു രുചിച്ചുകൊണ്ട് ഉമ്മറത്തേക്കു ചെന്നു. ഗേറ്റടച്ചു കൊളുത്തിട്ട്, കൊച്ചുമേളെയും നടത്തിച്ച് അവള്‍ നടപ്പാതയിലൂടെ വരുന്നു. അവളുടെ മുഖം കടലാസു പോലെ വിളറിയാണിരിക്കുന്നത്. വിളര്‍ച്ച നെറ്റിയിലണിഞ്ഞ വലിയ തിലകത്തിനു പോലുമുണ്ടോ?
ഒരു വല്ലാത്ത തരം നോട്ടം അയാളുടെ മുഖത്തു കൊളുത്തിയിട്ടിരുന്നതു കൊണ്ട് അവള്‍ ചവിട്ടുപടികള്‍ക്കു താഴെ നിശ്ചലം നിന്നു, നിഴലുകളിഴയുന്ന ഒരു മനസ്സുമായി, അവളുടെ നെറ്റിയില്‍ വിയര്‍പ്പുതുള്ളികളില്‍ തിലകമലിയുന്നു.
‘ങ്ഉം?’ അയാള്‍ പുരികമുയര്‍ത്തി ചോദിച്ചു.
അവളുടെ ചുണ്ടുകള്‍ മെല്ലെ, രണ്ടു പൂവിതള്‍പോലെനിന്നു വിറച്ചതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല. വൈകുന്നേരത്തെ കാറ്റില്‍ അവളുടെ മുടിച്ചുരുളുകള്‍ ഇളകിവീണു. പെട്ടെന്ന് കൈയുയര്‍ത്തി, മുടി മാടിയൊതുക്കിയിട്ട് തികട്ടിവരുന്ന ദുഃഖം പിടിച്ചുവയ്ക്കുന്നോണം ചുണ്ടുകള്‍ കടിച്ചമമര്‍ത്തി അവള്‍ അകത്തേക്കു കയറിപ്പോയി…”
ഹൃദയത്തെ കരുണകൊണ്ടു നിറയ്ക്കുകയും സ്‌നേഹത്തെ സര്‍വ്വചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന കാവ്യശോഭയാര്‍ന്ന കഥകളാണ് സാറാ ജോസഫിന്റെ കാടിന്റെ സംഗീതത്തില്‍. കാടിന്റെ സംഗീതം, താഴ്‌വര, ചിതലുകള്‍, ആകാശം, കാടക്കിളികള്‍, തീവീഴ്ച, സായാഹ്നം, മഴ, സമവൃത്തങ്ങള്‍, നിശ്ശബ്ദത, ഒരു രാത്രി അനേകം രാത്രികള്‍, ജ്വാല, ഒരു ഉച്ചയ്ക്കുശേഷം, തീര്‍ത്ഥാടനം, സ്വപ്നത്തിന്റെ തൂവലുകള്‍, ട്രെയ്ന്‍ എന്നിങ്ങനെ 16 ചെറുകഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. മനപ്രകൃതിയും പ്രകൃതിമനസ്സും ഒരേ താളലയത്തിലേക്ക് സമ്മേളിക്കുന്ന നവ്യാനുഭൂതിയാണ് ഓരോ കഥയും പ്രദാനം ചെയ്യുന്നത്. സാറാ ജോസഫിന്റെ സര്‍ഗ്ഗപ്രതിഭയുടെ പ്രവാഹതേജസ്സുകളാണ് ഈ കഥകള്‍.