ഡി.സി ബുക്‌സ് വായനാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്‍ രചിച്ച ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിക്ക് ആസ്വാദനക്കുറിപ്പ് എഴുതിയിരിക്കുന്നത് രാംകുമാര്‍ രാമനാണ്.
ഖസാക്കിന്റെ ഇതിഹാസം, മലയാളത്തിന്റെ സാഹിത്യചരിത്രത്തെ ഖസാക്കിന് മുന്‍പും പിമ്പുമെന്ന് വ്യവച്ഛേദിച്ച് പറയും വിധം മലയാള വായനയുടെ ഭാവുകത്വ പരിണാമത്തെ ഏറ്റവും സ്വാധീനിച്ച സാഹിത്യസൃഷ്ടി. പാലക്കാടന്‍ പനനൊങ്കിന്റെ മാധൂര്യമേറിയ നാട്ടുവഴക്കങ്ങളുടെ ഇനിപ്പ് ഹൃദയം കൊണ്ട് അനുഭവിപ്പിച്ച നോവല്‍. അസ്തിത്വവ്യഥയുടെ പരിപ്രേക്ഷ്യത്തില്‍ മനുഷ്യജീവിതത്തിന്റെ കാല്‍പ്പനികതയേയും ദാര്‍ശനികതയേയും ഒരു കൂട്ടം നിരാലംബരായ മനുഷ്യരുടെ ഗ്രാമീണജീവിതങ്ങളിലേക്ക് സമന്വയിപ്പിച്ച് വ്യര്‍ത്ഥമായ ജീവിതാസക്തികളെ ദുഃഖാര്‍ദ്രമായ നിസ്സംഗത്വമാര്‍ന്ന കാഴ്ചകളായി നമുക്ക് മുന്നില്‍ വെളിപ്പെടുത്തിത്തന്ന നോവല്‍.
വീണ്ടും വീണ്ടും വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഭാഷയുടെ മാന്ത്രികത…ഗതികിട്ടാതലയുന്ന ആത്മാക്കളെ പോലെ വായനക്കാര്‍ ഇതിഹാസത്തിന്റെ മലയോരങ്ങളിലൂടെ, അശാന്തരായ ഇഫിരീത്തുകളുടെ സഞ്ചാരപഥങ്ങളിലൂടെ അലയാന്‍ വിധിക്കപ്പെട്ടു…ഖസാക്കിലലയുന്ന പഥികരുടെ ഹൃദയത്തിലെ വ്രണങ്ങള്‍ നീറുന്നു…
ആസക്തികളില്‍ ഉഴറുന്ന നിസ്സഹായരായ ഖസാക്കിലെ മനുഷ്യാത്മാക്കളില്‍ എന്നും കുത്തിനോവിക്കുന്നത് മുങ്ങാങ്കോഴിയെന്ന ചുക്രുറാവുത്തര്‍ ആണ്. തന്റെ പേരും സ്വത്വവും ജീവിതദുഃഖത്തിന്റെ കിണറാഴങ്ങളിലെന്നോ മുങ്ങിയെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു പോയ മുങ്ങാങ്കോഴി. ഒടുവില്‍ തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേര്‍ക്ക് മുങ്ങിയൊടുങ്ങിയ മുങ്ങാങ്കോഴി. ഖസാക്കില്‍ മനുഷ്യന്റെ നിസ്സഹായതയും നിരാലംബത്വവും ഇത്ര തീഷ്ണമായി വരച്ചിടുന്ന വേറേ വരികളില്ല….!
‘ഉമ്മയില്ലാതെ കിടന്ന് നിലവിളിച്ച കൊച്ചുമകളെ ഉറക്കാനായി താന്‍ പണ്ട് പാടിയൊരു പാട്ടുണ്ടായിരുന്നു. ആള്‍മറയിലിരുന്നു കൊണ്ട്,തുരുപ്പിടിച്ച അപസ്വരത്തില്‍ മുങ്ങാങ്കോഴി പാടി;
‘തലമൂത്ത മീനേ
എന്റെ ചേറമ്മീനേ
എന്റെ കുട്ടിമക്‌ള്‌ക്കൊര്
മണി കൊണ്ട് വായോ’
അയാള്‍ കിണറ്റിലേക്ക് കൂപ്പുകുത്തി. കിണറ് കടന്ന് ഉള്‍ക്കിണറ്റിലേക്ക്. വെള്ളത്തിന്റെ വില്ലീസ് പടുതകളിലൂടെ അയാള്‍ നീങ്ങി. ചില്ല് വാതിലുകള്‍ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ, തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേര്‍ക്ക് അയാള്‍ യാത്രയായി. അയാള്‍ക്ക് പിന്നില്‍ ചില്ല് വാതിലുകള്‍ ഒന്നൊന്നായടഞ്ഞു……'(നോവലില്‍ നിന്ന്)
ഓരോ ഖസാക്ക് വായനയിലും അര്‍ത്ഥവ്യാപ്തിയേറുന്ന അതിന്റെ അപരിമേയതയും ആഴവും അനുഭവിപ്പിക്കുന്ന വരികള്‍. ദുഃഖമെന്ന അനാദിയായ സത്യത്തിന്റെ പൊരുള്‍ തേടി ഖസാക്കെന്ന വഴിയമ്പലം തേടിയെത്തിയ രവിയുടെ തിരിച്ചറിവായിരുന്നു അത്. ഓരോ ഇടത്താവളങ്ങളിലും ദുഃഖത്തിന്റെ ഉറവകളില്‍ ആത്മദാഹം കെടുത്താന്‍ വെമ്പുന്ന സന്ദേഹിയുടെ അസ്തിത്വവ്യഥയുടെ കാല്‍പ്പനികഭാവമല്ല മറിച്ച് ഓരോ യാത്രക്കൊടുക്കവും നവീകരിക്കപ്പെടുന്ന സഞ്ചാരിയുടെ വെളിപാടാണത്.പുതിയ പുതിയ ഭൂമികകളില്‍,അവയുടെ ഗര്‍ഭസ്ഥലികളില്‍, ഭ്രാതൃഭാവത്തില്‍, പുല്ലിനോടും പുല്‍ച്ചാടിയോടും പുഴകളോടും പൂമരങ്ങളോടും പൂമ്പാറ്റകളോടും ഉയിര്‍ ചേര്‍ക്കുന്ന,അതിരുകള്‍ അപ്രസക്തമാകുന്ന വിശ്വമാനവ ചിന്തകളാണവയില്‍ ലീനമായിരിക്കുന്നത്.
വ്യര്‍ത്ഥമായ ജീവിതാസക്തികളിലും കാമനകളിലും അഭിരമിക്കുമ്പോഴും തീവ്രമായ നൊമ്പരങ്ങളില്‍ കണ്ണിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന നിസ്സഹായരായ മനുഷ്യാത്മക്കളുടെ ഒരു പരിശ്ചേദമായ ഖസാക്കിലൂടെ കഥനസ്വഭാവമില്ലാത്ത സ്മരണകളുടെ ഭാരം പേറിയെത്തുന്ന രവിക്ക് മുന്നില്‍ ദുരൂഹമായ പുരാവൃത്തങ്ങളിലൂടെ ഒരു നാട് ഉരുവം കൊള്ളുകയായിരുന്നു.
‘ആ കാളത്തിലേക്ക് നോക്കിയപ്പോള്‍ അയാള്‍ എന്തൊക്കെയോ ഓര്‍മ്മിച്ചു. ഒന്നോ രണ്ടോ ഓര്‍മ്മകളല്ല. കഥന സ്വഭാവമില്ലാത്ത ഓര്‍മ്മകളുടെ വലിയൊരു മൂടല്‍ മഞ്ഞു തന്നെ സ്പര്‍ശിച്ചുവെന്ന് തോന്നി.’
സുഖദുഃഖ സമ്മിശ്രമായ ജീവിതാനുഭവങ്ങള്‍ സ്മൃതികളായി പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അവയുടെ വീണ്ടെടുപ്പിന് വേണ്ടി മനസ് ചില ചില അടയാളങ്ങള്‍ ബാക്കി വെക്കും. അവ ചില വസ്തുക്കളോ ചില കാഴ്ചകളോ ചില പാട്ടുകളോ ചില ഗന്ധങ്ങളോ ആയിരിക്കും. ഓര്‍മ്മകളിലേക്കുള്ള തിരികെ യാത്ര അനിവാര്യമാകുമ്പോള്‍ മനസ് അതിനെ വ്യഗ്രതയോടെ തിരയുന്നു. അപ്പോഴാവാം വേദനയുടെ ലാവാ പ്രവാഹത്തില്‍ നിര്‍മ്മഗ്‌നമായ, വിരഹത്തിന്റെ നിലാവ് പൊഴിയുന്ന ഏകാന്തതയില്‍ തളം കെട്ടി നില്‍ക്കുന്ന നിശബ്ദതതയില്‍ ആമഗ്‌നമായ, അരുതുകള്‍ക്കപ്പുറം ആസക്തികളില്‍ സ്വയം നഷ്ട്ടപ്പെട്ട, സ്‌നേഹത്തിന്റെ കെട്ടുപാടുകളില്‍ ബന്ധിക്കപ്പെട്ട,സങ്കീര്‍ണമായ മനുഷ്യബന്ധങ്ങളുടെ വ്യര്‍ത്ഥതയില്‍ നിസ്സഹായമായ, മനസ്സിനെ തിരിച്ചറിയുക.
ഖസാക്കില്‍ രവി തന്നെ ചൂഴുന്ന ഓര്‍മ്മകളില്‍ നിന്നും ഓടിയൊളിക്കാന്‍ നിരന്തരം വ്യര്‍ത്ഥമായി ശ്രമിക്കുമ്പോഴും അവയില്‍ തന്നെ ഒടുവില്‍ അഭയം പ്രാപിക്കുന്നു. മൃഗതൃഷ്ണകളില്‍ പൊടിഞ്ഞു പൊന്തുന്ന പാപ്പാത്തികള്‍ പോലെ വ്യഥയില്‍ നിന്നുയിര്‍ക്കുന്ന സ്മൃതികളിലാണ് അയാള്‍ തന്റെ സ്വത്വം കണ്ടെത്തുന്നത്. വഴിയമ്പലങ്ങള്‍ തേടി ഓരോ തവണ അയാള്‍ അലയുമ്പോഴും ഓര്‍മ്മകളുടെ പാഥേയങ്ങളില്‍ നിന്നും അയാള്‍ ഭുജിക്കുന്നത് ജീവിതമെന്ന ലഹരി തന്നെയാണ്. അനാഥത്വത്തിന്റെ ഒറ്റപ്പെടലിന്റെ പാപത്തിന്റെ പുണ്യത്തിന്റെ പ്രണയത്തിന്റെ ആസക്തിയുടെ വിരഹത്തിന്റെ പലായനത്തിന്റെ സ്മരണകളിലൂടെയുള്ള രവിയുടെ രൂപാന്തരീകരണമായിരുന്നു ഒടുവില്‍ അയാളെ ഖസാക്കിലെത്തിക്കുന്നത്. മിത്തുകളിലൂടെയും പുരാവൃത്തങ്ങളിലൂടെയും സ്മരണകളി ലൂടെയും ഉരുവം കൊണ്ട ഖസാക്കെന്ന മാന്ത്രിക ഭൂമികയില്‍ അയാളെ കാത്തിരുന്നതു വ്യഥിതസ്മരണകളുടെ അസ്ഥിവാരങ്ങളില്‍ നിന്നും ജൈവതാളം തിരയുന്ന ഒരു കൂട്ടം നിസ്സഹായ മനുഷ്യജന്മങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഖസാക്കുമായി എളുപ്പം സാമ്യപ്പെടാന്‍ രവിക്ക് കഴിഞ്ഞു.
നൈസാമലി; കടുത്ത ചമയക്കൂട്ടുകളില്‍ ആടിത്തിമിര്‍ത്ത വേഷപ്പകര്‍ച്ചകള്‍ക്കിടയില്‍ സ്വന്തം അസ്തിത്വം മറന്നുപോയ നിസ്സഹായ ജന്മം. കൗതുകത്തിലൂടെ പാപത്തിലൂടെ(?) പ്രണയത്തിലൂടെ നിരാസത്തിലൂടെ വിപ്ലവത്തിലൂടെ ആസക്തിയിലൂടെ ആഭിചാരത്തിലൂടെ പരിണമിക്കുന്ന നൈസാമലി നാടകീയമായ ജീവിതത്തിന്റെ നേര്‍സാക്ഷ്യമാകുന്നു നോവലിലുടനീളം.ജീവിതമെന്ന മഹാനാടകശാലയില്‍ അഭിനയിച്ച് മുഴുമിക്കാനാവാതെ പോയ കഥാപാത്രങ്ങള്‍ക്കായി ഖസാക്കെന്ന പച്ചമുറിയില്‍(ഗ്രീന്‍ റൂം) കെട്ടിച്ചമയങ്ങള്‍ക്കായി വന്നു ചേരുകയെന്നതായിരുന്ന അയാളുടെ നിയോഗം. ഇതിഹാസത്തിന്റെ മലയോരങ്ങളിലൂടെ,ഷെയ്ഖിന്റെ പുകള്‍ പാടിക്കൊണ്ട് അഗതിയായി നടന്ന ഖസാക്കിലെ മൊല്ലാക്കക്ക് മുന്നില്‍ നീണ്ടുസ്‌ത്രൈണമായ ചുണ്ടുകളും, പുകചുറ്റിയ കണ്ണുകളും, പെണ്ണിന്റെതെന്ന പോലെ ഒടിഞ്ഞ ചുമലുകളും, ഗൗളിയുടെ ശബ്ദവും മഞ്ഞക്കിളിയുടെ കലമ്പലുമായി അനാഥനായി അവതരിച്ച നൈസാമലി, പിന്നീട് മൊല്ലാക്കയുടെ സ്വവര്‍ഗാനുരാഗപരമായ ലൈംഗീകകാമനകളെ പ്രോജ്ജ്വലിപ്പിക്കുകയുണ്ടായി.
ഇഴ പറിഞ്ഞ തുവര്‍ത്തിന്‍തുണ്ടിന് ചോട്ടില്‍ നൈസാമലിയുടെ വെളുത്ത തുടകളില്‍ തെളിഞ്ഞ ചെമ്പന്‍ രോമങ്ങളിലൂടെയാണ് മൊല്ലാക്ക നൈസാമലിയെ ആദ്യമായി അറിഞ്ഞത്.പിന്നീട് മൈമൂനയുടെ അനുരാഗകിനാവുകള്‍ക്ക് നിറം പകര്‍ന്ന നൈസാമലി കാലങ്ങളായുള്ള മാമൂലുകളെ വെല്ലുവിളിച്ചു മുടിവളര്‍ത്തുമ്പോള്‍ അയാള്‍ യഥാര്‍ത്ഥത്തില്‍ സമ്പ്രദായങ്ങളെ ആയിരുന്നില്ല എതിര്‍ക്കാന്‍ ശ്രമിച്ചത്. മൊല്ലാക്കക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായിരുന്നു അയാളുടെ നിഷേധാത്മകത. ഒടുവില്‍ മൈമുനയെ മുങ്ങാംകോഴിയെന്ന ചുക്രുറാവുത്തര്‍ക്കു നിക്കാഹ് കഴിച്ചു കൊടുക്കുമ്പോള്‍, ഖസാക്ക് വിടുന്ന നൈസാമലി, പിന്നീട് പ്രത്യക്ഷപ്പെടുന്നത് പ്രണയനിരാസം വിപ്ലവകാരിയാക്കി മാറ്റിയ പുതിയ നൈസാമലിയായിട്ടാണ്. ഓരോ പുതിയ വേഷപ്പകര്‍ച്ചകളിലൂടെയും അയാള്‍ എതിര്‍ക്കാന്‍ ശ്രമിച്ചത് മൊല്ലാക്കയെ ആയിരുന്നു. തൊഴിലാളി ഐക്യത്തിന് വേണ്ടി സമരം ചെയ്തു പോലിസ് മര്‍ദ്ധനമേറ്റ് ഒടുവില്‍ സയ്യദ് മിയാന്‍ ഷെയ്ക്കിന്റെ ഖാസിയായി പരിണമിക്കുന്ന നൈസാമലി, ഖസാക്കില്‍ പ്രബലമായിരുന്ന അന്ധവിശ്വാസങ്ങളെയും പുരാവൃത്തങ്ങളെയും ചൂഷണം ചെയ്തുകൊണ്ട് ഖസാക്കില്‍ സ്വാധീനമുറപ്പിക്കുമ്പോള്‍, അയാള്‍ ആഗ്രഹിച്ചത് പോലെ ഖസാക്കിലെ മൊല്ലാക്കയുടെ ആത്മീയപ്രതിയോഗിയായി അയാള്‍ മാറുകയായിരുന്നു. മൊല്ലാക്കയെന്ന സത്യത്തെ പ്രതിരോധിക്കും വിധം അയാള്‍ ഖസാക്കില്‍ മറ്റൊരു സത്യമായി മാറുന്നു.പിന്നീട് മരണാസന്നനാകുന്ന മൊല്ലാക്കക്ക് മുന്നില്‍ അയാള്‍ വന്നുചേരുന്നുണ്ട്.ഖസാക്കിലെ ഏറ്റവും സങ്കീര്‍ണമായ പാത്രസൃഷ്ടികളില്‍ ഒന്നാണ് നൈസാമലി.
മനുഷ്യജന്മത്തിന്റെ ദൈന്യതയും ദീനതയും അള്ളാപിച്ച മൊല്ലാക്കയെ പോല്‍ വായനക്കാരനെ അനുഭവിപ്പിക്കുന്ന കഥാപാത്രം മലയാള സാഹിത്യത്തില്‍ വിരളമാണ്. പുരോഹിതത്വത്തിന്റെ പ്രാമാണ്യത്തില്‍ നിന്നും ജരവീണ നിസ്സഹായതയിലേക്കും പെറ്റുപെരുകുന്ന കോശങ്ങളേകുന്ന വേദനയുടെ ലോകത്തിലേക്കും ചുരുങ്ങിപ്പോയ മനുഷ്യന്‍. ഷെയ്ക്കിന്റെ പുകള്‍പാടി നടന്നു തീര്‍ത്ത വഴികളില്‍ നിന്നും പഥികന്റെ കാലിലെ വ്രണത്തിന്റെ വേദനയെന്ന വെളിപാടിലേക്കു ഒടുങ്ങിയ പ്രയാണം. പ്രാക്തന സ്മരണകളുടെ നിഴല്‍വീണ ചെതലിയുടെ താഴ്‌വാരങ്ങളില്‍ പണ്ടെങ്ങോ അനാഥനായി അവതരിച്ച അള്ളാ പിച്ച മൊല്ലാക്ക (ഖസാക്കിലെ മൊല്ലാക്കമാരെല്ലാം ഷെയ്ക്കിന്റെ ഇതിഹാസങ്ങള്‍ തലമുറകളിലേക്ക് പകരാന്‍ നിയോഗിക്കപ്പെട്ട അള്ളായുടെ പിച്ചദൈവത്തിന്റെ ദാനംആയിരുന്നു.) സയ്യദ് മിയാന്‍ ഷെയ്ക്കിന്റെ തോറ്റങ്ങള്‍ തലമുറകളിലേക്ക് പകര്‍ന്നു അവരിലുയരുന്ന സന്ദേഹങ്ങളിലൂടെ ജീവിതത്തിന്റെ പൊരുള്‍ തിരഞ്ഞു.ഭൗതികമായ ജീവിതാസക്തികളും ദാര്‍ശനികമായ ഉള്‍ക്കാഴ്ചകളും ഒരുപോലെ ഉള്‍ച്ചേര്‍ന്ന വൈരുധ്യത്തിന്റെ ആള്‍രൂപമായിരുന്നു മൊല്ലാക്ക. പകര്‍ന്നു കൊടുത്ത സ്‌നേഹത്തിനു പകരം ലഭിച്ച നിരാസത്തില്‍, ജീവിതത്തിന്റെ കര്‍മ്മബന്ധങ്ങളെ കുറിച്ചും നിയോഗങ്ങളെ കുറിച്ചും മൊല്ലാക്ക ഗാഢമായി ചിന്തിക്കുന്നു. വിധിവൈപരീത്യത്തില്‍ ഉള്‍പ്പെട്ട് പോയ മനുഷ്യന്‍ വിലപിക്കുന്നുണ്ട്, ഇങ്ങനെ ആയിരുന്നില്ല ഞാന്‍ പ്രതീക്ഷിക്കേണ്ടിയിരുന്നത്.മൈമൂനക്ക് നിക്കാഹ് കഴിക്കാന്‍ നൈസാമാലിയെ തിരികെ വിളിക്കുന്ന കാര്യം ഭാര്യ തിത്തിബിയുമ്മാ പറയുമ്പോള്‍ ‘പലം കെടയാത്, തിത്തിബിയെ !’ എന്ന് മൊല്ലാക്ക മറുപടി പറയുന്നു. ആ പരവശതയുടെ സാന്ദ്രത തിത്തിബിയുമ്മയുടെ ഹൃദയത്തെ മാത്രമായിരുന്നില്ല വായനക്കാരുടെ ഹൃദയങ്ങളെ കൂടിയായിരുന്നു തൊട്ടു വിളിച്ചത്.
തന്റെ ഇഴ പറിഞ്ഞ കുപ്പായത്തിന്റെ മണം ശ്വസിച്ചു കൊണ്ട്, ഇതിഹാസ കഥനത്തിന്റെ പീഠത്തിലിരുന്നു സയ്യദ് മിയാന്‍ ഷെയ്ക്കിന്റെ ഇതിഹാസം തലമുറകളിലേക്ക് പകരുമ്പോള്‍, ഇതിഹാസത്തിനുമപ്പുറം ജീവിതമെന്ന മഹാസത്യത്തിന്റെ ജയപരാജയങ്ങളെ പറ്റി ചിന്തിക്കാനാവാതെ പോയി. ഖസാക്കിലെ ചെതലിയുടെ താഴ്‌വാരങ്ങളില്‍ നിന്നും ആത്മാവിന്റെ വിലാപം പോലെ മൊല്ലാക്കയുടെ പാട്ട് ഇപ്പോഴും മുഴങ്ങുന്നുണ്ട്…
അസ്തിത്വ ദര്‍ശനത്തിന്റെയും കാല്‍പ്പനികതയുടെയും നിരര്‍ത്ഥകതാ ബോധത്തിന്റെയും നിഴല്‍ വീണ ഖസാക്കിന്റെ ഗ്രാമ്യകാഴ്ചകള്‍, അവയൊക്കെ കാലഹരണപ്പെട്ട വര്‍ത്തമാനകാലത്തും എന്തുകൊണ്ട് അനുവാചകന്റെ ഹൃദയത്തെ ഇന്നും സ്പര്‍ശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു…?ഹുവാന്‍ റൂള്‍ഫോയുടെ ‘കൊമാല’ പോലെയോ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ ‘മാക്കോണ്ടോ’ പോലെയോ അലെജാന്‍ഡ്രോ കാര്‍പ്പന്റിയറുടെ ‘സാന്റാമോണിക്ക’ പോലെയോ മിത്തുകളിലൂടെയും പുരാവൃത്തങ്ങളിലൂടെയും തെഴുത്തു രൂപംകൊണ്ട ഒന്നായിരുന്നില്ല ഖസാക്ക്. പാലക്കാടിലെ തസറാക്കെന്ന വിദൂര ഗ്രാമഭൂമിക ഖസാക്കായി മാറിയപ്പോള്‍ അതില്‍ യാതൊരു രൂപഭേദവും വിജയന്‍ ബോധപൂര്‍വ്വം വരുത്തിയിരുന്നില്ല. ഏതൊരു പാലക്കാടന്‍ നാട്ടിന്‍പുറം പോലെയും സാധാരണമായിരുന്ന തസ്രാക്ക് ഖസാക്കായി പരിവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഗ്രാമീണകാഴ്ചകളുടെ വാങ്മയം ധ്യാനാത്മകമായ സൂഷ്മതയോടെ വിജയന്‍ വരച്ചിടുകയാണുണ്ടായത്. ഒരു ഗ്രാമത്തിന്റെ സ്വത്വം പൂര്‍ണമാകുക അവിടുത്തെ പ്രകൃതിയുടെ പ്രത്യേകത കൊണ്ട് മാത്രമല്ല മറിച്ച് പ്രാകൃതമായ ആ പ്രത്യേകതകളില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും സാംസ്‌കാരിക ചിഹ്നങ്ങള്‍ കൂടി കൂടിച്ചേരുമ്പോഴാണ്.
തീവ്രധ്യാനാനന്തര വെളിപാടിന്റെ നിസംഗതയിലെന്ന പോലെ അത്ര അവധാനതയോടെ വരഞ്ഞിട്ട ഖസാക്ക് പരിച്ഛേദങ്ങള്‍ ഖസാക്കില്‍ പ്രബലമായ മിത്തുകള്‍ക്കൊപ്പം അനുവാചക തലമുറകളിലേക്ക് കൈമാറപ്പെടുകയാണുണ്ടായത്. ഒരുപക്ഷെ ആ പുരാവൃത്തങ്ങളെക്കാള്‍ ഖസാക്കിനെ പൂര്‍ണമാക്കുന്ന, ഖസാക്കിന്റെ ചിഹ്നങ്ങളുടെ വിശദമായ ചിത്രീകരണം തന്നെയാണ് വായനക്കാരനെ ഇന്നും ഖസാക്കിനെ പ്രിയപ്പെട്ടതാക്കുന്നത്.
ഇതിഹാസത്തിന്റെ പുകളൊലികള്‍ കനംതൂങ്ങി നില്‍ക്കുന്ന, ഖസാക്കിന്റെ അനന്തമായ കാലം തളംകെട്ടി നില്‍ക്കുന്ന സയ്യദ് മിയാന്‍ ഷെയ്ക്കിന്റെ പൊളിഞ്ഞു വീഴാറായ പള്ളികള്‍, കബന്ധങ്ങള്‍ നീരാടാനെത്തുന്ന അറബിക്കുളം, ഉഷ്ണരോഗം പോലെ പടര്‍ന്നുപിടിച്ച ആസക്തികളാല്‍ വ്യര്‍ത്ഥമായ ജീവിതത്തിലെ വ്യഥയുടെ ലഹരി മോന്താന്‍ രവിയെത്തിപ്പെടുന്ന പുതിയ വഴിയമ്പലമായ ഞാറ്റുപുര, കയ്‌പ്പേറിയ ജീവിതാനുഭവങ്ങള്‍ നിര്‍ത്താതെ ചേര്‍ത്തു തുന്നുന്ന മാധവന്‍ നായരുടെ തയ്യല്‍ പീടിക, ഗ്രാമവാര്‍ത്തകള്‍ ചായക്കും മുറുക്കിനുമൊപ്പം ചേര്‍ത്തു വിളമ്പുന്ന അലിയാരുടെ ചായപ്പീടിക, പൗരുഷത്തിന്റ ഗതകാലം കറുത്ത പരദൂഷണങ്ങളില്‍ ഉഗ്രമായി അടിച്ചമര്‍ത്തി സ്വയം പരിഹാസ്യനാകുന്ന കുപ്പുവച്ചന്റെ കുടിയിരിക്കുന്ന അത്താണിപ്പുറം, ഉറഞ്ഞുതുള്ളി മൂര്‍ദ്ധാവില്‍ ആഞ്ഞുവെട്ടി നല്ലമ്മയുടെ പ്രസാദം കല്പനകളിലൂടെ കൈമാറുന്ന കുട്ടാടന്‍ പൂശാരിയുടെ ദൈവപുര, ഖസാക്കിലെ സ്ത്രീകളുടെ പാതിവ്രത്യം കാത്തുസൂക്ഷിക്കുന്ന പുളിങ്കൊമ്പത്തെ പോതി കുടി കൊള്ളുന്ന പുളിമരം, അങ്ങനെ ഖസാക്കെന്ന ഗ്രാമത്തിന്റെ ചിത്രങ്ങളാണ് പനനൊങ്കിന്റെ ഇനിപ്പാര്‍ന്ന ഭാഷയാല്‍ വിജയന്‍ വരഞ്ഞിട്ടത്. ജീവിതത്തിന്റെ ദാര്‍ശനികമായ വ്യാഖ്യാനമായി ഖസാക്ക് എന്നും നിലനില്‍ക്കും.