Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഗുഡ്‌ഹോപ്പ് മുനമ്പിലേക്ക്…

$
0
0

“ന്യൂയോര്‍ക്കില്‍ നിന്ന് ഞാന്‍ കേപ്ടൗണിലേക്ക് യാത്ര പുറപ്പെട്ടിട്ട് ഏകദേശം പന്ത്രണ്ട് മണിക്കൂറായിരിക്കുന്നു. ഈ സമയമെല്ലാം വിമാനം ആകാശം പോലെ കാണപ്പെട്ട അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ വെള്ളപ്പതപ്പൊട്ടുകള്‍ നീന്തുന്ന ഇരുണ്ട പരപ്പിന് മീതെയായിരുന്നു. ചിറകു മുളച്ച ഒരു തിമിംഗലത്തെപ്പോലെ അത് മൂളിയും ഇരമ്പിയും ഇടയ്‌ക്കൊന്ന് കുലുങ്ങിയും നീലാകാശത്തെ തുരന്നു.

താഴെ ഉരുകിപ്പരന്ന ലോഹം പോലെ അറ്റ്‌ലാന്റിക് സമുദ്രം. അതിനു മീതെ ചീന്തിപ്പോയ മേഘങ്ങളുടെ വെള്ളക്കീറുകള്‍ പാറിക്കിടക്കുന്നു. ആകാശത്തില്‍ നിന്ന് നോക്കുമ്പോള്‍ കടല്‍വിതാനത്തിന്‍മേല്‍ ഓടുന്ന തിരകള്‍ ഉണ്ടാക്കുന്ന പ്രതീതി ഒരു വലിയ ചുളിഞ്ഞ വലയുടേതാണ്. ചിലപ്പോള്‍ വിമാനത്തിന്റെ പക്ഷിവലിപ്പത്തിലുള്ള നിഴല്‍ ആയിരമായിരമടികള്‍ താഴ അതില്‍ പതിഞ്ഞ് ശരവേഗത്തില്‍ പായും. ചിലപ്പോള്‍ അകലെ ആകാശത്തിന്റെ മറുപാതകളിലൊന്നില്‍ മറ്റൊരു വിമാനം വേഗത്തിന്റെ വിശ്വരൂപം കാണിച്ചു തന്നും ആകാശവിജനതയെ നിശബ്ദമായി ഞെട്ടിപ്പിച്ചുകൊണ്ടും പടക്കുതിരയെപ്പോലെ പാഞ്ഞുപോകും.

വിമാനം യാത്രയവസാനിപ്പിക്കേണ്ട ജോഹന്നാസ്ബര്‍ഗ് നഗരത്തിലേക്ക് ഇനി രണ്ടു മണിക്കൂറിലധികം യാത്ര ബാക്കിയുണ്ടാക്കാന്‍ വഴിയില്ല. ആഫ്രിക്ക തൊട്ടടുത്തെത്തിയിട്ടുണ്ട്. വിമാനത്തിനുള്ളിലെ കൃത്രിമ ഇരുട്ടില്‍ സിനിമാകാണികളുടെയും നിദ്രാജീവികളുടെയും വിമാനസ്വപ്‌നജീവികളുടെയും നിഴല്‍ നിരകളുടെ മേല്‍ നിരവധി വെള്ളിത്തിരകള്‍ മിന്നായങ്ങള്‍ പൊഴിയ്ക്കുകയാണ്. ഞാന്‍ ജനാലമൂടി അല്പം ഉയര്‍ത്തി പുറത്തേക്ക് നോക്കി. പുറത്ത് പട്ടാപ്പകല്‍. താഴെ സമുദ്രം അപ്രത്യക്ഷമായിരിക്കുന്നു. വെള്ളമേഘപ്പുകയാണ് ആകാശത്തില്‍. അതിന്റെ പഴുതുകളിലൂടെ ഞാന്‍ കാണുന്നത് മണ്‍നിറത്തിലുള്ള ഒരു ഭൂതലം മെല്ലെ പിന്നോട്ടൊഴുകുന്നതാണ്. ഒരു മഹാസമതലമാണ് താഴെ. അതിലവിടവിടെ നരച്ച പച്ചക്കുത്തുകള്‍. ഇടയ്ക്ക് ചില നീണ്ട പാതകളുടെ നേര്‍വരകള്‍ പ്രത്യക്ഷപ്പെട്ട് മറയുന്നു. ഞാന്‍ ആഫ്രിക്കന്‍ വന്‍കരയുടെ മീതെ കടന്നുകഴിഞ്ഞു…”

ലോകചരിത്രത്തിലെ രണ്ടു കാലങ്ങളെ അടയാളപ്പെടുത്തുന്ന ആഫ്രിക്കന്‍ നാമങ്ങളാണ് ഗുഡ്‌ഹോപ്പ് മുനമ്പും ഉംതാത്തയും. പാശ്ചാത്യര്‍ വര്‍ഷങ്ങളായി തേടിക്കൊണ്ടിരുന്ന ഇന്ത്യയിലേക്കുള്ള സമുദ്രപാത വാഗ്ദാനം ചെയ്തത് ഗുഡ്‌ഹോപ്പ് മുനമ്പായിരുന്നെങ്കില്‍ ഉംതാത്ത കറുത്തവന്റെ എക്കാലത്തെയും പോരാട്ടങ്ങളുടെ പ്രതീകമായ നെല്‍സണ്‍ മണ്ടേലയുടെ ജന്മഗ്രാമമാണ്. ഈ രണ്ടു സ്ഥലരാശികള്‍ക്കിടയിലെ ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവും തേടിയുള്ള സക്കറിയയുടെ സഞ്ചാരമാണ് ഒരു ആഫ്രിക്കന്‍ യാത്രയില്‍ ഉള്ളത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി ഒരു ആഫ്രിക്കന്‍ യാത്ര എന്ന പുസ്തകത്തില്‍ നിന്നും തെരഞ്ഞെടുത്ത യാത്രാനുഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കൃതിയുടെ അഞ്ചാം പതിപ്പാണ് ഇപ്പോള്‍ വില്പനക്കുള്ളത്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>