മലയാള ചെറുകഥാസാഹിത്യത്തില്‍ നക്ഷത്രദീപ്തി പോല തെളിഞ്ഞുനില്‍ക്കുന്ന രചനകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് പി.കെ പാറക്കടവ്. ഭാഷയ്ക്കപ്പുറം ഭാഷ നിര്‍മ്മിക്കുന്നതാണ് പി.കെ പാറക്കടവിന്റെ കല. ഭാഷയുടെ നിയമത്തിനോ നീതിക്കോ കോട്ടം വരുത്താതെ വേറൊരു ലോകത്തിന്റെ ഭാഷയാണ് തിരഞ്ഞെടുത്ത കഥകള്‍ എന്ന മിനിക്കഥാസമാഹാരത്തിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്.
“തന്റെ കഥകളിലുടനീളം ധ്വനികൊണ്ട് ക്രമാതീതമായ ഒരു ലോകം സൃഷ്ടിക്കുകയാണ് പാറക്കടവ്. പ്രതീകങ്ങളെ അണിനിരത്തിയും ചേര്‍ത്തുവെച്ചും വിഗ്രഹഭഞ്ജകനെപ്പോലെ അവ തല്ലിയുടച്ചും കഥാകൃത്ത് വസ്തുക്കളെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മറിച്ച് കഥ പറഞ്ഞിട്ടേയില്ല. മനസ്സിനെ ഭാഷയുടെ താളത്തിനൊത്ത് നടത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇവിടെ നാം കാണുന്ന മികവുകള്‍. കണ്ണിന്റെ കാഴ്ചപ്പാടില്‍നിന്നും പ്രകാശവര്‍ഷങ്ങളോളം പോന്ന ദൂരത്തേക്കാണ് ഈ കൊച്ചുകഥകള്‍ ഊളിയിട്ടുവരുന്നത്. അവിടെ മനസ്സും ഭാഷയും ഒരുമിച്ച് ലയിക്കുന്നു.
പാറക്കടവിന്റെ കഥകളില്‍ ഭാരത്തെ ലഘൂകരിക്കുന്നതിനും പഞ്ചേന്ദ്രിയങ്ങള്‍ക്കും ദൂരത്തിനും അപ്പുറം എത്തിപ്പിടിക്കാന്‍ കഴിയുന്നതുമായ എന്തോ ഒന്ന് ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ കഥകളില്‍ ഭാവം, സൂചന, ഭാഷാരഹിതമായ നിലവിളി എന്നിവയാല്‍ വലിയ അനുഭവലോകത്തെ ചെറിയ അനുഭൂതിമണ്ഡലമാക്കി മാറ്റിയെടുക്കുകയാണുണ്ടായത്. കമ്പ്യൂട്ടറിന്റെ ഫ്‌ളോപ്പി ഡിസ്‌കില്‍ വന്‍ വ്യവസായശാലയുടെ ദശാബ്ദങ്ങളായുള്ള കണക്കുകള്‍ മുഴുവന്‍ ഫീഡു ചെയ്തുവെച്ചപോലെ.” കൃതിയുടെ ആമുഖത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഇപ്രകാരം കുറിയ്ക്കുന്നു.
പി.കെ.പാറക്കടവിന്റെ കഥാപ്രപഞ്ചത്തില്‍നിന്ന് തിരഞ്ഞെടുത്ത മികച്ച കഥകളുടെ സമാഹാരമാണ് ഈ കൃതി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന തിരഞ്ഞെടുത്ത കഥകളുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.