ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രനേട്ടമായി മനുഷ്യചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത് വസൂരി എന്ന മാരകരോഗത്തിന്റെ ഭൂമിയില്‍നിന്നുള്ള ഉന്മൂലനമാണ്. ഇതേ കാലഘട്ടത്തില്‍തന്നെ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പുതിയ വൈറസുകളെ കണ്ടെത്തുകയും അവ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒപ്പം മുന്‍പ് നിയന്ത്രിക്കപ്പെട്ട പല രോഗാണുക്കളും തിരിച്ചുവരികയും മനുഷ്യരാശിക്ക് ഭീഷണിയാവുകയും ചെയ്യുന്നുണ്ട്. ഇവയില്‍ മിക്കതും വൈറസ് മൂലമുള്ള രോഗങ്ങളാണ്- ഉദാഹരണമായി നിപാ-എബോള തുടങ്ങിയവ.
ശാസ്ത്രം പുരോഗമിക്കുന്തോറും വിദ്യാഭ്യാസമുണ്ടെന്നഭിമാനിക്കുന്ന ജനങ്ങളില്‍ പലര്‍ക്കും ഇങ്ങനെ രോഗാണുക്കളെക്കുറിച്ചോ, രോഗങ്ങളെക്കുറിച്ചോ അവയുടെ പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ചോ അവയുടെ പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ചോ ശരിയായ വിവരങ്ങള്‍ ലഭ്യമല്ല.അതിനാല്‍ ഇവ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ശ്രമങ്ങള്‍ വിരളമായതിനാല്‍ സമൂഹത്തില്‍ വേണ്ടത്ര ശാസ്ത്രീയ അവബോധം ഇത്തരം രോഗങ്ങളെക്കുറിച്ച് ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു കാല്‍ നൂറ്റാണ്ടിന്റെ മെഡിക്കല്‍ കോളെജിലെ അധ്യാപകഗവേഷണത്തിന്റെയും അക്കാദമിക് അനുഭവങ്ങളുടെയും വെളിച്ചത്തില്‍ രോഗാണുവിന്റെ ചരിത്രവും മനുഷ്യനിലേക്കുള്ള വ്യാപനത്തെയും നിയന്ത്രണത്തെയും കുറിച്ച് മികച്ച ആധികാരിക റഫറന്‍സ് ഗ്രന്ഥങ്ങളുടെ സഹായത്തോടെ പൊതുജനാരോഗ്യ വിദഗ്ധനും കോഴിക്കോട് മെഡിക്കല്‍ കോളെജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറുമായ ഡോ.ടി.ജയകൃഷ്ണന്‍ നിപയും മറ്റ് പകര്‍ച്ചവ്യാധികളും എന്ന പുസ്തകം രചിച്ചിരിക്കുന്നത്.
വൈറസിന്റെ ചരിത്രവും മനുഷ്യനിലേക്കുള്ള വ്യാപനവും അതിന്റെ നിയന്ത്രണത്തെയും സംബന്ധിച്ച് രചിച്ച മലയാളത്തിലെ ആധികാരിക പുസ്തകമാണിത്. നിപയടക്കം പൊതുജനാരോഗ്യപ്രശ്‌നങ്ങളായിട്ടുള്ള നിരവധി വൈറസ് രോഗങ്ങളെപ്പറ്റിയുള്ള ആധികാരിക വിവരങ്ങള്‍ നല്‍കുന്ന ഈ കൃതി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സാമാന്യ ജനങ്ങള്‍ക്കും ഒരുപോലെ സഹായകമായിരിക്കും. ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന നിപയും മറ്റ് പകര്‍ച്ചവ്യാധികളും എന്ന കൃതി വായനക്കാര്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്.