നമ്മുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും ഇപ്പോള്‍ ധന്യമാക്കുന്നത് രാമനാമകീര്‍ത്തനങ്ങളാണ്. എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് രാമായണശീലുകളാണ്. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിലെ കഥകള്‍ മുതിര്‍ന്നവര്‍ക്കെന്നപോലെ കുട്ടികള്‍ക്കും പ്രിയപ്പെട്ടവയാണ്. തലമുറകള്‍ പിന്നിട്ടാലും എക്കാലവും നിലനില്‍ക്കുന്നവയുമാണ് രാമായണത്തിലെ കഥാലോകം. അതിനാല്‍ തന്നെ രാമായണ കഥകള്‍ക്ക് എക്കാലത്തും ആരാധകരുണ്ട്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടും മറ്റും മുതിര്‍ന്നവര്‍ ഹൃദയത്തിലേറ്റുമ്പോള്‍ മാലി രാമായണമാണ് കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്.
കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്ന ‘മാലി‘ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന വി മാധവന്‍ നായര്‍ കുട്ടികള്‍ക്കായി രചിച്ച രാമായണ കഥയാണ് മാലി രാമായണം. വാല്മീകി രചിച്ച രമായണത്തിന്റെ കഥാമാധുരി അതേ മധുരവും രസവും നിലനിര്‍ത്തി കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്തിരിക്കുകയാണ് ഇതില്‍. രാമായണ കഥാസാഗരം ആസ്വദിക്കുന്നതില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുന്നത് അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്. ഇതിന് പരിഹാരമായി കുട്ടികള്‍ക്ക് വായനയ്ക്ക് ആയാസകരമല്ലാത്ത തരത്തില്‍ ലളിത മലയാളത്തില്‍ ഗദ്യരൂപത്തിലാണ് പുസ്തകത്തില്‍ രാമകഥ വിവരിച്ചിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മാലി രാമായണത്തിന്റെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.