തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം.ബഷീര്‍ (35) ആണ് മരിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ്‌സ്റ്റേഷന് സമീപമായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് നിഗമനം.
ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തുമാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. അപകടസമയത്ത് കാറോടിച്ചിരുന്നത് ആരെന്നതില്‍ സ്ഥിരീകരണമായിട്ടില്ല. വഫ ഫിറോസ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. വഫയാണ് കാറോടിച്ചിരുന്നതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, ഒരു പുരുഷനാണ് വണ്ടിയോടിച്ചിരുന്നതെന്നും കാര്‍ അമിതവേഗതയിലായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. ഇത് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇടതുകൈക്ക് പരുക്കേറ്റ ശ്രീറാമിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
മലപ്പുറം തിരൂരില്‍ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച കെ.എം ബഷീര്‍ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായും തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജസീല, മക്കള്‍: ജന്ന, അസ്മി.
കെ.എം.ബഷീറിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.